സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല, പിണറായി നല്ല മുഖ്യമന്ത്രി തന്നെയെന്ന് യെച്ചൂരി
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കെ സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തമിഴ്‌നാട്ടില്‍ നടന്ന ഒരു പരിപാടിയ്ക്കിടെ സ്റ്റാലിന്‍ ബി ജെ പി ഇതര സംസ്ഥാനങ്ങളിലെ മികച്ച മുഖ്യമന്ത്രിയാണെന്ന് സീതാറാം യെച്ചൂരി പറഞ്ഞെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ സി പി ഐ എം മുഖ്യമന്ത്രിയായ പിണറായി വിജയനെ പരോക്ഷമായി സീതാറാം യെച്ചൂരി തള്ളിപ്പറഞ്ഞ് എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സീതാറാം യെച്ചൂരി തന്നെ രംഗത്തെത്തിയത്. സ്റ്റാലിന്‍ മികച്ച മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടില്ല. പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയായത് കൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതെന്നും സീതാറാം യെച്ചൂരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന വിശാലമായ മതേതര കൂട്ടായ്മയില്‍ കോണ്‍ഗ്രസും ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തില്‍ സി പി ഐ എമ്മിന് നയവ്യതിയാനം ഉണ്ടെന്ന് കരുതുന്നില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സംഘടനാ തലത്തിലും പാര്‍മെന്ററി തലത്തിലും പ്രായപരിധി സംബന്ധിച്ചും സ്ത്രീ സംവരണത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
പാര്‍ട്ടി സമിതികളില്‍ സ്ത്രീ പ്രാതിനിധ്യം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. സമിതികളില്‍ 20 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണമെന്നാണ് പാര്‍ട്ടിയുടെ ആലോചന. സി പി ഐ എം പോളിറ്റ് ബ്യൂറോയില്‍ ദളിത് പ്രാതിനിധ്യമില്ല എന്നത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതി പാര്‍ട്ടി ചര്‍ച്ചചെയ്യും. പദ്ധതി ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. എത്ര ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക എന്നതിലടക്കം വ്യക്തത ആയിട്ടില്ല. അതിന്മേലുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളാണെന്നും യെച്ചൂരി പറഞ്ഞു.
തെരഞ്ഞടുപ്പ് ഫലം മാത്രം നോക്കിയല്ല ജയം വിലയിരുത്തേണ്ടതെന്നും വലിയ ബഹുജന സമരങ്ങള്‍ക്ക് ഇന്ന് പാര്‍ട്ടി രാജ്യത്ത് നേതൃത്വം നല്‍കുന്നുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയില്‍ പിണറായി വിജയന് പ്രായ ഇളവു നല്‍കും. മുതിര്‍ന്ന നേതാക്കള്‍ക്ക് പ്രായ പരിധിയില്‍ ഇളവ് അനുവദിക്കുന്നതില്‍ അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും യെച്ചൂരി അറിയിച്ചു.












Click it and Unblock the Notifications