പാലായില്‍ സിപിഎമ്മിന് പോലും വിജയ പ്രതീക്ഷയില്ല? നാലിടത്ത് കേരള കോണ്‍ഗ്രസ് തീപാറും പോരാട്ടം
തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ നടക്കുന്ന വലിയ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ഒന്നാണ് പാലായിലേത്. ജോസ് കെ മാണി എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നു എന്നത് മാത്രമല്ല, എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ആയിരുന്ന മാണി സി കാപ്പന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത്, ജോസ് കെ മാണിയുടെ വരവോടെ എല്‍ഡിഎഫ് വലിയ നോട്ടമുണ്ടാക്കിയിരുന്നു. പാലാ നഗരസഭാ ഭരണം പിടിക്കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് സിപിഎം ഉറപ്പിക്കുന്നില്ല എന്നാണ് വിവരം. ശക്തമായ പോരാട്ടം നടന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് പാലാ വരുന്നത്. കേരള കോണ്‍ഗ്രസുകള്‍ മത്സരിക്കുന്ന നാലിടത്ത് ഇതാണ് സ്ഥിതി. പരിശോധിക്കാം...
കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

പാലായിലെ പോരാട്ടം
ജോസ് കെ മാണിയാണ് പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പാലാ സീറ്റിന്റെ പേരില്‍ എന്‍സിപിയും എല്‍ഡിഎഫും വിട്ട മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും. കെഎം മാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി മണ്ഡലം പിടിച്ച ആളാണ് മാണി സി കാപ്പന്‍.

നേരിയ ഭൂരിപക്ഷം
കേരള കോണ്‍ഗ്രസില്‍ കടുത്ത വിഭാഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കവേ ആയിരുന്നു 2019 ലെ ഉപതിരഞ്ഞെടുപ്പ്. അന്ന് പാര്‍ട്ടി ചിഹ്നത്തിലും അല്ല കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിച്ചത്. ഒടുവില്‍ ഫലം വന്നപ്പോള്‍ 2,943 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാണി സി കാപ്പന്‍ വിജയിക്കുകയായിരുന്നു.

ഉറപ്പിക്കേണ്ട വിജയം
എല്‍ഡിഎഫിന് കൃത്യമായ വോട്ട് ബാങ്കുള്ള സ്ഥലമാണ് പാലാ. അതിനൊപ്പം ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ കൂടി വരുമ്പോള്‍, സാധാരണ ഗതിയില്‍ വിജയം ഉറപ്പിക്കേണ്ടതാണ്. എന്നാല്‍ പാലായിലെ സ്ഥിതി അങ്ങനെയല്ലെന്ന വിലയിരുത്തലില്‍ ആണ് സിപിഎം.

പ്രാദേശിക പ്രശ്‌നങ്ങള്‍
മുന്നണിയുടെ ഭാഗമായെങ്കിലും കേരള കോണ്‍ഗ്രസ് എമ്മുമായി സിപിഎം പ്രാദേശിക നേതൃത്വം അത്ര സുഖത്തിലല്ല എന്നത് തന്നെയാണ് കാരണം. തിരഞ്ഞെടുപ്പിന് മുമ്പ് നഗരസഭ യോഗത്തില്‍ നടന്ന കൈയ്യാങ്കളി ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. അതെല്ലാം വോട്ടെടുപ്പില്‍ ബാധിച്ചിട്ടുണ്ടാകുമോ എന്ന ആശങ്കയും ഉണ്ട്.

വോട്ടുകണക്കുകള്‍
ഓരോ ബൂത്തില്‍ നിന്നുമുള്ള വോട്ട് കണക്കുകള്‍ പരിശോധിച്ചതിന് ശേഷം ആണ് പാലായെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലത്തിന്റെ പട്ടികയില്‍ സിപിഎം പെടുത്തിയിരിക്കുന്നത്. ഷുവര്‍ വോട്ടുകള്‍ മാത്രമാണ് ഈ കണക്കില്‍ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ജോസ് കെ മാണിയ്ക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നാണ് വിവരം.

കാപ്പന്റെ ബലം
മണ്ഡലത്തിലെ വ്യക്തിബന്ധങ്ങളിലാണ് മാണി സി കാപ്പന്റെ വിശ്വാസം. അതിനൊപ്പം രണ്ട് വര്‍ഷത്തോളം എംഎല്‍എ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനവും. യുഡിഎഫിന്റെ പിന്തുണ കൂടി ആകുമ്പോള്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിക്കാമെന്നും മാണി സി കാപ്പന്‍ പ്രതീക്ഷിക്കുന്നു.

ഇടുക്കിയില്‍
സിറ്റിങ് എംഎല്‍എ ആയ റോഷി അഗസ്റ്റിന്‍ മത്സരിക്കുന്ന ഇടുക്കി സീറ്റും ഇത്തവണ സിപിഎമ്മിന്റെ ഷുവര്‍ ലിസ്റ്റില്‍ ഇല്ല. എല്‍ഡിഎഫിന്റെ ഭാഗമായി കഴിഞ്ഞ തവണ മത്സരിച്ച ഫ്രാന്‍സിസ് ജോര്‍ജ്ജ് ആണ് ഇത്തവണ ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരം നടക്കുന്ന മണ്ഡലം ആയിട്ടാണ് ഇടുക്കിയേയും സിപിഎം വിലയിരുത്തുന്നത്.

ചങ്ങനാശേരിയില്‍
നാല് പതിറ്റാണ്ടി സിഎഫ് തോമസ് മാത്രം വിജയിച്ചുവന്ന ചങ്ങനാശ്ശേരിയില്‍ ആര് എന്നതും ചോദ്യമാണ്. സിഎഫ് തോമസിന്റെ മരണശേഷം മണ്ഡലത്തില്‍ എംഎല്‍എ ഉണ്ടായിരുന്നില്ല. ജോസ് - ജോസഫ് വിഭാഗങ്ങളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണിവിടെ. ജോബ് മൈക്കിള്‍ ആണ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥി. വിജെ ലാലി ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയും. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിലാണ് ചങ്ങനാശേരിയും ഇടം നേടുന്നത്.

കടുത്തുരുത്തി
കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രമായ കടുത്തുരുത്തിയിലും ഇത്തവണ ജോസ് -ജോസഫ് വിഭാഗങ്ങളുടെ പോരാട്ടമാണ്. കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മോന്‍സ് ജോസഫ് ആണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്തി. സ്റ്റീഫന്‍ ജോര്‍ജ്ജിനെ ആണ് മണ്ഡലം പിടിച്ചെടുക്കാന്‍ ജോസ് കെ മാണി നിയോഗിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ കണക്കില്‍ ഇവിടേയും അതി ശക്തമായ മത്സരം ആണ് നടന്നിരിക്കുന്നത്.

കോട്ടയത്തെ പ്രതീക്ഷ
കോട്ടയത്തെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത് രണ്ടിടത്ത് മാത്രമാണ്. ജോസ് കെ മാണിയുടെ വരവോട് സീറ്റുകളുടെ എണ്ണം കൂട്ടാമെന്ന പ്രതീക്ഷയിലായിരുന്നു എല്‍ഡിഎഫ്. ജോസ് കെ മാണി ഇഫക്ട് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇനി മെയ് രണ്ടാം തീയ്യതി വരെ കാത്തിരുന്നാല്‍ മതി.












Click it and Unblock the Notifications