ഒരു ജനത അവരുടെ മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല: വി ശിവദാസന്‍ എംപി
തിരുവനന്തപുരം: സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടേതായ സാംസ്കാരിക തനിമകളോടെയും ജീവിച്ചിരുന്ന ദ്വീപ് സമൂഹങ്ങളിലെ ജനതയ്ക്കു മേൽ ഒരു തടവറ തീർക്കുകയാണ് കേന്ദ്ര ഭരണകൂടം ഇപ്പോഴെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായി ഡോ. വി ശിവദാസന്‍. ഈ സാഹചര്യത്തില്‍ എല്ലാ ജനാധിപത്യ വിശ്വാസികളും ലക്ഷദ്വീപിന് വേണ്ടി അണിനിരക്കണം. ആ നാട്ടിലെ ജനത അവരുടെ മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല. ദ്വീപിലെ മനുഷ്യരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും കേൾക്കാത്ത ഒരു പരിഷ്കാരവും നടപ്പിലാക്കപ്പെടരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഭരണഘടന അട്ടിമറിച്ച് ജമ്മു & കാഷ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ പ്രതിപക്ഷ പാർട്ടികളിൽ പെടുന്നവരുൾപ്പടെ പലരും സ്വാഗതം ചെയ്തതിനെ കുറിച്ച് ജമ്മു കാഷ്മീരിലെ കമ്യൂണിസ്റ്റ് പോരാളി സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞൊരു കാര്യമുണ്ട്.
" അവരുടെ ഒരേയൊരു ടാർഗറ്റ് അല്ല കാഷ്മീർ. ഫെഡറൽ സംവിധാനത്തിനും നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപത്തിന് തന്നെയും മേലുള്ള ആക്രമണമാണിത്. ഒട്ടും വൈകാതെ തന്നെ അവർ മറ്റുള്ളവരിലേക്കെത്തും. ഇന്ന് ചാഞ്ചാടിക്കൊണ്ടിരിക്കുന്നവർ ഇനിയും ഒരുപാട് വൈകാൻ കാത്തിരിക്കാതെ ഉണർന്നെഴുന്നേൽക്കണം. നമുക്കെല്ലാവർക്കുമുള്ളൊരു ഉണർത്തുവിളിയാണ് കാഷ്മീർ "

തരിഗാമിയും ഇടതുപക്ഷവും പറഞ്ഞതാണ് പിന്നീട് അച്ചട്ട് സംഭവിച്ചത്. ജനാധിപത്യ - മതനിരപേക്ഷ റിപ്പബ്ലിക് എന്ന നിലയിലുള്ള ഇന്ത്യയുടെ നിലനിൽപ്പിൻ്റെ നാഡീബന്ധങ്ങൾ ഓരോന്നോരോന്നായി തകർത്തെറിയപ്പെടുന്നതിന് നമ്മൾ സാക്ഷികളായി. പൗരത്വ പട്ടികയിലൂടെ ആസാമിലെ ലക്ഷക്കണക്കിന് ജനങ്ങളെ തടവുകാരാക്കാൻ തുടങ്ങി, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു, ഡൽഹിയുടെ അധികാരങ്ങളെല്ലാം എടുത്തു മാറ്റി..
ഒടുവിലവർ എത്തി നിൽക്കുന്നത് ലക്ഷദ്വീപിലാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും തങ്ങളുടേതായ സാംസ്കാരിക തനിമകളോടെയും ജീവിച്ചിരുന്ന ദ്വീപ് സമൂഹങ്ങളിലെ ജനതയ്ക്കു മേൽ ഒരു തടവറ തീർക്കുകയാണ് കേന്ദ്ര ഭരണകൂടം ഇപ്പോൾ.
ലോകം മുഴുവൻ മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയ കാലത്ത് മോദി സർക്കാർ എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യത്തിൻ്റെ ഉത്തരമാണ് ലക്ഷദ്വീപ്. ഇന്ത്യയെ ഇന്ത്യയാക്കി നിലനിർത്തുന്ന ഓരോ സവിശേഷതകൾക്കുമെതിരായ കോപത്തിന് മൂർച്ച കൂട്ടുകയായിരുന്നു അപ്പോഴും അവർ. കോവിഡ് മഹാമാരിയിൽ മാത്രമല്ല വെറുപ്പിൻ്റെ മഹാമാരിയിലും പെട്ട് ഇന്ത്യ മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് നമ്മൾ കാണുന്നു.
2020 ഡിസംബറിൽ പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഗുജറാത്തിലെ ബിജെപി നേതാവായ പ്രഫുൽ പട്ടേൽ നിയമിക്കപ്പെടുന്നത്. അഞ്ച് മാസങ്ങൾക്കകം തന്നെ ദ്വീപിലെ സ്വൈര്യ ജീവിതത്തിൻ്റെ വെളിച്ചം അയാൾ കെടുത്തി. ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തി വിദ്യാഭ്യാസവും ആരോഗ്യവും കൃഷിയും മത്സ്യ ബന്ധനവും തുടങ്ങിയ സുപ്രധാന മേഖലകളെല്ലാം അഡ്മിനിട്രേറ്ററുടെ കീഴിലാക്കി, കരിനിയമങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചു, സർവീസിൽ നിന്നും ദ്വീപ് നിവാസികളെ കൂട്ടമായി പിരിച്ചുവിട്ടു, വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽ നിന്നും മാംസാഹാരം ഒഴിവാക്കി, ബീഫ് നിരോധനം നടപ്പിലാക്കി, ദ്വീപിൻ്റെ ഭരണ രംഗത്ത് ദ്വീപ് നിവാസികൾ തീരെ ഇല്ലാത്ത വിധം അവരെ തുടച്ചു മാറ്റാൻ ആരംഭിച്ചു, ദ്വീപിൽ ഉണ്ടായിരുന്ന മദ്യനിരോധനം ഒഴിവാക്കി, ജനാധിപത്യ സമരങ്ങളുടെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു..
ലക്ഷദ്വീപിൻ്റെ സാംസ്കാരികവും സാമ്പത്തികവും ജനാധിപത്യപരവുമായ ജീവിതക്രമങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അതിവേഗം കാഷ്മീരിനെ ഒരു വലിയ ജയിലാക്കി മാറ്റുകയാണ് ബിജെപിയുടെ അപര വിദ്വേഷത്തിൻ്റെ കൊടി പിടിക്കുന്ന അഡ്മിനിസ്ട്രേറ്റർ. ലക്ഷദ്വീപിൻ്റെ പ്രശ്നം നമ്മൾ ഓരോരുത്തരുടെയും പ്രശ്നമായി തന്നെ ഏറ്റെടുക്കപ്പെടേണ്ടതുണ്ട്. കാഷ്മീർ ആക്രമിക്കപ്പെടുമ്പോഴും, NRC യും CAA യും നടപ്പിലാക്കപ്പെടുമ്പോഴും, ഡൽഹിയുടെ അധികാരങ്ങൾ കവർന്നെടുക്കപ്പെടുമ്പോഴും, മതവിദ്വേഷത്തിൻ്റെ യുക്തികൾ ഭരണകൂടത്തിൻ്റെ ആശിർവാദത്തോടെ തെരുവിൽ അലറുമ്പോഴും, ലക്ഷദ്വീപിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കുമ്പോഴും ദുർബലപ്പെടുന്നത് ഈ രാജ്യം ഒന്നാകെയാണ്.
ലക്ഷദ്വീപിനു വേണ്ടി സാധ്യമാകുന്ന എല്ലാ ഇടപെടലും നടത്തും. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് സഖാവ് എളമരം കരീം എം പി പ്രസിഡൻ്റിന് കത്തയച്ചിരുന്നു. വിഷയം വീണ്ടും പ്രസിഡൻ്റിൻ്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ ഇടപെടും. കേരളവുമായി നില നിൽക്കുന്ന ബന്ധവും തകർക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. കേരള സർക്കാരുമായി ആലോചിച്ച് വിഷയത്തിൽ ഇടപെടാനും ശ്രമിക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളോടും ലക്ഷദ്വീപിലെ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ അഭ്യർത്ഥിക്കും.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
എല്ലാ ജനാധിപത്യ വിശ്വാസികളും ലക്ഷദ്വീപിന് വേണ്ടി അണിനിരക്കണം. ആ നാട്ടിലെ ജനത അവരുടെ മണ്ണിൽ രണ്ടാം തരം പൗരന്മാരായി മാറുന്നത് അംഗീകരിക്കാനാകില്ല. ദ്വീപിലെ മനുഷ്യരുടെ താൽപര്യങ്ങളും അഭിപ്രായങ്ങളും കേൾക്കാത്ത ഒരു പരിഷ്കാരവും നടപ്പിലാക്കപ്പെടരുത്. അതുറപ്പാക്കേണ്ടത് ഇന്ത്യയെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്. അധിനിവേശത്തിൻ്റെ യുക്തികൾക്ക് നമ്മൾ കീഴടങ്ങരുത്.
ലക്ഷദ്വീപിലെ സഹോദരർക്ക് ഐക്യദാർഢ്യം.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications