സ്വകാര്യ ലാബില്‍ ആർടിപിസിആർ ടെസ്റ്റിന് എങ്ങനെ 1700 രൂപ വന്നു: സത്യാവസ്ഥ ഇതാണ്
കോഴിക്കോട്: കേരളത്തിലെ സ്വകാര്യലാബുകളിലെ ആർ ടി പി സി ആർ ടെസ്റ്റിൻ്റെ ചാർജിനെ കുറിച്ചുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍. സർക്കാർ ആശുപത്രികളിൽ ആർ ടി പി സി ആർടെസ്റ്റ് ഫ്രീയാണെന്നും സ്വകാര്യ ലാബുകളിൽ നേരത്തെയുണ്ടായിരുന്ന 4500 രൂപ ചാർജ് സംസ്ഥാന സർക്കാർ ഇടപെട്ട് കുറച്ച് 1500 രൂപയാക്കിയിരുന്നു. എന്നാല്‍ ലാബുകളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപ്പെട്ടാണ് 1700 രൂപയാക്കിയതെന്നതാണ് വസ്തുതയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
കേരളത്തിലെ സ്വകാര്യലാബുകളിലെ ആർ ടി പി സി ആർ ടെസ്റ്റിൻ്റെ ചാർജിനെ കുറിച്ചാണ് ചാനൽ ചർച്ചകളിലും സാമൂഹ്യ മാധ്യമങ്ങളിലും കഴിഞ്ഞ കുറെ ദിവസങ്ങളിലായി ബിജെപി നേതാക്കൾ ബഹളം വെച്ചു കൊണ്ടിരിക്കുന്നത്. പല തവണ വിശദീകരിച്ച് മറുപടി നൽകിയതാണെങ്കിലും തങ്ങളുടെ ക്രൂരമായ വാക്സിൻ നയത്തെ ന്യായീകരിക്കാനായി അവരത് ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്.
വളരെ ബുദ്ധിപൂർവ്വം വസ്തുതകളെ സംബന്ധിച്ച അജ്ഞത സൃഷ്ടിച്ച് തങ്ങളുടെ എതിരാളികളെ ആക്ഷേപിക്കുന്ന സത്യാനന്തരകാല അഭ്യാസമാണ് സംഘികളുടെ ഇത്തരം വേലകൾ.

എന്താണ് യാഥാർത്ഥ്യം?
1700 രൂപ ടെസ്റ്റ്ഫീയായി വാങ്ങിക്കുന്നത് കേരളത്തിലെ സ്വകാര്യ ലാബുകളിലാണ്.. സർക്കാർ ആശുപത്രികളിൽ ഒരു നയാ പൈസയും വാങ്ങിക്കാതെ ഈ ടെസ്റ്റ് സൗജന്യമായിട്ടാണ് ചെയതു കൊടുക്കുന്നത്. ഇനിഎങ്ങിനെയാണ് സ്വകാര്യ ലാബുകളിൽ ടെസ്റ്റ് ഫീസ് 1700 രൂപയായി നിജപ്പെടുത്തേണ്ടി വന്നത്? കോവിഡിൻ്റെ പ്രാരംഭ ഘട്ടത്തിൽ സ്വകാര്യ ലാബുകളിൽ 4500 രൂപയായിരുന്നു പരിശോധനാചാർജ് എന്ന കാര്യം സംഘികൾ എന്തേ ഓർക്കാത്തത്. സർക്കാർ ഇടപെട്ടത് 4 ഘട്ടങ്ങളിലായി കുറപ്പിച്ചു. 1500 ആക്കി കുറച്ചതോടെ സ്വകാര്യ ലാബുകാർ കോടതിയെ സമീപിച്ചു .ഈ തുകക്ക് സ്വാബ് എടുക്കൽ, പരിശോധനയുടെ മറ്റ് ചെലവുകൾ, ഡാറ്റ എൻട്രി നടത്തലുൾപ്പെടെയുള്ള ചെലവുകൾ വഹിക്കാനാവില്ലെന്ന് പറഞ്ഞു കൊണ്ടാണവർ കോടതിയെ സമീപിച്ചത്.
2021 ജനുവരിയിൽ കോടതി ഹരജി സ്വീകരിച്ച് പരിശോധനാചാർജിൽ മാറ്റം വരുത്തി കൊടുക്കാൻ സർക്കാറിനോട് നിർദ്ദേശിച്ചു. അങ്ങനെയാണ് സ്വകാര്യ ലാബുകളിൽ1700 രൂപയാവുന്നത്. അതായത് കോടതി നടപടിയുടെ പശ്ചാത്തലത്തിലാണ് 200 രൂപ കൂടി 1700 രൂപയാക്കിയത്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ RTPCRടെസ്റ്റ് ഫ്രീയാണെന്നും സ്വകാര്യ ലാബുകളിൽ നേരത്തെയുണ്ടായിരുന്ന 4500 രൂപ ചാർജ് സംസ്ഥാന സർക്കാർ ഇടപെട്ട് കുറച്ച് 1500 രൂപയാക്കിയിരുന്നുവെന്നും അതെതുടർന്നു ഹൈക്കോടതി ഇടപ്പെട്ടാണ് 1700 രൂപയാക്കിയതെന്നുമുള്ളതാണ് നേരായ വസ്തുത.
(സംഘികളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയം അവരുടെ പോസ്റ്റുകൾ പങ്കിട്ട് അർമാദിക്കുന്ന കോൺഗ്രസ് ലീഗ് സുഹൃത്തുക്കൾക്കായി....)












Click it and Unblock the Notifications