ചിരിപ്പിച്ച് ഹലാക്കിലാക്കല്ലേ എന്ന് ജോണ്‍ ബ്രിട്ടാസ്; മുസ്ലിം ലീഗ് നേതാക്കള്‍ അന്ന് മുങ്ങിയത് എന്തിന്?
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിടുന്നതിന് ഇടനിലക്കാരനായി ജോണ്‍ ബ്രിട്ടാസ് എംപി പ്രവര്‍ത്തിച്ചു എന്ന കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി ബ്രിട്ടാസ്. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ബ്രിട്ടാസിന്റെ മറുപടി. മാത്രമല്ല, കഴിഞ്ഞകാലങ്ങളില്‍ ഇരുപാര്‍ട്ടികളും നടത്തിയ ചില കാര്യങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് കിട്ടാനുള്ള തുകയ്ക്ക് വേണ്ടിയാണ് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ടത്. ഇനിയും കാണുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി. കേരളത്തിന് കിട്ടാനുള്ള ഫണ്ട് വാങ്ങാന്‍ ശ്രമിക്കുക എന്നത് കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എംപിയുടെ കടമയാണ് എന്നും ബ്രിട്ടാസ് പറയുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഭഗീരഥന്‍ പിള്ളയെ ഓര്‍മിപ്പിക്കുന്ന കോണ്‍ഗ്രസ്ലീഗ് നേതാക്കള്‍
സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിനു കിട്ടാനുള്ള തുക നേടിയെടുക്കുന്നതിന് കേന്ദ്ര മന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളുടെ പ്രതികരണം ശ്രദ്ധിച്ചപ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. ചിരിപ്പിച്ച് ഹലാക്കിലാക്കല്ലേ എന്നാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കളോട് അഭ്യര്‍ഥിക്കാനുള്ളത്.
ഫാസിസ്റ്റ് ശക്തിയെ നേരിടാന്‍ ഡല്‍ഹിയിലേക്ക് പോയ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നരേന്ദ്ര മോദിയുടെ അനുഗ്രഹം വാങ്ങി കേരളത്തിലേക്കു തിരിച്ചുപോയതാണ് നാം കണ്ടത്. ബി ജെ പി നേതാക്കളായ രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും കേരളത്തിന്റെ അംബാസഡര്‍മാരെന്ന് പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചവരാണ് നമ്മുടെ ലീഗ് നേതാക്കള്‍.
ചന്ദ്രികക്ക് എതിരായ ഇഡി അന്വേഷണം എങ്ങനെയാണ് ആവിയായിപ്പോയത്? ചന്ദ്രികക്ക് എതിരായ അന്വേഷണം മുന്‍ ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യം തകര്‍ത്തു എന്ന് പറഞ്ഞത് ലീഗ് നേതാക്കള്‍ തന്നെയാണ്. ഇന്ത്യയിലെ മുസ്ലിം സമൂഹം ഒന്നിച്ചെതിര്‍ത്ത മുത്തലാഖ് ബില്ലിന്റെ ചര്‍ച്ച പാര്‍ലമെന്റില്‍ വന്നപ്പോള്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ മുങ്ങിയത് എന്തിനുവേണ്ടിയായിരുന്നു എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം.
ഇനി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കാര്യം. ബി ജെ പിയുമായും ആര്‍ എസ് എസ്സുമായും സന്ധി ചെയ്തും വര്‍ഗീയതയില്‍ അവരുമായി മത്സരിച്ചും കോണ്‍ഗ്രസിനെ ഈ പരുവത്തിലക്കിയതില്‍ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ടെന്ന് സമ്മതിക്കാത്തവരില്ല.
ബിജെപിയോട് നേരിട്ട് പൊരുതുന്നുവെന്ന് അവകാശപ്പെടുന്ന ഗാന്ധി കുടുംബത്തിലെ ഒരംഗത്തെ വയനാട്ടില്‍ മത്സരിപ്പിച്ച് ലോക്സഭയിലെത്തിച്ചതിനു പിന്നിലും വേണുഗോപാല്‍ തന്നെ. അദ്ദേഹം ചെയ്തതോ? രാജസ്ഥാനില്‍നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ അദ്ദേഹം കാലാവധി തീരാന്‍ രണ്ടു വര്‍ഷമുള്ളപ്പോള്‍ രാജിവെച്ച് ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. രാജസ്ഥാനിലെ സീറ്റ് ബിജെപിക്ക് കൊടുത്തു. അവിടെനിന്ന് ജയിച്ച ബിജെപിക്കാരന്‍ കേന്ദ്രമന്ത്രിയുമായി.
നരേന്ദ്രമോദിയെ പിറകെ നടന്ന് വാഴ്ത്തിക്കൊണ്ടിരിക്കുന്ന ശശി തരൂര്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി അംഗമാണെന്ന് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ അപചയത്തിന്റെ ആഴം മനസ്സിലാകും. മോദി സ്തുതി ശശി തരൂരുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കാര്യമല്ല. ബാബ്റി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ പണിത ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠക്ക് പ്രധാനമന്ത്രി പോയപ്പോള്‍ കോണ്‍ഗ്രസുകാര്‍ മത്സരിച്ച് അതിനെ പുകഴ്ത്തുകയായിരുന്നു. അവിടെ പോകാന്‍ കഴിയാത്ത നേതാക്കള്‍ ഇഷ്ടികകളും മറ്റു സാധനങ്ങളും അയച്ചുകൊടുത്ത് തങ്ങളുടെ ഐക്യദാള്‍ഢ്യം പ്രകടിപ്പിച്ചു. ''ഞങ്ങള്‍ ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ സൗകര്യം ചെയ്തു തന്നതുകൊണ്ടല്ലേ നിങ്ങള്‍ക്ക് അവിടെ ക്ഷേത്രം പണിയാന്‍ കഴിഞ്ഞത്'' എന്ന് ബിജെപിക്കാരോട് പരസ്യമായി ചോദിക്കുന്ന കോണ്‍ഗ്രസുകാര്‍ പാര്‍ലമെന്റിലുമുണ്ട്.
ഇവരൊക്കെയാണ് ഇപ്പോള്‍ മതനിരപേക്ഷതയുടെ ക്ലാസുമായി വരുന്നത്. 'മീശമാധവന്‍' എന്ന സിനിമയില്‍ തോക്കുമായി തന്നെ അടിക്കാന്‍ നില്‍ക്കുന്ന പട്ടാളം പുരുഷു എന്ന കഥാപാത്രത്തിനുമുമ്പില്‍ ഇഴഞ്ഞുചെന്ന് ജഗതി ശ്രീകുമാര്‍ (ഭഗീരഥന്‍ പിള്ള) പറയുന്ന ഡയലോഗുണ്ട്. '' പുരുഷു എന്നെ അനുഗ്രഹിക്കണം'' എന്ന്. ഈ ഡയലോഗാണ് കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും 'ഫാസിസ്റ്റ് വിരുദ്ധ' പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഓര്‍മ വരുന്നത്.
സമഗ്ര ശിക്ഷ പദ്ധതിയില്‍ കേരളത്തിനു കിട്ടാനുള്ള തുക കിട്ടാനാണ് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ടത്. ഇനിയും കാണും ..കേരളത്തിന്റെ അവകാശങ്ങളും ആവശ്യങ്ങളും നേടാന്‍ പരിശ്രമിക്കുക എന്നത് കേരളത്തെ പ്രതിനിധാനം ചെയ്യുന്ന എം പിയുടെ പ്രധാന കടമയാണ്.
കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും പുതിയ വിദാഭ്യാസ നയവും അതിന്റെ ഭാഗമായ പി എം ശ്രീയും അംഗീകരിച്ചിട്ടുണ്ട്. അവരെക്കൊണ്ട് ആ നിലപാട് എടുപ്പിക്കുന്നതില്‍ പ്രധാന റോള്‍ വഹിച്ചത് കെ സി വേണുഗോപാലാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെയുള്ള ബി ജെ പി മന്ത്രിമാര്‍ നന്ദിപൂര്‍വം അടിവരയിട്ട് പറയാറുണ്ട്, ഇതൊക്കെയാണ് വസ്തുത. സമൂഹ മാധ്യമങ്ങളിലൂടെയുള്ള നുണ പ്രചാരണം കൊണ്ടൊന്നും സത്യം മറച്ചുവയ്ക്കാനാവില്ല. ബാക്കി പിന്നീട് പറയാം.''












Click it and Unblock the Notifications