'എല്ലാവരോടും എന്തൊരു സ്‌നേഹമാണ് ഗവര്‍ണര്‍ക്ക്.. മാതൃകാപരം'; ഗവര്‍ണറെ പുകഴ്ത്തി പ്രതിഭ എംഎല്‍എ
ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ഏറ്റുമുട്ടലിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി സി പി ഐ എമ്മിന്റെ കായംകുളം എം എല്‍ എ യു പ്രതിഭ. എല്ലാവരോടും ഗവര്‍ണര്‍ വളരെ സ്‌നേഹത്തോടെ ആണ് പെരുമാറുന്നത് എന്നായിരുന്നു പ്രതിഭയുടെ പ്രകീര്‍ത്തനം. എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് ഗവര്‍ണര്‍ക്ക് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണെങ്കിലും ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം മാതൃകാപരമാണ് എന്നും യു പ്രതിഭ പറഞ്ഞു. ചെട്ടിക്കുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവതി ആഘോഷച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വേദിയിലിരിക്കവെയാണ് എം എല്‍ എയുടെ പുകഴ്ത്തല്‍.

മലയാളം പഠിക്കാന്‍ ഗവര്‍ണര്‍ കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുളള അദ്ദേഹത്തിന്റെ ഇഷ്ടവും പ്രശംസനീയമാണ് എന്ന് പ്രതിഭ പറഞ്ഞു. ശേഷം വേദിയിലിരുന്ന ഗവര്‍ണറെ നോക്കി വേഷം നന്നായിട്ടുണ്ടെന്നും പ്രതിഭ ആശംസിച്ചു. ഒരു ചിരിയോടെ ആയിരുന്നു ഗവര്‍ണര്‍ ഇതിന് നന്ദി പ്രകടിപ്പിച്ചത്.

ചെട്ടിക്കുളങ്ങര കുംഭഭരണിക്കു വരണമെന്ന ആഗ്രഹം പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല വി സി നിയമനത്തിലും മറ്റും സംസ്ഥാന സര്‍ക്കാരുമായി ഗവര്‍ണര്‍ ഇടഞ്ഞുനില്‍ക്കുകയാണ്. സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകള്‍ ഗവര്‍ണര്‍ തിരിച്ച് അയക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പ്രതിഭ എം എല്‍ എയുടെ ഈ പുകഴ്ത്തലെന്നതും ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടകനായി എത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയേയും ക്ഷണിച്ചിരുന്നു. എന്നാല്‍ യോഗത്തിനെത്താന്‍ സാധിക്കില്ല എന്നും അസൗകര്യമുണ്ടെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

മന്ത്രി എത്താതിരുന്നത് തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളുള്ളതിനാലാണ് എന്ന് പ്രതിഭയും സംസാരത്തിനിടെ വ്യക്തമാക്കി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം എല്‍ എയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. കണ്ണൂര്‍ സര്‍വകലാശാല നിയമനങ്ങളില്‍ ഭൂരിഭാഗവും ബന്ധുനിയമനങ്ങളാണ് എന്ന് പറഞ്ഞ് ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് ഇടവേളക്ക് ശേഷം വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായത്. ഗവര്‍ണറോട് ഏറ്റുമുട്ടലിന് പോകേണ്ട എന്ന സി പി ഐ എം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇതുവരെ രൂക്ഷമായി പ്രതികരിച്ചിരുന്നില്ല. എന്നാല്‍ കണ്ണൂര്‍ ചരിത്രകോണ്‍ഗ്രസില്‍ തനിക്കെതിരെ കൈയേറ്റം നടത്താന്‍ ശ്രമമുണ്ടായി എന്നും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബിബ് തെരുവ് ഗുണ്ടയാണ് എന്നും ഗവര്‍ണര്‍ പറഞ്ഞതോടെ സ്ഥിതി വഷളായി. ഇതിനിടെ ഓര്‍ഡിനന്‍സ് ഒപ്പിടാതിരിക്കുകയും ചെയ്തു.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ












Click it and Unblock the Notifications