മുകേഷിനെ കൈവിടാതെ സിപിഎം: എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് തീരുമാനം
തിരുവനന്തപുരം: ലൈംഗിക പീഡന പരാതി നേരിടുന്ന എം മുകേഷ് എം എല്‍ എ സ്ഥാനം രാജിവെക്കില്ല. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സി പി എം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായത്. ആരോപണ വിധേയനായ മുകേഷ് നിയമസഭാംഗത്വം രാജിവെക്കണമെന്ന ആവശ്യം ഘടകക്ഷി നേതാക്കള്‍ തന്നെ ഉയർത്തിയിരുന്നു.
ഇപ്പോള്‍ ഉയർന്ന് വന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനം രാജിവെക്കെണ്ടതില്ലെന്നായിരുന്നു പാർട്ടി നേതൃത്വം ഇതുവരെ സ്വീകരിച്ച നിലപാട്. ആ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെ ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗവും തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസും യു ഡി എഫും ഈ വിഷയം ശക്തമായി ഉന്നയിക്കുമ്പോള്‍ എം വിന്‍സെന്റ്, എല്‍ദോസ് കുന്നപ്പള്ളി തുടങ്ങിയ കോണ്‍ഗ്രസ് എം എല്‍ എ മാരുടെ കേസുകള്‍ ഉയർത്തിക്കാട്ടി പ്രതിരോധിക്കുന്നതും സി പി എം തുടരും.

തനിക്ക് എതിരായ ആരോപണം ബ്ലാക്ക് മെയില്‍ തന്ത്രത്തിന്റെ ഭാഗമാണെന്നും ഇത് സാധൂകരിക്കാന്‍ കഴിയുന്ന തെളിവുകളും മുകേഷ് നേരത്തെ തന്നെ പാർട്ടിക്ക് മുന്നില്‍ സമർപ്പിച്ചിരിന്നു. ഇതും കൂടി പരിഗണിച്ചാണ് മുകേഷ് രാജിവെക്കേണ്ടതില്ലെന്നും നിയമസഹായം നല്‍കാനും സി പി എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. അതേസമയം സി പി ഐയിലേയും സി പി എമ്മിലേയും ദേശീയ നേതാക്കളില്‍ പലരും മുകേഷ് രാജിവെക്കണമെന്ന നിലപാടിലാണ്.
കോൺഗ്രസുകാർ ചെയ്തില്ലെന്ന് കരുതി നമ്മളും അതേ നിലപാടാണോ കൈക്കൊള്ളേണ്ടത് എന്ന ചോദ്യമാണ് അവർ പങ്കുവെയ്ക്കുന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുകേഷ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ അദ്ദേഹം നേരിട്ട് കാണുകയും ചെയ്തു.
അതേസമയം, മുകേഷിനെതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരി ഉറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം മജിസ്ട്രേര്റിന് മുന്നിൽ ഹാജരായ പരാതിക്കാരി വിശദമായ മൊഴി നൽകുകയും ചെയ്തു. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് രഹസ്യ മൊഴി നൽകിയത്. ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്ന് ലഭിച്ച ആർജവമാണ് പരാതി നൽകാനുള്ള പ്രേരണയെന്നും തനിക്ക് സർക്കാരിൽ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി.












Click it and Unblock the Notifications