'കോൺഗ്രസിൽ നിന്ന് ഇനിയും ആള് വരും, ലീഗിനെ കൂടെ നിർത്തുന്നതിൽ ചർച്ചകയാവാം'; സിപിഎം പ്രവർത്തന റിപ്പോർട്ട്
കൊല്ലം: കോൺഗ്രസിൽ നിന്നും ഇനിയും കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തന റിപ്പോർട്ട്. മുസ്ലീം ലീഗിനെ കൂടെ നിർത്തുന്നതിൽ ഗൗരവതരമായ ചർച്ചകൾ ആവാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടക്കാലത്ത് വിവിധ വിവാദങ്ങളിൽ ചെന്ന് പെട്ട മുതിർന്ന നേതാക്കൾക്ക് റിപ്പോർട്ടിൽ വിമർശനവുമുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഇന്ന് തുടങ്ങി ഫെബ്രുവരി 9 വരെയാണ് സംസ്ഥാന സമ്മേളനം. ജമാ അത്തെ ഇസ്‌ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണമെന്നും അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കൂടാതെ പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

മന്ത്രി സജി ചെറിയാനും മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറും ആയിരുന്ന ഇപി ജയരാജനും കടുത്ത വിമർശനമാണ് റിപ്പോർട്ടിലുള്ളത്. സജി ചെറിയാന്റെ മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണം. മാത്രമല്ല ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവർത്തന വീഴ്‌ചകളിലാണ്. സെക്രട്ടേറിയേറ്റ് പ്രവർത്തനങ്ങളിൽ നിന്നും അദ്ദേഹം മാറിനിന്നത് ഗൗരവതരമാണെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോർട്ടില്‍ വിമര്‍ശനമുണ്ട്. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയത്തിലും പാർട്ടി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങൾ റിപ്പോർട്ടിലുണ്ട്. സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് നേതാക്കളും പാർട്ടി അംഗങ്ങളും വൻതുക എടുത്ത് അവ തിരിച്ചടയ്ക്കാതിരിക്കുക ആണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പ്രവർത്തന റിപ്പോർട്ടിൽ ലീഗുമായുള്ള ചർച്ചകൾക്ക് സമ്മതം മൂളിയെങ്കിലും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ലീഗിനെതിരെ ഇന്നും ആഞ്ഞടിച്ചിരുന്നു. ഒരേസമയം ലീഗിനെ തട്ടിയും തലോടിയുമാണ് സിപിഎം മുന്നോട്ട് പോവുന്നതെന്ന് ഏറ്റവും പുതിയ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുകയാണ്.
ലീഗിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനമാണ് എംവി ഗോവിന്ദൻ സമ്മേളനത്തിന്റെ ഉദ്‌ഘാടന വേദിയിൽ ഉന്നയിച്ചത്. സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്നാണ് എംവി ഗോവിന്ദന്‍ ഉന്നയിച്ച ആരോപണം. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നുവെന്നും അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു. സുരേഷ് ഗോപിയെ ജയിപ്പിച്ചത് കോൺഗ്രസാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.












Click it and Unblock the Notifications