ഗാന്ധിജിയ്ക്ക് പോലും കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല; പരിഹസിച്ച് കോടിയേരി
കണ്ണൂര്‍: ഐ എന്‍ ടി യു സി - കോണ്‍ഗ്രസ് തര്‍ക്കത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ അഞ്ച് ആളുകള്‍ കൂടിയാല്‍ ആറ് ഗ്രൂപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിലും കൃത്യമായ അഭിപ്രായമില്ലാത്തതും വ്യക്തമായ നേതൃത്വമില്ലാത്തതുമാണ് കോണ്‍ഗ്രസിന്റെ അപചയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ ഐ എന്‍ ടി യു സിയുടെ നേതാവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ വി ഡി സതീശന്‍ പറയുന്നത് ഐ എന്‍ ടി യു സിക്ക് കോണ്‍ഗ്രസുമായി ബന്ധമില്ല എന്നാണ്. പിന്നെ അദ്ദേഹം എന്തിനാണ് ഐ എന്‍ ടി യു സി യില്‍ പ്രവര്‍ത്തിക്കുന്നത് എന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. സുധാകരന്‍ ഒന്ന് പറയുന്നു, ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു, വി ഡി സതീശന്‍ മറ്റൊന്ന് പറയുന്നു. നാല് പേര്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അഞ്ച് അഭിപ്രായമായെന്നും കോടിയേരി പരിഹസിച്ചു.

മഹാത്മഗാന്ധിക്ക് പോലും കോണ്‍ഗ്രസിനകത്ത് നിന്ന് കൊണ്ട് വിചാരിച്ചത് ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. യു പി എ സര്‍ക്കാരില്‍ ഒരുമിച്ചുണ്ടായവരായിരുന്നു എന്ന ധാരണ പോലും ഇല്ലാതെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിക്കപ്പെട്ട നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. സി പി ഐ എം വിരുദ്ധ നിലപാട് സ്വീകരിച്ച് ബി ജെ പിയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയാല്‍ സ്വാഗതം ചെയ്യുമെന്നും കെ വി തോമസ് വന്നാല്‍ 'സുസ്വാഗതം' ചെയ്യുമെന്നും കോടിയേരി പറഞ്ഞു. അതിനിടെ ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. പോഷക സംഘടനയ്ക്കും മുകളിലാണ് ഐ എന്‍ ടി യു സിയുടെ പ്രാധാന്യമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ ഐ എന്‍ ടി യു സി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ എന്‍ ടി യു സിക്ക് എ ഐ സി സിയിലെ സ്ഥാനമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒരു പോഷക സംഘടനയുടെയും വര്‍ക്കിംഗ് പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇല്ലെന്നും എന്നാല്‍ ഐ എന്‍ ടി യു സിയുടെ പ്രസിഡന്റ് മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ഐ എന്‍ ടി യു സിയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ് എന്നും ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ സ്വന്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ഐ എന്‍ ടി യു സിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചെന്നും സുധാകരന്‍ പറഞ്ഞു. ദേശീയ ദ്വിദിന പണിമുടക്കിന് പിന്നാലെയാണ് ഐ എന്‍ ടി യു സി കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധവുമായി ആര്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ സതീശന് എതിരെ മുദ്രാവാക്യം വിൡ് ഐ എന്‍ ടി യു സി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications