അഭിലാഷിനെ കൊന്നത് സഹപാഠികള്‍... വിഷയം പ്രണയം
കാസര്‍കോട്: ഹോസ്ദുര്‍ഗില്‍ പത്താം ക്ലാസ്സുകാരനായ വിദ്യാര്‍ത്ഥിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപതകമാണെന്ന് തെളിഞ്ഞു. പ്രണയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികളാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഹോസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന അഭിലാഷിനെ നവംബര്‍ 14 നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതമെന്ന സംശയം ആദ്യമേ ഉയര്‍ത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹപാഠികള്‍ കുറ്റസമ്മതം നടത്തിയത്.

ക്ലാസ്സിലെ പെണ്‍കുട്ടിയുമായുള്ള പ്രണയത്തെ ചൊല്ലിയായിരുന്ന തര്‍ക്കം. സ്‌പെഷ്യല്‍ ക്ലാസ്സ് കഴിഞ്ഞ് മൂവരും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ തര്‍ക്കം മൂത്തപ്പോള്‍ ഒരാള്‍ കോമ്പസ് എടുത്ത് അഭിലാഷിന്റെ കണ്ണില്‍ കുത്തി. കണ്ണില്‍ നിന്ന് ചോരയൊഴുകാന്‍ തുടങ്ങിയപ്പോള്‍ മുഖം കഴുകാന്‍ അഭിലാഷ് അടുത്തുള്ള കുളത്തിലേക്ക് നീങ്ങി. ഈ സമയം സുഹൃത്തുക്കള്‍ രണ്ട് പേരും ചേര്‍ന്ന് അഭിലാഷിനെ കുളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നു- കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴി ഇപ്രകാരമാണെന്നാണ് പോലീസ് പറയുന്നത്.
വെള്ളിയാഴ്ച വൈകീട്ട് അഭിലാഷ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരുമിച്ചാണ് സ്‌കൂളില്‍ നിന്ന് ഓട്ടോറിക്ഷയില്‍ തിരിച്ചതെന്നും അഭിലാഷ് ഇടക്കിറങ്ങിയെന്നും ആണ് സഹപാഠികള്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിലാഷിന്റെ ചെരിപ്പും ബാഗം കുളത്തിനടുത്ത് കണ്ടെത്തിയത്. തിരച്ചിലില്‍ മൃതദേഹവും കണ്ടെത്തി.
നന്നായി നീന്താനറിയുന്ന അഭിലാഷ് കുളത്തില്‍ മുങ്ങി മരിക്കില്ലെന്ന് വീട്ടുകാര്‍ അപ്പോഴേ സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണിലെ മുറിവ് കൂടി കണ്ടപ്പോള്‍ സംശയം ബലപ്പെടുകയായിരുന്നു.












Click it and Unblock the Notifications