സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലെ അധ്യായനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെയാക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഉച്ച സമയം വരെയാണ് ക്ലാസ് പ്രവര്‍ത്തിച്ചത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ക്ലാസുകള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനം വൈകീട്ട് വരെയാക്കാന്‍ തീരുമാനിച്ചത്.
കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 21 മുതലാണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ രാവിലെ മുതല്‍ വൈകീട്ട് വരെയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആ മാസം 14ന് ആണ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് അധ്യയനം ആരംഭിക്കുന്നത്. ഇത് രാവിലെ മുതല്‍ വൈകീട്ട് വരെയാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.

അതേസമയം, ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസ്സുകളും ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.
കൂടാതെ സംസ്ഥാനത്തുള്ള മറ്റ് നിയന്ത്രണങ്ങളിലും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതി. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമേ സമ്പര്‍ക്കവിലക്ക് ആവശ്യമുള്ളൂ. അന്താരാഷ്ട്ര യാത്രികര്‍ യാത്ര കഴിഞ്ഞതിന്റെ എട്ടാമത്തെ ദിവസം ആര്‍.ടി.പി.സി.ആര്‍. ചെയ്യണമെന്ന നിലവിലെ മാനദണ്ഡം മാറ്റണമെന്ന ആരോഗ്യവിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു.
അന്താരാഷ്ട്ര യാത്രക്കാരുടെ അഭ്യര്‍ത്ഥന പരിഗണിച്ചും സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിദഗ്ധസംഘം വിലയിരുത്തിയുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും അവരുടെ സ്വന്തം സുരക്ഷയ്ക്കും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുമായി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചു.
കേരളത്തില്‍ വരുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കേരളത്തില്‍ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തുകയും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തേണ്ടതുമാണ്. കോവിഡ് പരിശോധനാ ഫലത്തിന്റെയടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കാന്‍ പാടില്ല. പ്രവാസികള്‍ക്ക് താങ്ങാന്‍ പറ്റുന്ന നിരക്ക് മാത്രമെ ഈടാക്കാവൂ. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.
എല്ലാ ആരാധനാലയങ്ങളിലും പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണത്തില്‍ ഏകീകൃത നില സ്വീകരിക്കും. പരമാവധി 20 പേരെ അനുവദിക്കും. നിയന്ത്രണങ്ങളുള്ള ഫെബ്രുവരി 6 ഞായറാഴ്ചയിലും ഇത് ബാധകമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഈ വര്‍ഷവും പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.
Recommended Video
സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്‌സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു.
ജില്ലകളുടെ കാറ്റഗറിയില്‍ മാറ്റം വന്നിട്ടുണ്ട്. 'സി' കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി 'ബി' യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി 'എ' യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല.












Click it and Unblock the Notifications