ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയ്‌ക്കെതിരെ കേസ്, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തത സംഭവത്തില്‍ ആണ് നടപടി.
പൊലീസ് ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഷിംജിതയ്‌ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ദീപക്കിന്റെ മരണത്തില്‍ കുടുംബം പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ആയിരുന്നു പരാതി നല്‍കിയിരുന്നത്. ഇതോടെ ഇന്ന് വൈകിട്ടോടെ മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി.

തനിക്കെതിരായ ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നാണ് ദീപക്കിന്റെ മാതാപിതാക്കളുടെ മൊഴി. ഇതിന് പിന്നാലെയാണ് പുതിയ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പയ്യന്നൂരിലേക്കുള്ള യാത്രയില്‍ ബസില്‍ വെച്ച് ദീപക് അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞ് വീഡിയോ സഹിതം യുവതി സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരുന്നു.
ഈ വീഡിയോ വളരെ പെട്ടെന്നെ വൈറലായിരുന്നു. ദീപക്കിനെതിരെ ഇതോടെ വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തു. അതേസമയം ഷിംജിതയുടെ പ്രവൃത്തിയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്തും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ദീപക്ക് ജീവനൊടുക്കിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക്ക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തത് എന്നും ഷിംജിതയ്‌ക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു. അതേസമയം ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചു. വടകര പൊലീസില്‍ ഇക്കാര്യം അറിയിച്ചെന്നും ഷിംജിത പറഞ്ഞു.
എന്നാല്‍ ഷിംജിതയുടെ അവകാശ വാദം തള്ളിയ വടകര ഇന്‍സ്‌പെക്ടര്‍ ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു. അതിനിടെ വിമര്‍ശനം ശക്തമായതിന് പിന്നാലെ ഷിംജിത ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കിയിരിക്കുകയാണ്. ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡി ഐ ജി അന്വേഷിക്കണമെന്നാ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications