ലിഫ്റ്റ്, പൂൾ, 6000 ചതുരശ്ര അടി?; എഡിജിപി അജിത് കുമാർ പണിയുന്നത് മണിമാളികയോ?
തിരുവനന്തപുരം: പി വി അൻവർ എം എൽ എ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ വിവാദമായി എ ഡി ജി പി അജിത് കുമാറിന്റെ വീട് നിർമാണം. എന്തിനാണ് ഈ വിവാദം എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥൻ വീട് നിർമിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ കോടികൾ വില വരുന്ന ഭൂമിയിൽ കോടികൾ മുടക്കി ഇത്രയും ആഡംബരങ്ങളോട് കൂടിയ വീട് പണിയാനുള്ള സാമ്പത്തിക സ്രോതസ്സ് എവിടെ നിന്നാണ് എന്ന വിമർശനം ആണ് വരുന്നത്.
ഭൂഗർഭ നിലയുൾപ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ സ്ഥലത്ത് അജിത് കുമാർ പണിയുന്നത്. കവടിയാർ കൊട്ടാരത്തിന് സമീപത്ത് അതിസമ്പന്നർക്ക് ഭൂമിയുള്ള മേഖലയിലാണ് അജിത് കുമാറിന്റെ വീട് പണിയുന്നതെന്നും വീടിനുള്ളിൽ ലിഫ്റ്റ് സൗകര്യം ഉൾപ്പെടെ ആഡംബര സൗകര്യങ്ങൾ ഉണ്ടെന്നാണ് പ്ലാൻ വ്യക്തമാക്കുന്നതെന്നാണ് മാതൃഭൂമി. കോം റിപ്പോർട്ട് ചെയ്യുന്നത്.

PC: Facebook
നിർമാണ സ്ഥലത്ത് വെച്ചിരിക്കുന്ന പ്ലാൻ പ്രകാരമാണെങ്കിൽ മൂന്ന് നില കെട്ടിടമാണ് ഇവിടെ ഉയരാൻ പോകുന്നത്. ഇതിനൊപ്പം ഓപ്പൺ ബാത്ത് പ്ലേസ് കൂടി ഉണ്ട്. ഇത് പൂൾ ആകാം എന്നാണ് പറയുന്നത്. 2024 ലാണ് ഈ കെട്ടിടത്തിന് നിർമാണത്തിന് അനുമതി ലഭിച്ചത്. താഴത്തെ ബേസ്മെന്റ് 2000 ചതുരശ്ര അടിക്ക് മുകളിൽ ആണ് വിസ്തീർണം. അങ്ങനെ നോക്കിയാൽ മൂന്ന് നില പണി പൂർത്തിയാകുമ്പോൾ 6000 ചതുരശ്ര അടിക്ക് മുകളിൽ വലിപ്പം ഉള്ള വീടാണ് ഉയരുന്നത്.
പ്രാഥമിക നിർമാണങ്ങളാണ് ഇപ്പോൾ ഭൂമിയിൽ നടക്കുന്നത്. മൂന്നാൾ പൊക്കമുള്ള ബേസ്മെന്റ് നിർമാണം പുരോഗമിക്കുകയാണ് എന്നാണ് പറയുന്നത്. വീടിന്റെ താഴത്തെ നിലയിൽ അതിഥികൾക്കായുള്ള മുറികളായിരിക്കും എന്നാണ് പ്ലാനിൽ നിന്ന് വ്യക്തമാകുന്നത്. പാർക്കിംഗും താഴെയാണ്. ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീട് നിർമിക്കാൻ കോടിക്കണക്കിന് രൂപ ചെലവ് വരും. ഈ അടുത്ത കാലത്ത് വരെ സെന്റിന് 65 ലക്ഷം രൂപയാണ് കവടിയാറിൽ ഭൂമിക്ക് വാങ്ങിയ കുറഞ്ഞ വില എന്നാണ് റിപ്പോർട്ട്.
കവടിയാറിൽ 120000 ചതുരശ്ര അടിയിലുള്ള വീടാണ് അജിത്കുമാർ നിർമിക്കുന്നത് എന്നും കവടിയാർ കൊട്ടാരത്തിന് ഇതിനായി അജിത് കുമാറിന്റെ പേരിൽ 10 സെന്റും അളിയന്റെ പേരിൽ 12 സെന്റും വാങ്ങി എന്നാണ് പി വി അൻവർ പറഞ്ഞത്.












Click it and Unblock the Notifications