വിശന്നപ്പോൾ അരി ചോദിച്ചിറങ്ങി.. ജനം തല്ലിക്കൊന്നു! മധുവിന് നീതി വേണം! ധന്യാ രാമൻ വൺ ഇന്ത്യയോട്
അട്ടപ്പാടി: ജാതി ചിന്തകളും, വർണവെറിയും എത്രയോ വർഷങ്ങൾക്ക് മുൻപേ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് മധുവും ജനിച്ച് ജീവിച്ചത്. കറുത്തവൻ ആയതിനാൽ, ആദിവാസി ആയതിനാൽ ആൾക്കൂട്ടത്തിന്റെ വിചാരണയ്ക്കും മർദനത്തിനും ഇരയായത്. ക്രൂരമായി കൊല ചെയ്യപ്പെട്ടത്. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും നമ്മുടെയൊക്കെ ഉള്ളിൽ വർണ, വർഗ, വംശീയ ചിന്തകൾ അടിഞ്ഞ് കിടക്കുന്നുണ്ടെന്നതിന് ഉദാഹരണങ്ങൾ സമീപകാലത്ത് തന്നെ പലതുണ്ട്.
മധു വെളുത്തവൻ ആയിരുന്നുവെങ്കിൽ, വെൽ ഡ്രസ്ഡ് ആയിരുന്നുവെങ്കിൽ, ആദിവാസി അല്ലായിരുന്നുവെങ്കിൽ ഇത്ര ദാരുണമായൊരു മരണം ആ യുവാവിന് സംഭവിക്കില്ലായിരുന്നു. നിസഹായനായ ഒരാളെ, നേരെ നിവർന്ന് നിൽക്കാനുള്ള ശേഷി പോലുമില്ലാത്ത ആളെ ജനം കൂട്ടം കൂടി മർദിക്കുക, സെൽഫിയെടുത്ത് ആഘോഷിക്കുക! എന്ത് മനുഷ്യരാണ് നമ്മൾ എന്ന് അമ്പരക്കാനേ സാധിക്കുകയുള്ളൂ. അട്ടപ്പാടിയിലെ ആൾക്കൂട കൊലപാതകത്തിന് കേരളം ഒന്നാകെ ഉത്തരവാദികളാണ്. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തക ധന്യാ രാമൻ വൺ ഇന്ത്യയോട്.

കടുകുമണ്ണയിലെ മധു
മധു അടപ്പാടിയിലെ കടുകുമണ്ണയില്‍ ജനിച്ച് വളര്‍ന്ന ആളാണ്. ആദിവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന നിര്‍മ്മിതിയുടെ ട്രെയിനറായിരുന്നു മധു. ഒരു തവണ പാലക്കാട് പരിശീലനത്തിന്റെ ഭാഗമായി ചെന്നപ്പോള്‍ ഒരാളില്‍ നിന്നും മര്‍ദനമേറ്റിരുന്നു. തലയ്ക്ക് അന്ന് അടിയേറ്റതിന് ശേഷം മധുവിന് ചില മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് അട്ടപ്പാടിയിലെ ഊരിലേക്ക് തിരിച്ച് വന്ന മധു ആളുകളോട് ഭക്ഷണം ചോദിച്ച് വാങ്ങി കഴിച്ചാണ് ജീവിച്ചിരുന്നത്.

യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണ്?
മധുവിനെ നാട്ടുകാര്‍ മോഷ്ടാവെന്ന് മുദ്രകുത്തി പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ അവന്‍ കാട്ടിനകത്തായിരുന്നു കഴിഞ്ഞിരുന്നത്. ഏഴെട്ട് വര്‍ഷമായി മധുവിന്റെ ജീവിതം കാട്ടിലാണ്. വിശക്കുമ്പോള്‍ കായ്കനികള്‍ പറിച്ച് കഴിക്കും. അന്ന് വിശപ്പ് സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ നാട്ടിലിറങ്ങി ഒരു കടയില്‍ നിന്നും അരി ചോദിച്ചു. അതിന്റെ പേരിലാണ്, അരി മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് കയ്യേറ്റക്കാര്‍- ആദിവാസിയുടെ പതിമൂവായിരം ഏക്കര്‍ ഭൂമി കയ്യേറിയ കയ്യേറ്റക്കാര്‍- ആദിവാസിയെ കൊന്നത്. അത് ഞങ്ങളുടെ നേര്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ്.

പോലീസിന് വീഴ്ച പറ്റിയോ?
ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ അനാസ്ഥയുണ്ടായിട്ടുണ്ട്. അന്നും ഇന്നും പാലക്കാട് ജില്ലയിലെ പോലീസ് ആദിവാസികള്‍ക്ക് അനുകൂലമായി ഒരു കാര്യവും ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഒരു കന്യാസ്ത്രീ ഒരു ആദിവാസി കുട്ടിയെ ഉപദ്രവിച്ച് മുറിവുണ്ടാക്കിയത്. പോലീസ് സ്‌റ്റേഷനില്‍ വെച്ച് കോണ്‍ഗ്രസുകാര്‍ ആ പരാതി ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു.
അതിന് മുന്‍പ് അനാഥാലയത്തിലെ 19 കുട്ടികളില്‍ 5 പേരെ പീഡിപ്പിച്ച പള്ളീലച്ചനെ രായ്ക്ക് രാമായനം ഓസ്‌ട്രേലിയയ്ക്ക് കടക്കാന്‍ അവസരം ഒരുക്കിയ സര്‍ക്കാരും പോലീസും ഇവിടെ ഉണ്ടായിരുന്നു. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിക്കാനുള്ള സാഹചര്യം എങ്ങനെ ഉണ്ടായി? ഇത്തരം കേസുകളിലൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു ന്യായവും കിട്ടിയിട്ടില്ല.

പോലീസ് മധുവിനെ മർദിച്ചിരുന്നോ?
പോലീസ് മധുവിനെ മര്‍ദിച്ചതായി കരുതുന്നില്ല. ജനക്കൂട്ടം തന്നെയാണ് മര്‍ദ്ദിച്ച് കൊന്നത്. അതിന്റെ വീഡിയോയും ചിത്രങ്ങളുമുണ്ട്. പോലീസ് മര്‍ദിച്ച് കൊന്നതല്ല. പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നു എന്നത് പോലീസിന്റെ അനാസ്ഥ തന്നെയാണ്. മധുവിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം വേണം എന്നാണ് ആവശ്യം. പാലക്കാട് ജില്ലയിലുള്ള പോലീസ് ഈ കേസില്‍ വേണ്ട.

ആ സെൽഫിയെക്കുറിച്ച്
മാനസിക രോഗിയായിട്ടുള്ള മലയാളിയുടെ പുതിയൊരു മുഖമാണ് ആ സെല്‍ഫി. കൊല്ലും എന്നറിയാവുന്ന ഒരു മനുഷ്യന്റെ അടുത്ത് നിന്ന് പോലും ഫോട്ടോ എടുക്കുന്ന മലയാളിയുടെ ദുരന്ത മുഖമാണത്.

മധുവിന്റെ കുടുംബം
മധുവിന് അമ്മയും രണ്ട് അനുജത്തിമാരുമാണ് ഉള്ളത്. ഒരു അനുജത്തി അംഗന്‍വാടി ടീച്ചറാണ്. ആ വരുമാനം കൊണ്ടും മറ്റുമാണ് മധുവിന്റെ കുടുംബം കഴിഞ്ഞ് പോകുന്നത്. എല്ലാ ആദിവാസി കുടുംബങ്ങളേയും പോലെ അന്നന്നതെ ആഹാരത്തിനുള്ള വക കണ്ടെത്തിയാണ് ആ കുടുംബവും ജീവിച്ചിരുന്നത്.

നീതി ലഭിച്ചേ തീരൂ
പോലീസിന്റെ ഭാഗത്ത് നിന്നും കൃത്യമായ വീഴ്ച മധുവിന്റെ കൊലപാതകത്തില്‍ ഉണ്ടായിട്ടുണ്ട്. ആദിവാസികള്‍ ഇത് കാലാകാലങ്ങളായി സഹിച്ച് കൊണ്ടിരിക്കുന്നതാണ്. നീതി ലഭിച്ചില്ല എങ്കില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് തന്നെ ഉപരോധിക്കും.












Click it and Unblock the Notifications