'തനിക്കെതിരെ വൻ ഗൂഢാലോചന', ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മൊഴി, 'അയാളെ മുന്നിൽ നിർത്തി ചിലർ മുതലെടുക്കുന്നു'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ രണ്ടാം ദിവസവും തുടരുകയാണ്. രാവിലെ തന്നെ ദിലീപ് ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരായി.
ഇന്നലെ 7 മണിക്കൂറോളമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത്. എഡിജിപി എസ് ശ്രീജിത്ത്, എസ്പി എംജെ സോജന്‍, ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം തന്നെ ദിലീപ് തള്ളിക്കളഞ്ഞു. ദിലീപിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ..

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാന ഘട്ടത്തിലെത്തി നില്‍ക്കവേയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നത് കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ആണ് ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ക്ക് സാധുതയേകാന്‍ ചില ഓഡിയോ ക്ലിപ്പുകളും ബാലചന്ദ്ര കുമാര്‍ പുറത്ത് വിട്ടു.

ഇതോടെയാണ് കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി ആദ്യമായാണ് ദിലീപിനെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. രാവിലെ 11.30 മുതല്‍ വൈകിട്ട് 6.30 വരെ ചോദ്യം ചെയ്യല്‍ നീണ്ടു. ബാലചന്ദ്ര കുമാര്‍ തനിക്ക് എതിരെ ഉന്നയിച്ചതെല്ലാം വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ആണെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

പണത്തിന് വേണ്ടി ബാലചന്ദ്ര കുമാര്‍ തനിക്കെതിരെ ബ്ലാക്ക്‌മെയില്‍ കെണി ഒരുക്കിയെന്ന് ദിലീപ് ആരോപിച്ചു. ഈ കെണിയില്‍ താന്‍ വീഴാത്തത് കാരണമാണ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളെ സമീപിച്ചത്. തനിക്കെതിരെ വലിയ ഗൂഢാലോചന നടിയെ ആക്രമിച്ച കേസില്‍ നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തന്നെ പ്രതിയാക്കാന്‍ ഇടയായ സാഹചര്യം സൃഷ്ടിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നു എന്നാണ് ദിലീപിന്റെ ആരോപണം. ബാലചന്ദ്ര കുമാറിനെ മുന്നില്‍ നിര്‍ത്തി മറ്റ് ചിലര്‍ മുതലെടുപ്പിന് ശ്രമം നടത്തിയതായും ദിലീപ് ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത് പോലെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തന്റെ കയ്യില്‍ ഇല്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും ദിലീപ് മൊഴി നല്‍കി.

ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വെച്ച് ദിലീപ് വീഡിയോ കണ്ടു എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിച്ചത്. ഒരു വിഐപിയാണ് ദൃശ്യം വീട്ടില്‍ എത്തിച്ചത് എന്നും ദിലീപ് അടക്കമുളളവര്‍ വീഡിയോ കണ്ടതിന് സാക്ഷിയാണ് എന്നും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്രയും ഗുരുതരമായ ഒരു കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട താന്‍ ബാലചന്ദ്ര കുമാറിനെ പോലുളള ഒരാളുടെ സാന്നിധ്യത്തില്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ എന്നാണ് ദിലീപിന്റെ ചോദ്യം.

കേസിന്റെ പുരോഗതി തനിക്ക് അനുകൂലമാണെന്ന് വരുമ്പോഴൊക്കെ ബാലചന്ദ്ര കുമാറിനെ പോലെ ആരെങ്കിലുമൊക്കെ ആരോപണങ്ങളുമായി രംഗത്ത് വരാറുണ്ടെന്നും ദിലീപ് കുറ്റപ്പെടുത്തി. ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദിലീപിന്റെ മൊഴികള്‍ വിശദമായി പരിശോധിച്ചതിന് ശേഷം കുടുംബാംഗങ്ങളെ അടക്കം ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ സംഘം കടന്നേക്കും എന്നാണ് സൂചന..












Click it and Unblock the Notifications