ദിലീപിനെ പിന്തുണച്ചു; ഒടുവില്‍ പണി വാങ്ങിയോ ആർ ശ്രീലേഖ: നടിയുടെ ഹർജിയില്‍ കോടതി നടപടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി ജി പി ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്. അതിജീവിതയായ നടി നല്‍കിയ കോടതിയലക്ഷ്യ ഹർജിയിലാണ് ആർ ശ്രീലേഖയ്ക്ക് കേസിന്റെ വിചാരണ നടക്കുന്ന എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് അനുകൂലമായ പരാമർശങ്ങളുമായി മുന്‍ ഡി ജി പി നേരത്തെ രംഗത്ത് വന്നിരുന്നു. വിചാരണ നടന്നുകൊണ്ടിരിക്കെ നടത്തിയ ഈ പ്രതികരണം കോടതിയലക്ഷ്യ നടപടിയായി കണ്ട് നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത പരാതിയിലൂടെ ആവശ്യപ്പെട്ടത്.
അതിജീവിത പരാതിയുമായി കോടതിയെ സമീപിച്ചിട്ടും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആർ ശ്രീലേഖ. ബോധ്യമുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നാണ് കഴിഞ്ഞ ദിവസം അവർ ഒരു മാധ്യമത്തിനോട് വ്യക്തമാക്കിയത്. എനിക്ക് ആരേയും പേടിയില്ല. പറയുന്നവർ എന്തും പറയട്ടെ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ സ്വന്തം യൂട്യൂബ് ചാനലിലും ചില ഓണ്‍ലൈന്‍ ചാനലുകളിലൂടെയുമായിരുന്നു ശ്രീലേഖ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയത്. കേസിലെ കുറ്റക്കാരന്‍ ഒന്നാം പ്രതി പള്‍സർ സുനിയാണ്. ദിലീപ് നിരപരാധിയാണ്. അദ്ദേഹത്തിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടേയുള്ളവരോട് ബോധിപ്പിച്ചിരുന്നുവെന്നുമായിരുന്നു ആർ ശ്രീലേഖ അഭിമുഖത്തില്‍ പറഞ്ഞത്.
'നടിയെ ആക്രമിച്ച കേസ് ഉടനൊന്നും തീരില്ല. വിഐപി ആയതുകൊണ്ടാണ് ദിലീപിന് ഞാൻ കരിക്ക് കൊടുത്തത് , മെത്ത കൊടുത്തത് , പ്രത്യേക ഭക്ഷണം കൊടുത്തത് എന്നൊക്കെയുളള അപവാദം എനിക്ക് കേൾക്കേണ്ടി വന്നിരുന്നു. സത്യത്തിന്റെ ദിലീപിന്റെ പക്ഷത്താണ് ഞാൻ, അയാൾ ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന ബോധ്യം എനിക്ക് ആ സമയത്ത് തന്നെ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്' എന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം, കേസിന്റെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത രംഗത്ത് വന്നു. ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി അവർ വിചാരണക്കോടതിയില്‍ സമർപ്പിച്ചു. നിലവില്‍ തുടരുന്ന അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിച്ചുകൊണ്ട് കേസ് തുറന്ന കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമ വാദം കഴിഞ്ഞ ദിവസം മുതലാണ് വിചാരണ കോടതിയില്‍ ആരംഭിച്ചത്.












Click it and Unblock the Notifications