കാവ്യ മാധവനെ ചോദ്യം ചെയ്യല്‍ ആലുവയിലെ വീട്ടില്‍; തിങ്കളാഴ്ച ഹാജരാകില്ല, പറ്റില്ലെന്ന് കാവ്യ
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ തിങ്കളാഴ്ച കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ എല്ലാ ഒരുക്കവും ക്രൈംബ്രാഞ്ച് സംഘം നടത്തിയിരുന്നു. ചോദ്യാവലി തയ്യാറാക്കി കാത്തിരുന്ന അന്വേഷണ സംഘത്തോട് കാവ്യ അറിയിച്ചിരിക്കുന്നത് നാളെ ഹാജരാകാന്‍ സാധിക്കില്ല എന്നാണ്. കാവ്യയെ ചോദ്യം ചെയ്യുന്നത് കേസ് പുതിയ ദിശയിലേക്ക് നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കാവ്യ തടസം അറിയിച്ചിരിക്കുന്നത്.
പള്‍സര്‍ സുനി, മെമ്മറി കാര്‍ഡ്, ആക്രമിക്കപ്പെട്ട നടിയോടുള്ള വിരോധം, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍, വിഐപി... തുടങ്ങി പല വിവരങ്ങളും കാവ്യയില്‍ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. തടസം അറിയിച്ചതോടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചത്തേക്ക് മാറ്റി. വിശദാംശങ്ങള്‍ ഇങ്ങനെ...

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് കാവ്യ മാധവന്‍. സാക്ഷിയായ വനിതയെ ചോദ്യം ചെയ്യാന്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ സാഹചര്യത്തില്‍ കാവ്യ താല്‍പ്പര്യപ്പെടുന്ന സ്ഥലത്ത് എത്തി ചോദ്യം ചെയ്യാമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഞായറാഴ്ച വൈകീട്ട് സ്ഥലം അറിയിക്കണമെന്നും ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നു.

നേരത്തെ കാവ്യയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങിയിരുന്നു എങ്കിലും കാവ്യ കേരളത്തിലുണ്ടായിരുന്നില്ല. ചെന്നൈയിലായതിനാല്‍ ഹാജരാകുന്നതിന് തടസമുണ്ടെന്നാണ് ആദ്യം അറിയിച്ചത്. വരും ദിവസങ്ങളില്‍ നാട്ടിലെത്തുമെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ല എന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചത്. ഈ വേളയില്‍ ബുധനാഴ്ച ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കി. ആലുവയിലെ വീട്ടില്‍ വച്ചാകും ചോദ്യം ചെയ്യുക. കാവ്യയുടെ കൂടി സൗകര്യം പരിഗണിച്ചാണ് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാകും ചോദ്യം ചെയ്യുക.

കാവ്യയെ ചോദ്യം ചെയ്യുന്നതിലൂടെ കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. 2017ല്‍ കേസിന് ആസ്പദമായ സംഭവം നടന്ന ശേഷം കാവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അന്ന് പല ചോദ്യങ്ങള്‍ക്കും കാവ്യ കരയുകയാണ് ചെയ്തത് എന്ന് വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് കാവ്യയുടെ പേര് ഇത്രയും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് വഴി വച്ചത്. ദിലീപുമായി അടുപ്പമുണ്ടായിരുന്ന ബാലചന്ദ്ര കുമാര്‍ പറയുന്നത് അന്വേഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ 15നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നല്‍കിയ നിര്‍ദേശം.
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിര്‍ണായകമായ ചില വിവരങ്ങള്‍ കിട്ടി എന്നും അന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാവ്യയെ കുറിച്ചുള്ള ഒരു ശബ്ദരേഖയും പുറത്തുവന്നിരുന്നു. സുരാജിന്റേതാണിത് എന്നാണ് പറയപ്പെടുന്നത്. ഈ ശബ്ദരേഖ സംബന്ധിച്ച് കാവ്യയോട് വിശദമായി ചോദിച്ചറിയേണ്ടതുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ഡിജിറ്റല്‍ തെളിവുകളിലാണ് കാവ്യ സംശയനിഴലിലാകുന്നത്. നടിയെ ആക്രമിച്ച ദൃശ്യം പകര്‍ത്തിയ പ്രതികള്‍ കാവ്യയുടെ സ്ഥാപനത്തില്‍ മെമ്മറികാര്‍ഡ് എത്തിച്ചു എന്നാണ് ഒരു ആരോപണം. പള്‍സര്‍ സുനി ദിലീപിന്റെ വീട്ടില്‍ എത്തി, ഇയാള്‍ക്ക് ദിലീപുമായി നേരത്തെ പരിചയമുണ്ട് എന്നീ ആരോപണങ്ങള്‍ സംബന്ധിച്ചും കാവ്യയില്‍ നിന്ന് വിവരങ്ങള്‍ ആരായും. വിഐപി വീട്ടിലെത്തിയ വേളയില്‍ അവിടെയുണ്ടായിരുന്ന മറ്റൊരു നടി ആര് എന്ന ചോദ്യവും ഉണ്ടാകും. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരില്‍ നിന്ന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.












Click it and Unblock the Notifications