'കാവ്യ അത് പറഞ്ഞതിന്റെ അർത്ഥം പണി വെച്ചിട്ടുണ്ടെന്ന് തന്നെ; അതിജീവിത യുവതലമുറക്ക് റോൾ മോഡൽ'; സിൻസി
കൊച്ചി: നിടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ 'തേടിയവള്ളി കാലിൽ ചുറ്റലൊന്നും' വേണ്ട പോലെ ഫലം കണ്ടില്ലെന്നാണ് അധിക കുറ്റപത്രം കോടതി സ്വീകരിച്ചതിലൂടെ മനസിലാകുന്നതെന്ന് സിൻസി അനിൽ. കേസ് നടപടികൾ ഇപ്പോൾ തൃപ്തികരമായ നിലയിലാണ് പോകുന്നതെന്നാണ് ഇപ്പോൾ തോന്നുന്നത്. ദിലീപിന് അപ്പീലിന് പോകാൻ കഴിയുമെന്നത് കൊണ്ട് തന്നെ കേസ് ഇനിയും വൈകിപ്പോകാനുള്ള സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു സിൻസിയുടെ പ്രതികരണം. വായിക്കാം

'കേസ് നടപടികൾ ഇപ്പോൾ തൃപ്തികരമായ നിലയിലാണ് പോകുന്നതെന്നാണ് ഇപ്പോൾ തോന്നുന്നത്. ദിലീപിന് അപ്പീലിന് പോകാൻ കഴിയുമെന്നത് കൊണ്ട് തന്നെ കേസ് ഇനിയും വൈകിപ്പോകാനുള്ള സാധ്യത ഉണ്ട്. വീണ്ടും കേസിൽ അപ്പീലുമായി പോകാൻ കഴിവുള്ള ആൾ തന്നെയാണല്ലോ എതിർ വശത്ത് നിൽക്കുന്നത്. അധിക കുറ്റപത്രം ചാർജ് ചെയ്തതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്
തേടിയ വളളി കാലിൽ ചുറ്റിയതിനൊന്നും വിചാരിച്ച ഫലമുണ്ടായില്ലെന്നാണ് .

പുറത്ത് വന്ന ശബ്ദരേഖകളിൽ കേട്ട ശ്രമങ്ങളുടെ ഫലമൊന്നുമുണ്ടായിട്ടില്ല. കാരണം കോടതി തന്നെ പറയുന്നുണ്ട് പ്രഥമദൃഷ്ടാ തെളിവുണ്ട്, ക്ലീൻ ചീറ്റ് തരാൻ പറ്റില്ലെന്നൊക്കെ കോടതി വ്യക്തമാക്കുന്നുണ്ട്. പലപ്പോഴും പല അട്ടിമറിയും സ്വാധീന ശ്രമങ്ങളുമെല്ലാം മുന്നിലോട്ട് വരുമ്പോൾ നമ്മൾ പതറി പോയിട്ടുണ്ട്. നീതി കിട്ടുമോയെന്ന സംശയം ഉണ്ടായിരുന്നു. എന്നാൽ സ്വാധീന ശ്രമങ്ങളൊന്നും ഫലവത്തായില്ലെന്ന് ഇപ്പോൾ മനസിലാക്കുന്നു', സിൻസി അനിൽ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലേക്ക് തെളിവുണ്ടാക്കാൻ വധഗൂഡാലോചന കേസ് ഫ്രയിം ചെയ്യുകയായിരുന്നുവെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട് ചർച്ചയ്ക്കിടെ ഉയർത്തിയ ആരോപണത്തേയും സിൻസി ചോദ്യം ചെയ്തു. പ്രോസിക്യൂഷനോട് കേസെടുത്ത എഡിജിപി ശ്രീജിത്തിനോ ദിലീപിനോട് എന്തെങ്കിലും വ്യക്തിപരമായിട്ടുള്ള വൈരാഗ്യം ഉണ്ടോയെന്നായിരുന്നു സിൻസി ചോദിച്ചത്.

എന്നാൽ പ്രോസിക്യൂഷനോ പോലീസിനോ ദിലീപിനോട് വ്യക്തി വൈരാഗ്യമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ കേസിൽ ദിലീപിനെ പ്രതിയാക്കാൻ സിനിമാ മേഖലയിൽ നിന്നും ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു സജി നന്ത്യാട്ടിന്റെ മറുപടി.ദിലീപിനെ ശിക്ഷിച്ചില്ലെങ്കിൽ പ്രോസിക്യൂഷന് ക്ഷീണമാണ്. ദിലീപ് പ്രതിയായത് കൊണ്ടാണ് ഇവിടെ കേസ് ചർച്ചയാകുന്നത്. ദിലീപിനെതിരായ കുറ്റം ഗൂഢാലോചനയാണ്. പൾസർ സുനിയുമായി ഗൂഢോലചന നടത്തിയെന്നാണ്. അത് പ്രൂവ് ചെയ്യാൻ തെളിവ് വേണം. 200 ഓളം സാക്ഷികൾ വന്നിട്ട് കാര്യമില്ല', സജി നന്ത്യാട്ട് പറഞ്ഞു.

അതിനിടെ സാക്ഷികൾ കൂറുമാറിയെന്ന പ്രോസിക്യൂഷൻ വാദത്തിനെതിരേയും സജി നന്ത്യാട്ട് വിമർശനം ഉയർത്തി. കൂറുമാറി എന്ന് പറയപ്പെടുന്ന സാക്ഷികളിൽ ഒരാൾ കാവ്യ മാധവനാണ്, സിദ്ധിഖ്, ഇടവേള ബാബു എന്നിവരാണ്. അവർക്ക് ഈ കേസിൽ എന്താണ് ബന്ധം? ഇടവേള ബാബുവും സിദ്ധിഖുമൊക്കെ ആദ്യം പറഞ്ഞ മൊഴി ഓർമ്മയുണ്ടോയെന്നും സജി നന്ത്യാട്ട് ചോദിച്ചു. ഇതിന് താൻ മറുപടി നൽകാമെന്ന് സിൻസി അനിൽ പറഞ്ഞു.

'മഴവിൽ അഴകിൽ അമ്മ എന്ന പരിപാടിയുടെ പ്രാക്ടീസിന്റെ സമയത്ത് അക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ സിനിമയിൽ അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് തർക്കം ഉണ്ടായി. അതിനൊടുവിൽ നിന്നെ ഞാൻ ജീവിനോടെ കത്തിക്കുമെന്നോ മറ്റോ ദിലീപ് പറഞ്ഞുവെന്നാണ് ഇടവേള ബാബുവും സിദ്ധിഖുമൊക്ക ആദ്യം പോലീസിന് നൽകിയ മൊഴി', സിൻസി പറഞ്ഞു.

'വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യ പറഞ്ഞത് ഞാൻ ദിലീപേട്ടനോട് പറഞ്ഞിട്ടുണ്ട് 'ദിലീപേട്ടാ എല്ലാവരേയും ഓർത്ത് വെച്ചോളണം, ഓരോ സാഹചര്യങ്ങളും ഓരോരുത്തരും പറഞ്ഞതുമെല്ലാം ഓർത്ത് വെച്ചോളണം, ഒന്നും നമ്മൾ പറഞ്ഞ് പോകരുതെന്ന്'. അതിനർത്ഥം എന്താണ്? ഇവർക്ക് എതിരെ പറയുന്നവർക്കൊക്കെ അവർ പണി വെച്ചിട്ടുണ്ടെന്നാണ്, തനിക്കൊക്കെ എന്തെങ്കിലും പണി വരുമോയെന്ന് കണ്ടറിയാമെന്നും സിൻസി പറഞ്ഞു.

അതേസമയം അതിജീവിത ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് വന്നുവെന്നത് വൈകിപ്പോയി എന്നാണ് താൻ പറയുന്നതെന്നും സിൻസി കൂട്ടിച്ചേർത്തു. 'കുറച്ച് മുൻപ് അവർ വന്നിരുന്നുവെങ്കിൽ കേസിൽ കുറച്ച് കൂടെ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുമായിരുന്നുവെന്ന തോന്നൽ എന്റെ ഉള്ളിൽ ഉണ്ട്. അവൾ ഇപ്പോൾ അതിജീവിച്ച് കഴിഞ്ഞു. ഇനി അവൾ നീതി നേടി കൊടുക്കുകയാണ് വേണ്ടത്. അതിജീവിതയെ റോൾ മോഡൽ ആയാണ് പുതുതലമുറ പെൺകുട്ടികൾ കാണുന്നത്. മറ്റൊരാളെ ചൂണ്ടിക്കാണിക്കാൻ ഇല്ലെന്നാണ് അവർ പറയുന്നത്. അത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്', സിൻസി പറഞ്ഞു.












Click it and Unblock the Notifications