ദിലീപ് കൈമാറാത്ത 2 ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്..റിപ്പോർട്ട് ലഭിച്ചു..നിർണായകം
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും നിർണായകമെന്ന് കരുതപ്പെടുന്ന രണ്ട് ഫോണുകളിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്. കേസിന്റെ ഗതിയെ തന്നെ നിർണയിക്കാൻ കഴിയുന്ന ഫോണുകളാണ് ഇവ രണ്ടുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തേ ഈ രണ്ട് ഫോണുകളും കോടതിയിൽ ഹാജരാക്കാൻ പ്രതികൾ തയ്യാറായിരുന്നില്ല. ഈ ഫോണുകളിലെ വിവരങ്ങളുടെ പകർപ്പ് ( മിറർ ഇമേജ് ) ആണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റേയും കൂട്ടരുടേയും ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ ഫോറൻസിക് പരിശോധന ഫലമാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്. നിരവധി രേഖകൾ ഉള്ളതിനാൽ പരിശോധനയ്ക്കായി കൂടുതൽ സമയം വേണ്ടി വരുമെന്ന് അന്വേഷണ സംഘം നേരത്തേ കോടതിയിൽ അറിയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപും കൂട്ട് പ്രതികളും തങ്ങളുടെ ഫോണുകൾ കോടതിയിൽ ഹാജരാക്കിയത്.ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് സൂരാജിന്റേയും അടക്കമുള്ള ഫോണുകളായിരുന്നു ഇത്. ഏഴ് ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും 6 ഫോണുകൾ മാത്രമായിരുന്നു നൽകിയത്.

ഫോണുകൾ ഹാജരാക്കാൻ കോടതിയുടെ നിർദ്ദേശം വന്നതിന് തൊട്ട് പിന്നാലെ ഇതിൽ നാല് ഫോണുകൾ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ച് വിവരങ്ങൾ മായ്ച്ച് കളഞ്ഞതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതേസമയം കേസിൽ ഏറെ നിർണായകമായേക്കാവുന്ന മറ്റ് രണ്ട് ഫോണുകൾക്കുള്ള അന്വേഷണത്തിലായിരുന്നു ക്രൈംബ്രാഞ്ച് സംഘം. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ് ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്.
ദിൽഷയ്ക്കും ലക്ഷ്മിപ്രിയയ്ക്കും വായടിപ്പിച്ച് മറുപടി; ഷോർട്സിൽ കിടലൻ ചിത്രങ്ങളുമായി നിമിഷ..വൈറൽ

ദിലീപ് ജയിലിൽ കഴിയവെ ഈ ഫോണുകൾ ഉപയോഗിച്ചാണ് പുറത്ത് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണിലാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇരു ഫോണുകളും പ്രതികൾ ഒളിപ്പിച്ച് വെച്ചിരിക്കുകയോ നശിപ്പിച്ച് കളഞ്ഞുവെന്നോ ആണ് ക്രൈംബ്രാഞ്ച് നിഗമനം.

അതേസമയം തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നും ഈ ഫോണുകളുടെ മിറർ ഇമേജ് ലഭിച്ചതോടെ കേസിൽ പല നിർണായക തെളിവുകളും കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്. നേരത്തേ ആറ് ഫോണുകളുടെ ഫോറൻസിക് പരിശോധന ഫലവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പൂർണമായി പരിശോധിച്ച ശേഷമാകും ഇനി കേസിൽ ആരെയൊക്കെ ചോദ്യം ചെയ്യും എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.

കേസിൽ ഇനി നടി കാവ്യ മാധവനേയും അഭിഭാഷകരേയും ചോദ്യം ചെയ്യേണ്ടതുണ്ട്. കാവ്യ മാധവനെ നേരത്തേ ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങളിലും അറിയില്ലെന്ന മറുപടിയായിരുന്നു നടി നൽകിയത്. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനൊപ്പം കാവ്യയേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

അതേസമയം അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കേസിലെ പ്രധാന സാക്ഷികളാണ് അഭിഭാഷകർ. നേരത്തേ ബൈയിലേക്ക് ദിലീപിന്‍റെ ഫോണുമായി തെളിവ് നീക്കം ചെയ്യാൻ പോയ നാല് അഭിഭാഷകരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മാത്രമല്ല സാക്ഷികളെ സ്വാധീനിക്കാനും അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. എന്നാൽ ഉന്നത അനുമതി ഇക്കാര്യത്തിൽ ഇതുവരെ ലഭിച്ചിട്ടില്ല.












Click it and Unblock the Notifications