അതിജീവിതക്കെതിരെ പൾസർ സുനി; വിചാരണ കോടതിയിൽ പുതിയ ഹർജി, അതിജീവിതയുടെ നീക്കത്തിന് പിന്നിൽ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ ജാമ്യ ഹർജിയുമായി കേസിലെ ഒന്നാം പ്രതി പൾസർ സുനി. അഞ്ച് വർഷമായി താൻ വിചാരണ തടവുകാരനാണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വിചാരണ കോടതിയിൽ ഹർജി നൽകിയത്. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സുനി ഹർജിയിൽ പറയുന്നു.
Recommended Video
'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റാനുള്ള അതിജീവിതയുടെ ആവശ്യം കേസ് നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് സുനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ജില്ലാ സെഷൻസ് കോടതിയിലാണ് കേസ്. നേരത്തേ സിബിഐ കോടതിയിൽ ഉണ്ടായിരുന്ന കേസ് കോടതി ജഡ്ജി മാറിയതോടെ സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ അതിജീവിത രംഗത്തെത്തിയിരുന്നു. എന്നാൽ കേസിൽ കാലതാമസം വരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് അതിജീവിതയുടെ നീക്കം എന്നാണ് സുനിയുടെ ഹർജിയിലെ ആരോപണം.

കഴിഞ്ഞ അഞ്ച് വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും കേസിലെ മറ്റ് പ്രതികൾ എല്ലാവരും തന്നെ പുറത്താണെന്നും പൾസർ സുനി ഹർജിയിൽ പറയുന്നു. നേരത്തേ കേസിൽ ജാമ്യം തേടി സുപ്രീം കോടതിയെ സുനി സമീപിച്ചിരുന്നു. എന്നാൽ സുനിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതിയിലും പോലീസിലും നൽകിയ മൊഴിയിൽ സുനിക്കെതിരായ ആരോപണങ്ങളിൽ അതിജീവിത ഉറച്ച് നിൽക്കുകയാണ്, അതിനാൽ വിചാരണയുടെ ഈ ഘട്ടത്തിൽ ഇടപെടാൻ സാധിക്കില്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. അതേസമയം കോടതി ജാമ്യം നിഷേധിച്ച പിന്നാലെ പൾസർ സുനി തൃശ്ശൂരിലെ മാനസിക ചികിത്സാ കേന്ദ്രത്തിൽ ചികിത്സ തേടി.

ജയില്‍വാസം അനന്തമായി നീളുന്നത് മാനസിക പിരിമുറക്കുത്തിന് കാരണമായതിനെ തുടർന്നാണ് ചികിത്സ തേടിയതെന്നായിരുന്നു റിപ്പോർട്ട്. സുനി ആത്മഹത്യ പ്രവണത കാണിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായൊന്നും കണ്ടെത്താത്ത സാഹചര്യത്തിൽ പെട്ടെന്ന് തന്നെ സുനിയെ ഡിസ്ചാർജ് ചെയ്തു.അതേസമയം തന്റെ മകന് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ചിലർ മകനെ മാനസിക രോഗിയാക്കാൻ ശ്രമിക്കുകയാണെന്നുമായിരുന്നു അന്ന് സുനിയുടെ അമ്മ ആരോപിച്ചത്. മാനസിക രോഗിയാക്കി തീർക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് അവന് അറിയാമായിരുന്നുവെന്നും ശോഭന പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനായിരുന്നു ആദ്യം ജാമ്യം ലഭിച്ചത്. പിന്നീട് പലഘട്ടങ്ങളിലായാണ് മറ്റ് പ്രതികൾ ഇറങ്ങിയത്. രാജേഷ്, മാർട്ടിൻ എന്നീ പ്രതികൾ ഊ വർഷമാണ് ജയിലിൽ നിന്നും ഇറങ്ങിയത്. അതേസമയം എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഹർജിയിൽ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

അതിനിടെ ഇന്ന് നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണ കോടതി നോട്ടീസ് അയച്ചു. കോടിയിൽ നിന്നും രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹർജിയിലാണ് വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് നോട്ടീസ് അയച്ചത്. ഇന്ന് വിചാരണയുടെ ഭാഗമായി കേസ് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നടപടി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ചില രേഖകൾ മാധ്യമപ്രവർത്തകർക്ക് ചോർത്തി നൽകിയെന്ന് ആരോപിച്ചായിരുന്നു ദിലീപ് ബൈജു പൗലോസിനെതിരെ ഹർജി നൽകിയത്. ഫോണിൽ പകർത്തിയാണ് രേഖകൾ ചോർത്തിയത്. നടപടി കോടതി അലക്ഷ്യമാണ്. ശക്തമായ നടപടി സ്വീകരിക്കണം എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി നടപടിയെടുത്തത്.

കഴിഞ്ഞാഴ്ചയും വിചാരണ കോടതി ബൈജു പൗലോസിനെതിരെ രംഗത്തെത്തിയത്. വിചാരണ നടപടികൾ പങ്കെടുക്കാതെ അന്വേഷണ ഉദ്യോഗസ്ഥൻ കറങ്ങി നടക്കുകയാണെന്നായിരുന്നു കോടതി വിമർശിച്ചത്. മാത്രമല്ല കോടതിയിലെ കീഴ് ജീവനക്കാരനെ ഭീഷണിപ്പെടുത്തി കോടതിയിൽ നിന്നും ചില രേഖകൾ കൈക്കലാക്കുന്നുവെന്നായിരുന്നു ആക്ഷേപം.












Click it and Unblock the Notifications