'അതിജീവിതയുടെ തിരിച്ച് വരവിന് നിർണായകമായ അതാണ്; സെറ്റിലൊക്കെ ആളുകൾ എങ്ങനെ പെരുമാറുമെന്ന് ഭയന്നിരുന്നു'
അതിജീവിതയുടെ ഒരുപാട് പല സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്ന് ധന്യ പറയുന്നു

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ മടങ്ങിവരവിനൊരുങ്ങുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' (Ntikkakkakkoru Premondarnn) എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം ഇന്നിംങ്സ്. മടങ്ങി വരവിൽ നിരവധി പേർ താരത്തിന് ആശംസ അറിയിക്കുന്നുണ്ട്.
അതിനിടെ നടിയുടെ തിരിച്ച് വരവിനെ കുറിച്ച് പറയുകയാണ് സുഹൃത്തും മാധ്യമപ്രവർത്തകയുമായ ധന്യ രാജേന്ദ്രൻ. അതിജീവിതയുടെ ഒരുപാട് പല സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ലെന്ന് ധന്യ പറയുന്നു. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് അവരുടെ പ്രതികരണം. വായിക്കാം

അത് സിനിമാ മേഖലയുടെ ഒരു പരാജയമായിരുന്നു
അഞ്ച് വർഷം അതിജീവിത എന്തുകൊണ്ട് വന്നില്ലെന്നത് ഒരു ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. അതിജീവിത തന്നെ പറഞ്ഞിട്ടുണ്ട് അവർ ബാംഗ്ലൂരിൽ ഉണ്ടാക്കിയ ആ സേഫ് സാഹചര്യം കളയേണ്ടതുണ്ടോയെന്ന് ചിന്തിച്ചിട്ടുണ്ടെന്ന്.അതിജീവിതയുടെ ഒരുപാട് സുഹൃത്തുക്കളും അവരെ മടക്കി കൊണ്ടുവരാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരെ സംബന്ധിച്ച് ഒരു സുരക്ഷിതമായ സാഹചര്യം ആണ് എന്ന് നമ്മുക്ക് ബോധ്യപ്പെടുത്താൻ സാധിച്ചിരുന്നില്ല. അത് സിനിമാ മേഖലയുടെ ഒരു പരാജയമായിരുന്നു.

ബാലചന്ദ്രകുമാറിന്റെ വരവ്
കേസ് അവസാനിച്ചെന്ന് പൊതുസമൂഹം കരുതിയിടത്ത് ബാലചന്ദ്രകുമാർ വരികയും ആ സമയത്ത് സമൂഹത്തിൽ നിന്നും അവർക്ക് ലഭിച്ച വലിയ പിന്തുണയുമാണ് അവർക്ക് തിരിച്ച് വരവിന് പ്രചോദനമായത്. ആഷിഖ് അബു ,പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേർ അവരെ മടക്കി കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. എന്നാൽ തിരിച്ച് വന്നാൽ പ്രശ്നമാകുമോ? സെറ്റിലൊക്കെ ആളുകൾ എങ്ങനെ പെരുമാറും എന്നൊക്കെയുള്ള ഭയം അവർക്കുണ്ടായിരുന്നു. ജനങ്ങളുടെ പിന്തുണ തന്നെയാണ് അവർക്ക് ഇപ്പോൾ പ്രചോദനമായിരിക്കുന്നത്.

അതിജീവിതയോട് എങ്ങനെ പെരുമാറുന്നു എന്നതാണ്
അതിജീവിത തിരിച്ച് വരവിന് തയ്യാറെടുത്തപ്പോൾ ദുബായിൽ വെച്ചൊരു പരിപാടിയിൽ അവർ ധരിച്ചൊരു വസ്ത്രത്തെ കുറിച്ച് ഒരു വിവാദം ഉണ്ടായിരുന്നു. ആ സമയത്ത് രണ്ടാമത്തെ മലയാള ചിത്രം കരാർ ഒപ്പ് വൈക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. അന്നും അവർക്ക് ആശങ്ക ഉണ്ടായി. നമ്മുടെ സമൂഹം അതിജീവിതയോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. സമൂഹം അതിജീവിതയ്ക്ക് കൊടുക്കേണ്ട ഒരു പിന്തുണയുണ്ട്.

സിനിമാ മേഖലയിൽ നിന്ന് പിന്തുണച്ചെങ്കിലും
തുടക്കത്തിൽ സിനിമാ മേഖലയിൽ നിന്ന് പിന്തുണച്ചെങ്കിലും പിന്നീട് അതൊക്കെ കുറഞ്ഞ് വരുന്ന സാഹചര്യം ഉണ്ടായിരുന്നു. അവൾക്കൊപ്പം എന്ന് പറഞ്ഞ് അവനോടൊപ്പം എന്ന് പലരും പറഞ്ഞപ്പോൾ സിനിമാ മേഖലയിൽ നിന്നുളളവർ ഒപ്പമുണ്ടെന്ന നൂറ് ശതമാനം വിശ്വാസം അവർക്കുണ്ടായിരുന്നില്ല. അതിജീവിത ആദ്യമായി ഇതിനെ കുറിച്ച് പോസ്റ്റ് ഇട്ടപ്പോൾ അന്ന് സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ പിന്തുണച്ച് എത്തി. അതാണ് അവർക്ക് തിരിച്ച് വരവിന് ധൈര്യം പകർന്നത്.

അതിജീവിതയുടെ മാത്രം പോരാട്ടമല്ല
അതിജീവിത രണ്ടാമത്തെ സിനിമ കൂടി ഉടൻ ചെയ്യുന്നുണ്ട്. എന്നിരുന്നാലും കേസിന്റെ വിധി വരാനിരിക്കുകയാണ്. അതിന് ശേഷമുള്ള പ്രതികരണം അനുസരിച്ചായിരിക്കും അവർ ഇനിയും സിനിമകൾ ചെയ്യുമോയെന്നത് തീരുമാനിച്ചേക്കുക. അതിജീവിതയുടെ മാത്രം പോരാട്ടമല്ല, ഇത് കുറേ പേരുടെ പോരാട്ടം കൂടിയാണ്. ഡബ്ല്യുസിസി അടക്കം പലരും അവർക്ക് വേണ്ടി പോരാടുകയാണ്. ഇവരുടെ പോരാട്ടം കൊണ്ട് മലയാള സിനിമയിൽ വലിയ മാറ്റം ഉണ്ടായി എന്നൊന്നും പറയാൻ പറ്റില്ല. എന്നിരുന്നാലും ഇതൊരു പോസിറ്റീവായ കാര്യമാണ്', ചർച്ചയിൽ ധന്യ പറഞ്ഞു.

കുറ്റം ചെയ്തയാൾ മീശപിരിച്ച് സിനിമയിൽ ഞെളിഞ്ഞ് നടക്കുകയും
അതേസമയം അതിജീവിതയുടെ തിരിച്ച് വരവ് മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ പ്രകാശ് ബാരെയുടെ പ്രതികരണം.. ഇത്തരം കേസുകളിൽ കുറ്റം ചെയ്തയാൾ മീശപിരിച്ച് സിനിമയിൽ ഞെളിഞ്ഞ് നടക്കുകയും അനുഭവിച്ചവർ സമൂഹത്തിന്റെ മുന്നിൽവരാൻ ധൈര്യപ്പെടാതെ ഒളിച്ചോടുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ അതിജീവിത ഈ കേസിൽ ധൈര്യത്തോടെ നിലപാട് എടുക്കുകയും യാതൊരു ചഞ്ചലതയും ഇല്ലാതെ നിലനിൽക്കുകയും ചെയ്ത് അവസാനം മലയാളിയുടെ മുന്നിലേക്ക് സിനിമയിലൂടെ തിരിച്ച് വരികയാണ്', പ്രകാശ് ബാരെ പറഞ്ഞു. .












Click it and Unblock the Notifications