ആ രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്; 4 മാസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി... 5 വര്‍ഷം...
കൊച്ചി: തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി ഒരുസംഘം അകത്ത് കയറുകയായിരുന്നു. ശാരീരികമായി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 2017 ഫെബ്രുവരി 17ന് പുലര്‍ച്ചെയാണ് സംഭവങ്ങള്‍. അതായത് അഞ്ച് വര്‍ഷമായി. ഇതുവരെ കേസിന്റെ വിചാരണ പൂര്‍ത്തിയാട്ടില്ല.
വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് ചില വെളിപ്പെടുത്തലുകളുണ്ടായതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതും. എന്നാല്‍ പുതിയ കേസില്‍ തെളിവെവിടെ എന്ന കോടതിയുടെ ചോദ്യത്തിന് മുമ്പില്‍ പോലീസ് പകച്ചുനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കില്ലേ എന്ന ചോദ്യവും ശക്തമാകുകയാണ്. സഹപ്രവര്‍ത്തകന്‍ നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് നടി ആക്രമിക്കപ്പെട്ടത് എന്നാണ് പോലീസ് കണ്ടെത്തല്‍...

കേസില്‍ ആദ്യം അറസ്റ്റിലായത് മാര്‍ട്ടിന്‍ എന്ന വ്യക്തിയാണ്. ആക്രമണത്തിന് ഇരയായ നടിയുടെ ഡ്രൈവറായിരുന്നു ഇയാള്‍. പ്രധാന പ്രതി പള്‍സര്‍ സുനിക്ക് നടിയുടെ യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത് മാര്‍ട്ടിനാണ് എന്ന് പോലീസ് ആരോപിച്ചു. എന്നാല്‍ തന്റെ കക്ഷിയും നടിയെ പോലെ ആക്രമണത്തിന് ഇരയായി എന്നായിരുന്നു മാര്‍ട്ടിന്റെ അഭിഭാഷകന്‍ വാദിച്ചത്.

ദിവസങ്ങള്‍ക്കകം കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയും കൂട്ടാളിയും അറസ്റ്റിലായി. ഒളിവിലായിരുന്ന ഇയാള്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇതോടെ കേസ് അന്വേഷണം അവസാനിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സുനി ജയിലില്‍ വച്ച് നടന്‍ ദിലീപിന് കത്തയച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രതി ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ച് ദിലീപ് രംഗത്തെത്തി.

സുനിയുടെ സെല്ലില്‍ പോലീസ് നിയോഗിച്ച വ്യക്തിയും തടവുകാരനായി ഉണ്ടായിരുന്നുവെന്നും അങ്ങനെയാണ് പ്രതികളുടെ രഹസ്യങ്ങള്‍ ചോര്‍ന്നതെന്നും കേസിന്റെ ആദ്യ നാളുകളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ദിലീപ് ആണ് നടി ആക്രമിക്കപ്പെടാന്‍ കാരണമെന്ന് പോലീസ് ആരോപിച്ചു. ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു.

ആദ്യം വിട്ടയച്ചെങ്കിലും പിന്നീട് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2017 ജുലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപിന് കടുത്ത വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചു. ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നു. ദിലീപിന് ജയിലില്‍ വീട്ടിലെ പോലെ സൗകര്യങ്ങള്‍ ലഭിച്ചുവെന്നും വിമര്‍ശനമുണ്ടായി.

വനിതാ ജഡ്ജിക്ക് മുമ്പില്‍ വിചാരണ ചെയ്യണമെന്ന് അതിജീവിത ആവശ്യപ്പെട്ടത് സര്‍ക്കാര്‍ അംഗീകരിച്ചു. വിചാരണ തുടങ്ങിയ വേളയില്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപഹര്‍ജികള്‍ സമര്‍പ്പിച്ചത് നടപടികള്‍ വൈകാന്‍ കാരണമായി. വിചാരണക്കിടെ നിരവധി സാക്ഷികള്‍ കൂറുമാറി എന്ന വാര്‍ത്തകളും വന്നു. വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിച്ച് രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിചാരണ വൈകിപ്പിച്ചു.

2022 ഫെബ്രുവരി 15ന് വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി ഏറ്റവും ഒടുവില്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍ ആഴ്ചകള്‍ക്ക് മുമ്പ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ ദിലീപിന് പങ്കുണ്ടെന്ന് ആരോപിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന പുതിയ കേസ് ദിലീപിനെതിരെ എടുത്തു. കാര്യമായ തെളിവ് ഹാജാരാക്കിയില്ലെന്ന് ചണ്ടിക്കാട്ടി ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കി.

അതേസമയം, നടി ആക്രമിക്കപ്പെട്ട വീഡിയോ എറണാകുളം കോടതിയില്‍ നിന്ന് ചോര്‍ന്നു എന്ന വിവരം പുറത്തായി. നടിയുടെ ആവശ്യം കണക്കിലെടുത്ത് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന് നടി ആവശ്യപ്പെട്ടിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കാനിരിക്കെ നടക്കുന്ന പുതിയ മാറ്റങ്ങള്‍ വിചാരണ നീട്ടാനുള്ള ശ്രമമാണെന്ന് ദിലിപ് പറയുന്നു. അഞ്ച് വര്‍ഷം തികയുമ്പോള്‍ കേസില്‍ ചോദ്യങ്ങള്‍ പലതും ബാക്കിയാണ്. വിചാരണ എന്ന് പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയും ചെയ്യുന്നു.












Click it and Unblock the Notifications