നടി കേസ്: പൾസർ സുനിക്ക് ഇന്ന് നിർണായകം, ആവശ്യം ഹൈക്കോടതി അംഗീകരിക്കുമോ?

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നീണ്ട് പോകുന്ന സാഹചര്യത്തിലാണ് സുനി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

പൾസുനി വിചാരണ തടവുകാരനായി തുടരുന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് പൾസർ സുനി. നിരവധി തവണ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും ജാമ്യാപേക്ഷയുമായി സുനി സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു. കഴിഞ്ഞ മാർച്ചിൽ സുനിക്കൊപ്പം ജയിലിൽ കഴിഞ്ഞ പ്രതി വിജീഷിന് ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സുനി വീണ്ടും ഹൈക്കോടതിയിൽ അപേക്ഷ നൽകി. പതിവ് പോലെ ഹൈക്കോടതി അപേക്ഷ തള്ളി. ഇതോടെ സുനി ജാമ്യ ഹർജിയുമായി സുപ്രീം കോടതിയിലെത്തി.

വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിൽ
വിചാരണ തടവുകാരനായി 6 വർഷമായി താൻ ജയിലിൽ കഴിയുകയാണെന്നും ജാമ്യം വേണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. എന്നാൽ കടുത്ത എതിർപ്പായിരുന്നു സുനിയുടെ ആവശ്യത്തിനെതിരെ സർക്കാർ ഉയർത്തിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിയായ ആളാണ് സുനിയെന്നും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ നിലപാട് എടുത്തു. ഇതോടെ സുപ്രീം കോടതിയും സുനിയുടെ ആവശ്യം തള്ളുകയായിരുന്നു.എന്നാൽ വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിൽ ജാമ്യത്തിനായി സുനിക്ക് കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ ജനവരി 31 നുള്ളിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ ജനവരി 31 നുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന നിർദ്ദേശം സുപ്രീം കോടതി നൽകിയിരുന്നു. എന്നാൽ വിചാരണ പൂർത്തിയായിട്ടില്ല. ഇനിയും കൂടുതൽ പേരെ കേസിൽ വിസ്തരിക്കാനുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സുനി വീണ്ടും കോടതിയിൽ എത്തിയിരിക്കുന്നത്. കേസിൽ വിചാരണ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സുനി ജയിലിന് പുറത്തേക്കിറങ്ങുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

സുനിയ്ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത
നിലവിലെ സാഹചര്യത്തിൽ സുനിയ്ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കുറ്റംകൃത്യം പരിഗണിച്ച് ജാമ്യത്തിന് സാധ്യത ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുറത്തിറങ്ങുന്നതിനേക്കാൾ അയാളുടെ ജീവന് സുരക്ഷ ജയിലിന് അകത്ത് കിടക്കുമ്പോഴാണെന്നാണ് അതിജീവിതയുടെ അഭിഭാഷകയായ അഡ്വ മിനി നേരത്തേ അഭിപ്രായപ്പെട്ടത്.

വിചാരണ കോടതി സുപ്രീം കോടതിയിൽ
അതിനിടെ നടി കേസിൽ ഇതുവരെയുള്ള വിചാരണ നടപടികൾ സംബന്ധിച്ചുള്ള റിപ്പോർട്ട് വിചാരണ കോടതി സുപ്രീം കോടതിയിൽ സമർപ്പിച്ചു. രജിസ്ട്രാർ മുഖേനയാണ് തത്സമയ റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിക്ക് കൈമാറിയത്. വിചാരണ പൂർത്തിയാക്കാൻ മാർച്ച് വരെ വിചാരണ കോടതി സമയം തേടിയേക്കുമെന്നാണ് സൂചന.

ദിലീപ് സമർപ്പിച്ച ഹർജിയും
അതേസമയം കേസിൽ ദിലീപ് സമർപ്പിച്ച ഹർജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ വിസ്താരം സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് ആവശ്യപ്പെട്ടുള്ളതാണ് ദിലീപിന്റെ ഹർജി. മാത്രമല്ല തന്റെ മുൻ ഭാര്യ മഞ്ജു വാര്യർ അടക്കമുള്ള നേരത്തേ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രീം കോടതി എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്. മഞ്ജു അടക്കമുള്ളവരെ വിസ്തരിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടാൽ പ്രോസിക്യൂഷനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയാകും.












Click it and Unblock the Notifications