'അത് കാവ്യ മാധവന് മാത്രം പ്രത്യേകമായി ഉള്ളതല്ല; എല്ലാവർക്കും ആ അവകാശമുണ്ട്'
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ അഭ്യൂഹങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിലനില്‍ക്കുന്നത്. താരത്തെ ഏത് നിമിഷവും ചോദ്യം ചെയ്തേക്കാമെന്ന റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച തർക്കം മൂലം ഇത് നീണ്ടുപോവുകയാണ് ചെയ്യുന്നത്. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യാമെന്ന നിലപാടില്‍ കാവ്യ ഉറച്ച് നില്‍ക്കുമ്പോള്‍ അന്വേഷണ സംഘം ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.
എന്നാല്‍ സാക്ഷിയെന്ന നിലയില്‍ കാവ്യ നിശ്ചയിക്കുന്ന സ്ഥലത്ത് തന്നെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് അഡ്വ. മുഹമ്മദ് ഷാ ഉള്‍പ്പടേയുള്ള നിയമവിദഗ്ധർ വ്യക്തമാക്കുന്നത്. സാക്ഷി എന്ന നിലയിൽ കാവ്യ മാധവനെ വിളിച്ചു വരുത്താൻ പൊലീസിന് അധികാരമില്ലെന്നാണ് മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റ് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നത്.

ഒരു കേസിന്റെ അന്വേഷണത്തിനായി പൊലീസ് ആരെ വിളിച്ചാലും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് പോയി മൊഴികൊടുക്കാന്‍ ആളുകള്‍ ബാധ്യസ്ഥരാണ്. ക്രിമിനൽ നിയമം, വകുപ്പ്160, ഉപവകുപ്പ് 1 പ്രകാരമാണ് നോട്ടീസ് കൊടുക്കുന്നത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്യലിനായി വിളിക്കുന്നയാള്‍ 15 വയസ്സിന് താഴെയുള്ള കുട്ടിയോ 65 വയസ്സിന് മുകളിലുള്ള മുതിർന്നവരോ മാനസികമോ ശാരീരികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരോ സ്ത്രീകളോ ആണെങ്കില്‍ നോട്ടീസ് കൊടുത്തതിന് ശേഷം വീട്ടീല്‍ പോയി മൊഴിയെടുക്കാനെ സാധ്യമാവുകയുള്ളുവെന്നും മുഹമ്മദ് ഷാ വ്യക്തമാക്കുന്നു.

മേല്‍പ്പറഞ്ഞ പട്ടികയില്‍പ്പെടുന്ന ആളുകളെ ഒരു കാരണവശാലും സാക്ഷിയെന്ന നിലയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി ചോദ്യം ചെയ്യാന്‍ സാധിക്കില്ല. ഇത് നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന് മാത്രം കിട്ടുന്ന ആനുകൂല്യമല്ല. ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിയമത്തിന്റെ ഈ ആനുകൂല്യം പൊലീസ് എല്ലാ കേസുകളിലും നല്‍കുന്നുണ്ടോയെന്ന കാര്യം വേറെ കാര്യമാണ്. എന്നിരുന്നാല്‍ ഇത്തരം സംരക്ഷണങ്ങള്‍ നമ്മുടെ നിയമത്തിലുണ്ട്. ഇത് സാധാരണക്കാർക്കും കിട്ടുമോയെന്ന് ചോദിച്ചാല്‍ സാധാരണക്കാർ ഉള്‍പ്പടേയുള്ള എല്ലാ സ്ത്രീകള്‍ക്കും നിയമത്തിന്റെ ഈ ആനുകൂല്യം ലഭിക്കേണ്ടതാണ്.

ഈ നിയമം നിലനില്‍ക്കെ തന്നെ സ്ത്രീകളെ ബുദ്ധിമുട്ടിച്ച പല കേസുകളും ഇവിടെയുണ്ടായിട്ടുണ്ട്. അത്തരം കേസുകളില്‍ അവർ നിയമപരമായി മുന്നോട്ട് പോയാല്‍ നടപടിയുണ്ടായി. ഇവിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യയ്ക്ക് ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചപ്പോള്‍ അവർ നിയമം പറയുകയാണുണ്ടായത്. കാവ്യ വീട്ടില്‍ വന്ന് മൊഴിയെടുക്കണം എന്നാണ് പറയുന്നതെങ്കില്‍ പൊലീസ് അങ്ങനെ ചെയ്യേണ്ടി വരുമെന്നും മുഹമ്മദ് ഷാ ആവർത്തിക്കുന്നു.

പൊലീസുകാർ സ്ത്രീകള്‍ക്ക് നല്‍കേണ്ട നിയമസംരക്ഷണമാണത്. ക്രൈംബ്രാഞ്ചിന് അത് മനസ്സിലായിട്ടുണ്ട്. ഈ കേസില്‍ വിദഗ്ധമായ നിയമോപദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് വേണം പൊലീസ് മുന്നോട്ട് പോകാന്‍. വളരെ ഗൌരവമുള്ളതും ജനങ്ങള്‍ ഉറ്റ് നോക്കുന്നതുമായ ഒരു കേസാണിത്. ജനങ്ങൾക്ക് അന്വേഷണത്തിലും പ്രോസിക്യൂഷനിലുമുള്ള വിശ്വാസം ഉറപ്പിക്കേണ്ടതുണ്ട്...

കാവ്യയോട് ചോദ്യം ചെയ്യലിനായി പൊലീസ് ക്ലബ്ബില്‍ വരാന്‍ പറഞ്ഞത് നിയമോപദേശം തേടാതെയാണ്. അത് നിയമപരമായി തെറ്റാണ്. പൊലീസ് ആ രീതിയില്‍ മുന്നോട്ട് പോവാന്‍ സാധിക്കില്ല. ഇതിന് പുറമെ കേസുമായി കേസുമായി ബന്ധപ്പെടുന്നതെന്ന് ആരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ എന്തിനാണ് പുറത്തു വിടുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതിനെക്കുറിച്ചെല്ലാം നേരത്തെ അറിഞ്ഞാൽ എതിർകക്ഷികൾക്ക് ഉത്തരങ്ങളുമായി തയാറായി ചോദ്യം ചെയ്യലിന് എത്താം. അതുകൊണ്ട് അന്വേഷണ സംഘം സൂക്ഷ്മത പാലിക്കേണ്ടതുണ്ടെന്നും മനോരമ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് മുഹമ്മദ് ഷാ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications