ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചു; പരാതിയുമായി ദിലീപിന്റെ സഹോദരി
കൊച്ചി: നടന്‍ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ പരാതി. ദിലീപിന്റെ സഹോദരി ജയലക്ഷ്മി സുരാജ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കാണ്് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും മേധാവികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിച്ച 2025 ഡിസംബര്‍ 8-ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. തങ്ങളുടെ വാസസ്ഥലം സ്വകാര്യ സ്ഥലമാണ് എന്നും പൊതുസ്ഥലമല്ല എന്നും ഇവിടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ നിരീക്ഷണം നടത്താനാകില്ല എന്നും പരാതിയില്‍ പറയുന്നു.

കേസിന്റെ വിധി പറയുന്ന ദിവസം ദിലീപ് വീടുവിട്ട് കോടതിയിലേക്ക് പോകുന്നതും തിരികെ വീട്ടിലേക്കു വരുന്നതുമായ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചാണ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തത്. ഇത് വീട്ടിലെ സ്ത്രീകളുടേയും കുട്ടികളുടേയും സ്വകാര്യതയെ ഹനിക്കുന്നതാണ് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 'ഡ്രോണ്‍ ഉപയോഗിച്ച് ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സംപ്രേഷണം ചെയ്തു,' പരാതിയില്‍ പറയുന്നു.
റിപ്പോര്‍ട്ടര്‍ ടിവിയിലെ സംപ്രേഷണത്തിനിടെ ഡ്രോണ്‍ അയച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തന്നെ പരാമര്‍ശിക്കുന്നുണ്ട് എന്നും ഇത് ഈ കൃത്യത്തിലുള്ള തന്റെ പങ്ക് അദ്ദേഹം സമ്മതിക്കുന്നതിന് തുല്യമാണ് എന്നും ദിലീപിന്റെ സഹോദരി കൂട്ടിച്ചേര്‍ത്തു. വീട്ടിലെ അംഗങ്ങളുടെ സമ്മതമോ മുന്‍കൂര്‍ അനുമതിയോ കൂടാതെയാണ് തങ്ങളുടെ വാസസ്ഥലത്തിന് മുകളിലൂടെ ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറാനും, വാണിജ്യ ലാഭത്തിനായി നിയമവിരുദ്ധമായി ദൃശ്യങ്ങള്‍ ശേഖരിച്ച് സംപ്രേഷണം ചെയ്യാനുമുള്ള ദുരുദ്ദേശ്യത്തോടെയാണ്് ഡ്രോണ്‍ ഉപയോഗിച്ചത് എന്നും പരാതിയില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെയും ഏഷ്യാനെറ്റ് ടിവിയുടെയും ഈ പ്രവൃത്തികള്‍ തങ്ങളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണ് എന്നും പരാതിയില്‍ പറയുന്നു.
നിയമവിരുദ്ധമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിക്കുകയും സംപ്രേഷണം ചെയ്യുകയും ചെയ്തതിലൂടെ അന്നേ ദിവസം വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ അന്തസിനും സുരക്ഷയ്ക്കും സല്‍പ്പേരിനും പരിഹരിക്കാനാകാത്ത ദോഷം സംഭവിച്ചിരിക്കുന്നു എന്നും അതിനാല്‍, മേല്‍പറഞ്ഞ വ്യക്തികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഡ്രോണുകള്‍, മെമ്മറി കാര്‍ഡുകള്‍, സ്റ്റോറേജ് ഡിവൈസുകള്‍ എന്നിവ പിടിച്ചെടുക്കണമെന്നും പരാതിയിലുണ്ട്.












Click it and Unblock the Notifications