ആറര മണിക്കൂര്‍, 51 പേജുള്ള മൊഴി; ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള സംഭവങ്ങള്‍ പറഞ്ഞെന്ന് ബാലചന്ദ്രകുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ആറര മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുക്കലില്‍ തനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
'51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണം കോടതിയെ അറിയിച്ചു. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്,' മൊഴി കൊടുത്തതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന് മുമ്പാകെയാണ് ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. ദിലീപിനെതിരെ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഇത്.
നേരത്തെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നടിയെ ആക്രമിച്ച കേസ് വീണ്ടും വാര്‍ത്തയില്‍ നിറഞ്ഞത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തായിരുന്നു.
നടന്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ളത് അടുത്ത ബന്ധമാണെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി ഐ പി വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ദിലീപിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരുന്നു. അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ദിലീപ് പ്രതിയായ കേസ് അന്വേഷിച്ചത്. ഇവരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
പുറത്തുവന്ന ശബ്ദരേഖയും ഫോണ്‍ റെക്കോഡുകളും തെളിവായി ശേഖരിച്ചാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണഘട്ടം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായത്. പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകനെ കുടുക്കിയതാണെന്നും അവനല്ലെങ്കില്‍ മറ്റാരെങ്കിലും ഇത് ചെയ്യുമായിരുന്നു എന്നുമായിരുന്നു പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞിരുന്നത്.
അതേസമയം സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. കേരള പ്രോസിക്യൂട്ടര്‍ ഓഫീസ്, ഡി വൈ എസ് പി ബൈജു പൗലോസ്, എം വി നികേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍ ടി വി എന്നിവര്‍ക്കെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.












Click it and Unblock the Notifications