ദിലീപ് കുറ്റക്കാരനെന്ന് കോടതി വിധിച്ചാല്‍ നേട്ടം ഇടതിന്.. മറിച്ചായാല്‍ പന്ത് പ്രതിപക്ഷത്തിന്റെ കോര്‍ട്ടില്‍
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രഖ്യാപനം നാളെ നടക്കാനിരിക്കുകയാണ്. മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദിലീപ് ആണ് കേസിലെ എട്ടാം പ്രതി എന്നതിനാല്‍ തന്നെ നാളത്തെ വിധി എന്തായിരിക്കും എന്നാണ് കേരളമാകെ ഉറ്റുനോക്കുന്നത്. 2017 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അതേവര്‍ഷം ജൂലൈയില്‍ ദിലീപ് കേസില്‍ അറസ്റ്റിലായി.
ജാമ്യം ലഭിക്കുന്നതിന് മുന്‍പ് ഏകദേശം മൂന്ന് മാസത്തോളം ദിലീപ് ജയിലില്‍ കിടന്നു. അതിനുശേഷം തീവ്രമായ നിയമപോരാട്ടങ്ങള്‍, ചൂടേറിയ പൊതു ചര്‍ച്ചകള്‍, സിനിമാ വ്യവസായത്തിനുള്ളില്‍ രൂപപ്പെട്ട മൂര്‍ച്ചയുള്ള ഭിന്നതകള്‍, സ്വാധീനത്തിന്റെയും ഇടപെടലിന്റെയും ആവര്‍ത്തിച്ചുള്ള ആരോപണങ്ങള്‍ എന്നിവയാല്‍ നടിയെ ആക്രമിച്ച കേസ് ലൈംലൈറ്റില്‍ തന്നെ നിന്നു.

അതിനാല്‍ തന്നെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, വരാനിരിക്കുന്ന വിധിക്ക് രാഷ്ട്രീയവും സാമൂഹികവുമായ പ്രാധാന്യം വളരെ വലുതാണ്. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പും ആറ് മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ തന്നെ ദിലീപ് കേസിന്റെ വിധി എന്ത് തന്നെയായാലും അത് രാഷ്ട്രീയ കേരളത്തിലും സ്വാധീനം ചെലുത്തും എന്നതില്‍ തെല്ലും സംശയമില്ല.
നാളെ കൊച്ചിയിലെ വിചാരണ കോടതി കേസില്‍ ദിലീപ് കുറ്റക്കാരനാണ് എന്ന് വിധിച്ചാല്‍ ഇടതുപക്ഷത്തിനും ഇടത് സര്‍ക്കാരിനും വലിയ നേട്ടമാണ്. നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയുടെ ഉദാഹരണമായി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഫലത്തെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിഐപി പ്രതിക്ക് പോലും പൊലീസില്‍ നിന്ന് പ്രത്യേക പരിഗണന ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാരും സിപിഎമ്മും ഉയര്‍ത്തിക്കാട്ടും.
അത്തരമൊരു അന്വേഷണം 'ഭയമോ പ്രീതിയോ ഇല്ലാതെ' തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് സിപിഎം നേതാക്കള്‍ പലകുറി പറഞ്ഞിട്ടുണ്ട്. വിധി പ്രഖ്യാപനവും അത്തരത്തില്‍ വന്നാല്‍ ഇടത് കേന്ദ്രങ്ങളെ സംബന്ധിച്ചിടത്തോളം ഈ വാദത്തിന് ബലമേകും. അതേസമയം ദിലീപിന് അനുകൂലമാണ് വിധിയെങ്കില്‍ പ്രതിപക്ഷത്തിനും രാഷ്ട്രീയ ആയുധമാക്കാം.
സ്ത്രീ സുരക്ഷയെയും നിഷ്പക്ഷമായ അന്വേഷണത്തെയും കുറിച്ചുള്ള സര്‍ക്കാരിന്റെ പൊതു അവകാശവാദങ്ങള്‍ കോടതിമുറിയിലെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതിന്റെ ഒരു തെളിവായി പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. അതിജീവിതയായ നടി ആക്രമിക്കപ്പെട്ട സമയത്ത് ആദ്യം അഭയം തേടിയവരില്‍ ഒരാള്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പിടി തോമസ് ആയിരുന്നു എന്നത് പ്രതിപക്ഷവാദത്തിന് ബലമേകും.
ഏതായാലും എട്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനാണ് നാളെ വിധി വരാന്‍ പോകുന്നത്. കേസിലെ വിധി മാത്രമായിരിക്കും നാളെ പ്രഖ്യാപിക്കുന്നത്. ശിക്ഷാ വിധി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.












Click it and Unblock the Notifications