'ഉളുപ്പുണ്ടോ സാർ ലേശം ഉളുപ്പ്'? 'എന്താണ് ദിലീപിന് ആഭ്യന്തര വകുപ്പ് കാണുന്ന പ്രിവിലേജ്'? പ്രതിഷേധം ശക്തം
കോഴിക്കോട്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ടിവിക്കും എഡിറ്റർ ഇൻ ചീഫ് എംവി നികേഷ് കുമാറിനും എതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു, മാധ്യമ-സിനിമാ രംഗത്ത് നിന്ന് നിരവധി പേർ നികേഷിന് പിന്തുണ അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
പാർവ്വതി തിരുവോത്ത്, റിമ കല്ലിങ്കൽ അടക്കമുളളവർ നികേഷിനും റിപ്പോർട്ടർ ടിവിക്കും ഐക്യദാർഢ്യം അറിയിച്ചിരുന്നു. സംസ്ഥാന പോലീസിനെ രൂക്ഷമായി വിമർശിച്ച് സംവിധായിക വിധു വിൻസെന്റ്, വടകര എംഎൽഎ കെകെ രമ അടക്കമുളളർ രംഗത്ത് വന്നിരിക്കുകയാണ്. ഈ തമാശക്കളി നടത്താൻ ഇത് ഉത്തർപ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലെന്ന് വിധു വിൻസെന്റ് തുറന്നടിച്ചു.

വിധു വിൻസെന്റിന്റെ പ്രതികരണം: '' ഉളുപ്പുണ്ടോ സാർ ലേശം ഉളുപ്പ് ? നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നാരോപണം പുറത്തു കൊണ്ടുവന്ന റിപ്പോർട്ടർ ചീഫ് എഡിറ്റർ നികേഷ് കുമാറിനെതിരേ കേരള പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നു. ഇപ്പുറത്ത് ആ ആരോപണത്തിന്റെ വസ്തുതകൾ പുറത്തു കൊണ്ടുവരാൻ ക്രൈംബ്രാഞ്ച് തകൃതിയായിഅന്വേഷണം നടത്തുന്നു..''

''ഇതെന്താ പോലീസെ , ഈ തമാശക്കളി നടത്താൻ ഇത് ഉത്തർപ്രദേശോ മധ്യപ്രദേശോ ഒന്നുമല്ലല്ലോ കേരളമല്ലേ ... മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ നികേഷ് അദ്ദേഹത്തിന്റെ പണിയാണ് എടുക്കുന്നത്. അങ്ങോട്ട് ചെന്ന് കണ്ണുരുട്ടി കാണിച്ചാൽ പേടിച്ച് പിന്മാറുന്ന ഏറാൻ മൂളികളാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കമെന്ന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അതങ്ങ് മാറ്റിവച്ചേക്കുക. അറിയാൻ വയ്യാത്തോണ്ട് ചോദിക്കയാണ്.. എന്തൊരു പ്രഹസനമാണ് കേരള പോലീസേ ഇത്?''

കെകെ രമ എംഎൽഎയുടെ പ്രതികരണം: '' ദിലീപിനെതിരെ വാർത്ത നൽകിയതിൻ്റെ പേരിൽ റിപ്പോർട്ടർ ചാനലിനും എം.വി നികേഷ്കുമാറിനുമെതിരെ കേരള പോലീസ് സ്വമേധയ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവൃത്തിയാണ്. എന്താണ് ദിലീപ് എന്ന നടന് ഇവിടുത്തെ ആഭ്യന്തര വകുപ്പ് കാണുന്ന പ്രിവിലേജ്? സഹപ്രവർത്തകയായ ഒരു നടിയെ ബലാൽകാരം ചെയ്യാൻ കൊട്ടേഷൻ നൽകി എന്ന കേസിൽ വിചാരണ നേരിടുന്നയാളാണ് ദിലീപ്. ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ സമൂഹത്തിനു മുന്നിൽ നിർഭയമായി അവതരിപ്പിച്ചു എന്നതാണ് നികേഷ് ചെയ്ത കുറ്റം.

മലയാള സിനിമ രംഗത്ത് സ്ത്രീകൾ ലൈംഗിക ചൂഷണമടക്കം നേരിടേണ്ടി വരുന്നു എന്ന് ഒരു പ്രശസ്ത നടി വെളിപ്പെടുത്തിയിട്ട് നാളേറെയായി. ആ കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്യാനോ അവരുടെ മൊഴി രേഖപ്പെടുത്താനോ പോലും തയ്യാറാവാത്ത പോലീസാണ് കേരളത്തിലേത്. ദിലീപിനെതിരെ വാർത്ത ചെയ്തുവെന്നത് പരാതിക്കാർ പോലുമില്ലാതെ സ്വമേധയാ കേസെടുക്കാനുള്ള കുറ്റമാകുന്ന കേരളത്തിലെ പോലിസ് സംവിധാനത്തിൻ്റെ നിഷ്പക്ഷതയും, നീതിനിർവഹണവും എങ്ങിനെയാണെന്ന് മനസിലാക്കേണ്ടത് ?

പണമില്ലാത്തവർക്ക്, ആദിവാസി, ദളിത് വിഭാഗങ്ങൾക്ക്, സാധാരണ ജനങ്ങൾക്ക് ഇവിടുത്തെ സർക്കാരിൽ നിന്ന് നീതി ലഭിക്കില്ലെന്നത് നിരവധി സംഭവങ്ങളിലൂടെ വ്യക്തമായതാണ്. അട്ടപ്പാടിയിലെ മധുവും, വാളയാറിലെ കുട്ടികളും, സി.പി.എം നടത്തിയ കൊലപാതകങ്ങളിലെ ഇരകളുമെല്ലാം ഇന്നും നീതി തേടി അലയുകയാണ്. ഇവിടെയാണ് ദിലീപിനെ രക്ഷിക്കാനുള്ള സർക്കാർ സംവിധാനത്തിൻ്റെ ഹീന ശ്രമം. സ്വതന്ത്ര മാധ്യമപ്രർത്തനത്തിനായി വാതോരാതെ പ്രസംഗിക്കുന്നവർ തന്നെയാണ് നികേഷിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇത് കേവലം ഒരു വ്യക്തിക്കോ,ഒരു മാധ്യമ സ്ഥാപനത്തിനെതിരായുള്ള നീക്കമോ മാത്രമായി കാണാൻ കഴിയില്ല.സമൂഹത്തിലെ വമ്പന്മാർക്കെതിരായ ഇത്തരം കേസുകളുടെ സത്യാവസ്ഥ തേടിയുള്ള ഒരു മാധ്യമ പ്രവർത്തകന്റെയോ, സ്ഥാപനത്തിന്റെയോ സ്വതന്ത്ര യാത്രയ്ക്കുള്ള കൂച്ചുവിലങ്ങിടൽ കൂടെയാണ് ഇത്തരം നീക്കത്തിലൂടെ ഭരണകൂടം ലക്‌ഷ്യം വെക്കുന്നതെന്നു വേണം കണക്കാക്കാൻ.

മീഡിയാവണ്ണിനെതിരെ കേന്ദ്ര സർക്കാർ എടുത്തിരിക്കുന്ന നടപടിയുടെ കേരള പതിപ്പാണ് റിപ്പോർട്ടർ ചാനലിനെതിരെയുള്ള കേസ്. ഇരകളോടൊപ്പമാണെന്ന് വരുത്തി തീർത്ത് വേട്ടക്കാരന് പരവതാനി വിരിക്കുകയാണ് ആഭ്യന്തര വകുപ്പും പോലീസും. സത്യത്തിനായി നിലകൊണ്ട നികേഷ് കുമാറിനും, റിപ്പോർട്ടർ ചാനലിനുമൊപ്പം തന്നെയാണ് ജനാധിപത്യ ബോധ്യമുള്ള ഓരോ മനുഷ്യനും നിലയുറപ്പിക്കേണ്ടത്''.












Click it and Unblock the Notifications