'ദിലീപേ, എത്ര ശ്രമിച്ചിട്ടും വെളുക്കുന്നില്ലല്ലോ'; ഏഷ്യാനെറ്റ് വീഡിയോയ്ക്ക് താഴെ രൂക്ഷവിമർശനം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഉൾപ്പെട്ടതോടെ പൊതു പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടൻ ദിലീപ്. എന്നാൽ അടുത്തിടെ താരം വീണ്ടും സജീവമായി തുടങ്ങി. പൊതുചടങ്ങുകളിൽ മാത്രമല്ല ഒരിക്കൽ നിറഞ്ഞ് നിന്നിരുന്ന മിനിസ്ക്രീനിലും ദിലീപ് മടങ്ങിയെത്തി.
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ കോമഡി സ്റ്റാർസിന്റെ ഗ്രാന്റ് ഫിനാലേയ്ക്ക് അതിഥിയായെത്തിയത് ദിലീപ് ആയിരുന്നു.ഇതിന്റെ വീഡിയോയെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നടനെ പങ്കെടുപ്പിച്ചതിനെതിരെ കടുത്ത വിമർശനമാണ് ഏഷ്യാനെറ്റിനെതിരെ ഉയരുന്നത്.

ദിലീപിനെ വിമർശിച്ചും അനുകൂലിച്ചും ചാനലിനെതിരേയുമെല്ലാമുള്ള പ്രതികരണങ്ങൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. വീണ്ടും മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച് വെളിപ്പിച്ചെടുക്കാനുള്ള ശ്രമമാണോ ഏഷ്യാനെറ്റേയെന്നായിരുന്നു ചിലരുടെ ചോദ്യം. ഒരു കേസിലെ പ്രതിയാണ് ഇയാൾ, ഇയാളെ എന്തിനാണ് കൊണ്ടുവന്നതെന്ന് ചോദിക്കുന്നവരും കുറവല്ല. എത്രയൊക്കെ ചെയ്തിട്ടും വെളുക്കുന്നില്ലല്ലോ ദിലീപേ എന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

സീ ചാനലിലെ ഞാനും എന്റെ ആളും എന്ന പരിപാടിയിലും നേരത്തേ ദിലീപ് പങ്കെടുത്തിരുന്നു. ക്രിമിനൽ കേസ് പ്രതിയെ പങ്കെടുപ്പിച്ച് സ്വീകാര്യത നേടിയെടുക്കാനുള്ള ശ്രമം എന്ന നിലയിലുള്ള വിമർശനങ്ങൾ പരിപാടിക്കെതിരെയും അന്ന് ഉയർന്നിരുന്നു. കോമഡി സ്റ്റാർ വീഡിയോയ്ക്ക് താഴെ വന്ന ചില കമന്റുകൾ ഇങ്ങനെ- 'ജയിലിൽ കിടക്കേണ്ടവരെയൊക്കെയാണ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്',' ഇപ്പോഴും ജനപ്രിയൻ എന്ന വിളിയാണ് ബാക്കി',

'ഒറ്റ വനിത താരങ്ങൾ ഇതിനെതിരെ പ്രതികരിക്കില്ല.. നാളെ ഏഷ്യനെറ്റ് സ്ത്രീ സുരക്ഷയെക്കുറിച്ചും, സ്ത്രീ പീഢനത്തെക്കുറിച്ചും ഒരു സെമിനാർ വയ്ക്കുകയും അതും ദീലീപിനെ കൊണ്ട് ഉദ്ഘാടനം ചെയ്യപ്പിക്കും',
'പീഡന കേസിൽ ജയിലിൽ കഴിഞ്ഞ വ്യക്തിക്കും ആദരവ്,
'ഇവിടെ കിടന്ന് ഉരുണ്ടിട്ടും കാര്യമില്ല, ജനത്തിന് മുഴുവൻ അറിയാം തനി നിറം
'മലയാള സിനിമയിലെ അണ്ടർവേൾഡ് ഗുണ്ടാതലവൻ', ഇങ്ങനെ പോകുന്നു വിമർശനങ്ങൾ.

അതേസമയം ദിലീപിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് നടന്റെ ആരാധകരും മറുപടി പറയുന്നുണ്ട്. ആരൊക്കെ എന്തൊക്കെ വിമർശിച്ചാലും ദിലീപിനെ സ്നേഹിക്കുന്ന കുറേ പേർ ഉണ്ടെന്നാണ് ആരാധകർ നൽകുന്ന മറുപടി. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് ദിലീപ്. കേസിൽ 85 ദിവസത്തോളം നടൻ ജയിലിൽ കിടന്നിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ പുനഃർ വിചാരണ ആരംഭിച്ചിരിക്കുകയാണ്. കേസിൽ ദിലീപിനെതിരെ അധിക കുറ്റം ചുമത്തിയായിരുന്നു. കേസിലെ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിച്ചുവെന്നാണ് കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തുടര്വേഷണം സംബന്ധിച്ച റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് കോടതിയെ സമീപിച്ചിരുന്നു.

എന്നാൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള ദിലീപിനെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്നായിരുന്നു വിചാരണ കോടതി വ്യക്തമാക്കിയത്. കേസിൽ 117 ഓളം സാക്ഷികളാണ് ഉള്ളത്.ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, കാവ്യ മാധവൻ അടക്കമുള്ളവരാണ് രണ്ടാം സാക്ഷിപട്ടികയിൽ ഉള്ളത്. വിചാരണയുടെ ആദ്യ ഘട്ടത്തിൽ 39 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിക്കുക.












Click it and Unblock the Notifications