ദിലീപിനെ പിടിക്കാന്‍ രണ്ട് സംഘം, വീടിന് മുന്നിലെത്തി... ക്രൈംബ്രാഞ്ച് നടത്തിയത് വന്‍ നീക്കം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ നടന്‍ ദിലീപിനും മറ്റ് അഞ്ചു പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധി. ഇതിനെതിരെ അന്വേഷണ സംഘം അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
അതേസമയം, ദിലീപിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളുമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം കരുതിയത്. ശക്തമായ വാദങ്ങള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാതിരിക്കാന്‍ കാരണം കാണുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജാമ്യ ഹര്‍ജി തള്ളിയാല്‍ ദിലീപിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...

തിങ്കളാഴ്ച രാവിലെ 10.30നാണ് ഹൈക്കോടതി ജാമ്യ ഹര്‍ജി പരിഗണിച്ചത്. ദിലീപ്, സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ശരത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ പ്രതികള്‍. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യ ഹര്‍ജിയില്‍ കോടതി വിധി പറഞ്ഞത്. ഇത്രയും ദിവസം ജാമ്യ ഹര്‍ജിയിലെ വാദം നീണ്ടതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ദിലീപ് അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചതിനും എങ്ങനെയാണ് അപായപ്പെടുത്തേണ്ടത് എന്ന് ചര്‍ച്ച ചെയ്തതിനും കൃത്യമായ തെളിവുണ്ടെന്നും ശബ്ദ രേഖകള്‍ ഹാജരാക്കിയെന്നുമുള്ള ആത്മവിശ്വാസത്തിലായിരുന്നു ക്രൈംബ്രാഞ്ച്. വാദം കൃത്യമായി ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും അന്വേഷണ സംഘം കരുതി. ദിലീപിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുമെന്ന് ഉറപ്പിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ വീടിന് മുന്നിലെത്തുകയും ചെയ്തു.

10.30ന് വിധി പറയാന്‍ നേരത്തെ ഹൈക്കോടതി തീരുമാനിച്ചിരുന്നു. 10 മണിയോടെ തന്നെ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ആലുവയിലെ വീടിന് മുന്നിലെത്തി. രണ്ട് സംഘങ്ങളായിട്ടാണ് പോലീസ് ഓഫീസര്‍മാര്‍ എത്തിയത്. ഇതേ വേളയില്‍ തന്നെ സഹോദരന്‍ അനുപിന്റെ വീടിന് മുന്നിലും പോലീസുകാരെത്തി. ദിലീപ് പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇവര്‍ നിരീക്ഷിച്ചിരുന്നു.ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് കൊച്ചിയിലെത്തുകയും ചെയ്തു.

ദിലീപ് ആലുവയിലെ വീട്ടിലില്ല എന്ന വിവരം വന്നു. വിധി വന്ന ശേഷം ബാക്കി തീരുമാനമെടുക്കാമെന്ന് കരുതി അന്വേഷണ സംഘം ദിലീപിന്റെ വീടിന് മുന്നില്‍ തുടര്‍ന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ എല്ലാ പദ്ധതിയും പൊളിഞ്ഞു. നിരാശയോടെയാണ് പോലീസുകാര്‍ മടങ്ങിയത്. അതേ സമയം, ശബ്ദ സാംപിള്‍ പരിശോധനയ്ക്ക് വേണ്ടി ദിലീപിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വൈകാതെ നോട്ടീസ് നല്‍കുമെന്നാണ് വിവരം.

ദിലീപിന് ജാമ്യം അനുവദിച്ചതോടെ അദ്ദേഹത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ദിലീപിന്റെ വീടിന് മുമ്പില്‍ ലഡു വിതരണം നടന്നുവെന്നാണ് വിവരം. ഫാന്‍സ് പേജുകളിലും ആഹ്ലാദം പ്രകടമാണ്. അതേസമയം, ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും കേസ് ഇല്ലാതാകുന്നില്ലെന്നും ഏത് സമയവും തുടര്‍ നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നുമാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍

കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, വിദേശ യാത്ര അനുവദിക്കില്ല, അന്വേഷണവുമായി സഹകരിക്കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം എടുക്കണം തുടങ്ങിയവയാണ് ഉപാധികള്‍. മറ്റു പ്രതികള്‍ക്കും ഇതേ ഉപാധികള്‍ ഹൈക്കോടതി വച്ചിട്ടുണ്ട്.

ജാമ്യ വ്യവസ്ഥ പ്രതികള്‍ ലംഘിച്ചാല്‍ അറസ്റ്റിന് വേണ്ടി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ഇപ്പോള്‍ അനിവാര്യമില്ലെന്നും വേണമെങ്കില്‍ പിന്നീട് പരിഗണിക്കാമെന്നുമാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോ എന്ന് അന്വേഷണ സംഘം സസൂക്ഷ്മം നിരീക്ഷിക്കും.












Click it and Unblock the Notifications