ദിലീപ് മാത്രമല്ല, മറ്റ് മൂന്നുപേർ കൂടിയുണ്ട്; ശബരിമലയിലെ വിഐപി ദർശനത്തിൽ വിശദമായ റിപ്പോർട്ട് ഉടന്‍
കൊച്ചി: നടൻ ദിലീപിന് പുറമേ മറ്റ് മൂന്ന് പേർ കൂടി ശബരിമലയിൽ വിഐപി ദർശനം നടത്തിയെന്ന് റിപ്പോർട്ട്. പോലീസ് അകമ്പടിയോടെ തന്നെയാണ് ഇവരും ദർശനം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കൂടുതൽ പേർ ദിലീപിന് സമാനമായി ശബരിമലയിൽ വിഐപി ദർശനം നടത്തിയിരുന്നു എന്ന കാര്യം വ്യക്തമാക്കുന്നത്.
ആലപ്പുഴ ജില്ലാ ജഡ്‌ജി കെകെ രാധാകൃഷ്‌ണൻ, നോർക്കയുടെ ചുമതല വഹിക്കുന്ന കെപി അനിൽകുമാർ എന്നിവരാണ് ശബരിമലയിൽ എത്തിയ മറ്റ് വിഐപികൾ. ഇവർക്കൊപ്പം ഒരുകൂട്ടം ആളുകൾ സന്നിധാനത്ത് എത്തിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ദിലീപിന് പുറമേ മറ്റ് രണ്ട് ഉന്നതരുടെയും വിഐപി പരിഗണന ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തപ്പെട്ടേക്കും.

ദിലീപിനും കെകെ രാധാകൃഷ്‌ണനും അനിൽകുമാറിനും ദർശനത്തിനായി ശ്രീകോവിലിന് മുന്നിൽ പ്രത്യേക സൗകര്യം ഒരുക്കിയെന്നാണ് ദേവസ്വം എക്‌സിക്യൂട്ടീവ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്. മറ്റ് ഭക്തർക്ക് സാധാരണ ക്യൂവിൽ നിന്ന് ദർശനം നടത്താനുള്ള അവസരം മാത്രമാണ് ഉണ്ടായിരുന്നത്. നാളെയായിരിക്കും ഹൈക്കോടതിയിൽ ദേവസ്വം ബോർഡ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുക. ഇതിന് മുന്നോടിയായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗാർഡുമാരുടെ വിശദീകരണം കൂടി തേടും.
നേരത്തെ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിജിലൻസ് സംഘം പരിശോധിക്കുന്നുണ്ട്. സന്നിധാനത്തെ സിസിടിവി ദൃശ്യങ്ങള്‍ നാളെ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചത്.
അതേസമയം, ഇന്നലെ രാത്രിയായിരുന്നു ശബരിമലയിൽ നടയടക്കുന്നതിന് മുന്നോടിയായി ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം പാടി നടയടച്ച ശേഷമാണ് പിന്നീട് നടൻ ഇവിടെ നിന്ന് മടങ്ങിയത്. പോലീസ് അകമ്പടിയോടെ ശ്രീകോവിലിന് അടുത്ത് നിന്ന് ദർശനം നടത്തുന്ന ദിലീപിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. ശബരിമലയിൽ വിഐപി പരിഗണന ആർക്കും നൽകരുതെന്ന് നേരത്തെ തന്നെ കോടതി വ്യക്തമാക്കിയതാണ്. എന്നാൽ ഇതിന്റെ നഗ്നമായ ലംഘനമാണ് ദിലീപിന്റെ കാര്യത്തിലുണ്ടായത്. ഇതോടെയാണ് കോടതി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. വിഷയം ചെറുതായി കാണാൻ കഴിയില്ലെന്ന് പറഞ്ഞ ഹൈക്കോടതി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
എല്ലാവർക്കും വിർച്വൽ ക്യൂ വഴിയാണ് ദർശനം നൽകുന്നതെന്നും ആർക്കും ഒരു പ്രിവിലേജും ഇല്ലെന്ന് പറഞ്ഞ കോടതി പോലീസിനെയും വിമർശിച്ചിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാ ഭക്തരും സമൻമാർ ആണെന്ന് കഴിഞ്ഞ ദിവസം പരിഗണിച്ച ഒരു കേസിനിടയിലും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ദിലീപിന്റെ വിഐപി ദർശനം കോടതി ഗൗരവമായി തന്നെ എടുക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.












Click it and Unblock the Notifications