രാഹുൽ ഈശ്വർ ചെയ്തത് ഒന്നാന്തരം ജാതി വയലൻസ്; നിയമപരമായി നേരിടുമെന്ന് ദിനു വെയിൽ
കൊച്ചി; ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജിയുമായി ബന്ധപ്പെട്ട മാതൃഭൂമി ചാനൽ ചർച്ചയ്ക്കിടെ തനിക്ക് ജാതിവെറിയാണെന്ന രാഹുൽ ഈശ്വറിന്റെ വിമർശനത്തിന് മറുപടിയുമായി ദളിത് ആക്ടിവിസ്റ്റ് ദിനു വെയിൽ. ദലിത് എന്ന സാഹോദര്യ ബോധത്തെ ജാതിവാദമാക്കി പൊതു സമൂഹത്തിൽ അവതരിപ്പിക്കുക വഴി രാഹുൽ ഒന്നാന്തരം ജാതി കാർഡാണ് ഇറക്കിയതെന്ന് ദിനു പറഞ്ഞു. ദിലീപിന്റെ ജാതി പറയേണ്ട യാതൊരു ആവശ്യവും ഇല്ലാത്തിടത്ത് അത് കൊണ്ടുവന്ന് തന്നെ നായർ വിരോധിയാക്കി ചിത്രീകരിക്കാൻ സാധിച്ചത് താൻ ദലിതനായതിനാൽ മാത്രമാണ്. നിരന്തരം ജാതീയതയ്ക്കെതിരെ സംസാരിക്കുന്ന താൻ ജാതിവാദിയാണെന്ന് വരുത്തി തീർക്കുക വഴി പൊതുമധ്യത്തിൽ അപമാനിച്ച് നിശബ്ദനാക്കുക എന്ന തന്ത്രമാണ് രാഹുൽ പയറ്റിയത്. അതിൽ വീഴില്ലെന്ന് കണ്ടപ്പോൾ ദിലീപ് നായർ ആയതു കൊണ്ടാണ് എതിർക്കുന്നതെന്ന് തനിയ്ക്ക് പോലും അറിയാത്ത ദിലീപിന്റെ മുഴുവൻ പേരൊക്കെ പറഞ്ഞ് രാഹുൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചു . ഒരു വ്യക്തി ദലിതനാണെന്ന് പറയുന്ന മാത്രയിൽ അയാൾ നായർ വിരോധിയാണെന്ന് സ്ഥാപിക്കുന്ന രാഹുൽ സമുദായ സ്പർധ ഉണ്ടാക്കുവാനാണ് ശ്രമിച്ചത്. തനിക്കെതിരെ അഴിച്ച് വിടാൻ ശ്രമിച്ച ജാതി അതിക്രമത്തെ നിയമപരമായി കൂടി നേരിടുമെന്നും ദിനു ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-രാഹുൽ ഈശ്വർ ഇന്നലെ എന്നോട് ചെയ്തത് ഒന്നാന്തരം ജാതി വയലൻസാണ്. അത് തിരിച്ചറിയാനുള്ള അറിവെനിക്കുണ്ട്. അതേറ്റ് പിടിച്ച് ചില " ജാതി പറഞ്ഞേ "എന്ന അലമുറയുമായ് ചില നിഷ്കളങ്കർ ഇറങ്ങിയിട്ടുണ്ട് . മറ്റ് ചിലർ രാഹുലിന്റെ ഉദ്ദേശ ലക്ഷ്യം പോലെ എനിക്കെതിരെ തെറി വിളിയുമായും ചിലരും വളരെ കുറച്ച് യുക്തിഭക്തർ ജാതിവാദി വിളിയുമായും കൂടിയിട്ടുണ്ട് .അവരോട് കൂടിയാണ്.
നിങ്ങളെങ്ങനെ സാമൂഹിക നിരീക്ഷകനാകുന്നു എന്ന ചോദ്യത്തിന് ഒരു സമൂഹശാസ്ത്ര ഗവേഷണ വിദ്യാർത്ഥിയായ, സെക്കോളജി ഉപ വിഷയമായ് ഡിഗ്രിയ്ക്ക് പഠിച്ച എനിയ്ക്ക് നൽകാനാവുന്ന അക്കാദമിക്കലായ ഉത്തരമാണ് ഞാൻ നൽകിയത്.
ഒരു വ്യക്തിയുടെ സാമൂഹിക നിരീക്ഷണം രൂപപ്പെടുത്തുന്നതിൽ സുപ്രധാനമായ പങ്ക് പല അടരുകൾക്കുണ്ട്. ആ വ്യക്തിയുടെ വ്യത്യസ്തങ്ങളായ സാമൂഹ്യ- രാഷ്ട്രീയ സ്വത്വം, രാഷ്ട്രീയ നിലപാട്, അനുഭവ പരിചയം, ആർജ്ജിച്ച ജ്ഞാനം എന്നിങ്ങനെ വ്യത്യസ്ത നിലകളുടെ ആകെ തുകയാണ് ഒരു വ്യക്തിയുടെ നിരീക്ഷണമെന്നത്. പിയറി ബോർഡ്യുവിനെ പഠിച്ച, ഫെമിനിസ്റ്റ് തിയറികൾ പഠിച്ച എനിയ്ക്ക് ദലിത് എന്നത് സാമൂഹിക നിരീക്ഷകൻ എന്ന എന്റെ നിലയെ വിശദീകരിക്കുവാൻ ഉപയോഗിക്കുന്നത് എന്റെ ജ്ഞാനബോധം കൂടിയാണ്.
രണ്ടാമതായ് റേപ്പ് എന്നത് അധികാര ബന്ധങ്ങളിൽ നിന്ന് ഉടലെടുക്കുന്ന (കൂരമായ അതിക്രമ രൂപമാണെന്ന് എന്നെ പഠിപ്പിച്ചത് ഞാൻ വായിച്ച ബ്ലാക്ക് ഫെമിനിസിറ്റ് ടെസ്റ്റുകളും ദലിത് ഫെമിനിസ്റ്റ് ചർച്ചകളിൽ നിന്നുമാണ്. നീതി ന്യായ വ്യവസ്ഥയിലേയ്ക്കുള്ള ആക്സസ്സ് , കുറ്റാരോപിതനായ താരത്തിന്റെ പ്രിവിലേജ് എന്നിവയെയൊക്കെ സാമൂഹിക നിരീക്ഷകനായ് മനസ്സിലാക്കുവാൻ ഞാൻ ഉപയോഗിക്കുന്ന രീതികളിൽ ഒന്ന് സോഷ്യളജിയുടെ അടിസ്ഥാന കാഴ്ച്ചയായ Sociological Imagination തന്നെയാണ്. വ്യക്തിപരമായ അനുഭവങ്ങളെ വിശാലമായ സാമൂഹ്യ ചരിത്ര പശ്ചാത്തലങ്ങളിൽ വെച്ച് വായിക്കുക വഴി സാമൂഹ്യ യാഥാർഥ്യങ്ങളെ മനസ്സിലാക്കുക എന്നതാണ് Sociological Imagination . ആ അർത്ഥത്തിലും ദലിത് എന്ന എന്റെ അനുഭവം നിലവിലെ അധികാര ബന്ധങ്ങൾ ഉൾചേർന്ന വിഷയത്തെ മനസ്സിലാക്കാൻ സാധ്യമായ ഒന്നാണ്. മൂന്നാമതായ് ചിതറി തെറിച്ച ഒരു ജനസമൂഹത്തിലെ മനുഷ്യൻ എന്ന അർത്ഥത്തിലും ദലിത് എന്ന എന്റെ നില അതിജീവിതയ്ക്കൊപ്പം നിന്ന് സാമൂഹിക നിരീക്ഷകനായ് വന്നിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒന്നാണ്. Gender and Caste നെക്കുറിച്ചും Access to justice നെക്കുറിച്ചും അംബേദ്ക്കറിന്റെ കാഴ്ച്ചാടുകളെക്കുറിച്ചും വായിക്കുകയും എഴുതുകയും ചെയ്യുന്ന ഞാൻ പിന്നെ എന്തു പറയുമെന്നാണ് നിങ്ങൾ കരുതുന്നത്?
പറഞ്ഞു വന്നത് എന്റെ മെറിറ്റിനെ ചോദ്യം ചെയ്ത് വരും മുമ്പ് പ്രാഥമിക വായന കഴിഞ്ഞ് വരൂ എന്നത് തന്നെയാണ്. പട്ടികജാതികാരനെ തല്ലികൊന്നാൽ മാത്രം പറയാനുള്ള വാക്കാണ് ദലിത് എന്ന് കരുതുന്ന ഒരോരുത്തരും പോയ് പഠിച്ച് വരൂ. ഒരു വിരൽ തുമ്പിൽ അറിവുള്ള കാലത്ത് അറിവില്ലായ്മ ഒരു നടിക്കലാണ്.Donny Miller said, "In the age of information, ignorance is a choice."
ഇനി രാഹുൽ ഈശ്വറിന് ദലിത് എന്ന പദത്തിന്റെ അർത്ഥമോ സാമൂഹ്യ രാഷ്ട്രീയ ഉപയോഗമോ പിയറി ബോർഡ്യുവിന്റെ തിയറിയോ മുകളിൽ പറഞ്ഞ കാര്യങ്ങളോ അറിയാഞ്ഞിട്ടല്ല. മറിച്ച് ഞാൻ ദലിതെന്ന് പറയുമ്പോൾ പട്ടികജാതി എന്ന് മാത്രം കേട്ടുവെന്ന് പറയുകയെന്നത് അയാളുടെ അതിക്രമത്തിനുള്ള ജാതി തന്ത്രമാണ് . ഇനിയഥവാ Hypothetically ഒരു വ്യക്തി പട്ടികജാതി എന്ന് തന്നെ ഞാൻ പറഞ്ഞുവെന്ന് ഇരിക്കട്ടെ . അതെങ്ങനെയാണ് ജാതിവെറിയാവുക ? അതെങ്ങനെയാണ് ഇരുപതൊന്നാം നൂറ്റാണ്ടിലെ ജാതിവെറിയെന്നൊക്കെ എനിയ്ക്ക് നേരെ കൈചൂണ്ടി അലറി വിളിക്കുവാൻ രാഹുൽ ഈശ്വറിന് ലൈസൻസ് നൽകുക? ഇന്ത്യഭരണഘടനയുടെ Protective discrimination തത്വം പ്രകാരം അവശവിഭാഗങ്ങളിൽപ്പെട്ട ഒരു വ്യക്തിയാണ് ഞാനുമെന്നത് എന്റെ യോഗ്യതയാണെന്ന് ഒരു കേസിലെ അധികാര ബന്ധങ്ങളെക്കുറിച്ച് സംവദിക്കുന്ന ഒരു ചർച്ചയിൽ ഒരാൾ പറഞ്ഞുവെയ്ക്കുന്നതിൽ എന്താണ് തെറ്റ്.
ഞാൻ ദലിതനാണെന്നതിനാൽ എങ്ങനെയാണ് ഞാൻ ജാതി വെറിയനാണെന്ന് പറയുവാൻ രാഹുലിന് സാധിക്കുക ? നിരന്തരം ജാതീയതയ്ക്കെതിരെ സംസാരിക്കുന്ന ഞാൻ ജാതിവാദിയാണെന്ന് വരുത്തി തീർക്കുക വഴി എന്റെ പൊതുമധ്യത്തിൽ അപമാനിച്ച് നിശബ്ദനാക്കുക എന്ന തന്ത്രമാണ് രാഹുൽ പയറ്റിയത്. ആ ഗ്യാസ് ലൈറ്റിങ്ങിൽ ഞാൻ വീഴില്ല എന്ന് കണ്ടപ്പോൾ ദിലീപ് നായർ ആയതു കൊണ്ടാണ് ഞാൻ എതിർക്കുന്നതെന്ന് എനിയ്ക്ക് പോലും അറിയാത്ത ദിലീപിന്റെ മുഴുവൻ പേരൊക്കെ പറഞ്ഞ് രാഹുൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചു . ഒരു വ്യക്തി ദലിതനാണെന്ന് പറയുന്ന മാത്രയിൽ അയാൾ നായർ വിരോധിയാണെന്ന് സ്ഥാപിക്കുന്ന രാഹുൽ സമുദായ സ്പർധ ഉണ്ടാക്കുവാനാണ് ശ്രമിച്ചത്.
ദലിത് എന്ന സാഹോദര്യ ബോധത്തെ ജാതിവാദമാക്കി പൊതു സമൂഹത്തിൽ അവതരിപ്പിക്കുക വഴി രാഹുൽ ഒന്നാന്തരം ജാതി കാർഡാണ് ഇറക്കിയത്. ദിലീപിന്റെ ജാതി പറയേണ്ട യാതൊരു ആവശ്യവും ഇല്ലാത്തിടത്ത് അത് കൊണ്ടുവന്ന് എന്നെ നായർ വിരോധിയാക്കി ചിത്രീകരിക്കാൻ സാധിച്ചത് ഞാൻ ദലിതനായതിനാൽ മാത്രമാണ്.
Recommended Video
ഞാൻ നായരായതിനാൽ എന്നോ ഞാൻ ബ്രാഹ്മണനായതിനാലെന്നോ ആണ് ഞാൻ പറഞ്ഞതെങ്കിൽ രാഹുൽ ഈശ്വറിന് എന്റെ മേൽ ജാതിവാദി എന്ന് ആരോപിക്കാൻ പറ്റുമായിരുന്നോ . നായർ ആയതുകൊണ്ടാണോ നായരായ ദിലീപിനെ തകർക്കാൻ ശ്രമിക്കുന്നത് എന്ന് ചോദിക്കുമായിരുന്നോ ? ഒരു ദലിത് വ്യക്തി അധികാരത്തിന്റെ ഇങ്ങേ ശ്രേണിയിലായിരുന്നിട്ടു പോലും ജീവിതത്തിൽ പലപ്പോഴായ് കേൾക്കേണ്ടി വരുന്ന പഴി ചാരലാണ് ജാതി ഉപയോഗിച്ച് ജീവിയ്ക്കുന്നതെന്ന ഹീനമായ പറച്ചിൽ . അതേ ഹീനമായ പറച്ചിലാണ് താങ്കൾ എനിക്കെതിരെ ബോധപൂർവ്വം ഉപയോഗിച്ചത്
ഇതിനൊക്കെ അപ്പുറം അതിജീവിതയായ വ്യക്തി തൊഴിലിടത്തിൽ തൊഴിലില്ലാതായ് എന്ന് പറഞ്ഞതിനെ അവിശ്വസിക്കുന്നു എന്ന് പറഞ്ഞ ക്രൂരനാണ് താങ്കൾ.
രാഹുൽ ,നിങ്ങൾ ഇറക്കിയ ജാതി കാർഡിനെ, എനിയ്ക്ക് എതിരെ അഴിച്ചു വിടാൻ ശ്രമിച്ച ജാതി അതിക്രമത്തെ നിയമപരമായി കൂടി ഞാൻ നേരിടും.
ജയ് ഭീം












Click it and Unblock the Notifications