'നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ'; ദേശീയഗാനത്തിന് എഴുന്നേല്‍ക്കാത്തയാളെ മര്‍ദ്ദിച്ചെന്ന് മേജര്‍ രവി
കൊച്ചി: ദേശീയഗാനം കേട്ട് എഴുന്നേല്‍ക്കാത്തതിന് ഒരാളെ തല്ലി എന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ മേജര്‍ രവി. അമൃത ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന നടി ആനി അവതരിപ്പിക്കുന്ന 'ആനീസ് കിച്ചണ്‍' എന്ന പരിപാടിക്കിടെയാണ് മേജര്‍ രവിയുടെ തുറന്നുപറച്ചില്‍
ഭാര്യയ്ക്കൊപ്പം തിയേറ്ററിലിരുന്ന് സിനിമ കാണുന്നതിനിടെ ആണ് ഒരാളെ ശാരീരികമായി കൈയേറ്റം ചെയ്തത് എന്ന് മേജര്‍ രവി പറയുന്നു. സിനിമയുടെ അവസാന ഭാഗത്ത് ദേശീയഗാനം ആലപിക്കുന്നുണ്ടായിരുന്നു. തിയേറ്ററിലിരുന്നവര്‍ ദേശീയ ഗാനം കേട്ട് എഴുന്നേറ്റപ്പോള്‍, ഒരാള്‍ എഴുന്നേറ്റില്ല. ഇയാളെ താന്‍ ശാരീരികമായി കൈകാര്യം ചെയ്തു എന്നാണ് മേജര്‍ രവി പറയുന്നത്.

ആ വ്യക്തിയെ ശാരീരികമായി അധിക്ഷേപിച്ചാണ് മേജര്‍ രവി സംസാരിക്കുന്നതും. മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: നാലഞ്ച് മാസം മുന്‍പ് ഒരു ഹിന്ദി പടം വന്നു. എന്റെ ഭാര്യയും എന്നോടൊപ്പം സിനിമ കാണാന്‍ വന്നിരുന്നു. സിനിമയുടെ അവസാനം ജനഗണമന ഉണ്ടായിരുന്നു. അപ്പോള്‍ എല്ലാവരും എഴുന്നേറ്റു. ആദ്യമേ കാണിക്കുന്നുണ്ട് സിനിമയുടെ ഭാഗമാണ് ജനഗണമന എന്നും ദയവായി എഴുന്നേല്‍ക്കൂ എന്നും.

ഇക്കാര്യം ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. എന്റെ മുന്‍പില്‍ ഇരിക്കുന്ന ഒരു തടിയന്‍, ഒന്നാമത് എനിക്ക് ഈ ശരീരം പരിപാലിക്കാത്തവരെ കണ്ട് കഴിഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാണ് എന്നാണ് മേജര്‍ രവി പറയുന്നത്. ഈ ഭാര്യയും ഭര്‍ത്താവും കഴിക്കുന്ന പോപ്കോണ്‍ സിനിമയുടെ അവസാനമായിട്ടും കഴിഞ്ഞിട്ടില്ല.

അപ്പോള്‍ തന്നെ നമുക്ക് മനസ്സിലായല്ലോ എന്തുകൊണ്ടാണ് ഈ തടി ഇങ്ങനെയിരിക്കുന്നത് എന്ന്. പടം തീരാറായി എന്നിട്ടും പോപ്കോണിന്റെ വലിയ ബക്കറ്റ് അവിടെ ഇരിപ്പുണ്ട് എന്നും മേജര്‍ രവി പറഞ്ഞു. ജമനഗണമന കേട്ട് ഞങ്ങള്‍ എല്ലാവരും എഴുന്നേറ്റു. ഇവനും ഭാര്യയും എഴുന്നേല്‍ക്കുന്നില്ല. ഈ 53 സെക്കന്റ് ഒന്നും ചെയ്യാന്‍ പാടില്ലല്ലോ.

ഞാന്‍ അങ്ങനെ വെയ്റ്റ് ചെയ്ത് നിന്നു. ഇത് കഴിഞ്ഞപ്പോള്‍ സീറ്റിന്റെ മുകളിലേക്ക് ഒറ്റ ചവിട്ടങ്ങ് വെച്ച് കൊടുത്തു. അപ്പോള്‍ അവന്‍ എഴുന്നേറ്റു. അടിക്കാനുള്ള സ്‌പേസ് വേണമല്ലോ എന്നതുകൊണ്ട് പുറത്തേക്ക് പോയി. ഞാന്‍ ഹിന്ദിയില്‍ അങ്ങ് തുടങ്ങി. നിന്റെ ബംസിന് ഇത്ര വെയ്റ്റ് ഉണ്ടോടാ ഇത് കേള്‍ക്കുമ്പോള്‍ നിനക്ക് എഴുന്നേല്‍ക്കാന്‍ എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിച്ചു.

അത് പിക്ച്ചറില്‍ അല്ലേ എന്ന് അവന്‍ ചോദിച്ചപ്പോള്‍ പിക്ച്ചറില്‍ അല്ല നിന്റെ സ്വപ്നത്തില്‍ കേട്ടാല്‍ പോലും എഴുന്നേല്‍ക്കണം എന്നും പറഞ്ഞു കൊടുത്തു ഒരെണ്ണം എന്നാണ് മേജര്‍ രവി പറയുന്നത്. അതേസമയം മേജര്‍ രവിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കണമോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് എന്ന് പലരും ചൂണ്ടിക്കാട്ടി

മേജര്‍ രവി ബോഡി ഷെയിമിംഗ് നടത്തി എന്നും ഇത്തരം വാക്കുകള്‍ക്ക് മാപ്പ് പറയണമെന്നും പ്രേക്ഷകര്‍ പ്രതികരിച്ചു. ഇന്ത്യന്‍ സൈന്യത്തെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുത്ത് ശ്രദ്ധേയനായ സംവിധായകനാണ് മേജര്‍ രവി. മോഹന്‍ലാല്‍, മമ്മൂട്ടി, അമിതാഭ് ബച്ചന്‍, പൃഥ്വിരാജ് എന്നിവരെ വെച്ച് മേജര്‍ രവി സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നേരത്തെയും പല നിലപാടുകളുടേയും പേരില്‍ മേജര്‍ രവി വിവാദത്തിലായിട്ടുണ്ട്
ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ












Click it and Unblock the Notifications