പ്രതിസന്ധിയിൽ സഹായിച്ചത് സുരേഷ് ഗോപി: ധൈര്യം തന്നത് പിസി ജോർജ്ജ്, ആ സംഭവം തുറന്ന് പറഞ്ഞ് ഒമർ ലുലു
ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ വിഷയത്തിൽ നടനും എംഎൽഎയുമായ സുരേഷ് ഗോപിയുടെ പ്രതികരണം പുറത്തുവന്നതോടെ വെളിപ്പെടുത്തലുമായി സംവിധായകൻ ഒമർ ലുലു. ഇ ബുൾ ജെറ്റ് വിഷയത്തിൽ ഇടപെടൽ തേടി തന്നെ വിളിച്ചയാളോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം വൈറലായതിന് പിന്നാലെയാണ് പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് കരുത്തായത് സുരേഷ് ഗോപിയാണെന്ന് സംവിധായകൻ വെളിപ്പെടുത്തുന്നത്.

2018ൽ അഡാറ് ലൗ എന്ന സിനിമയുമായി ബന്ധപ്പെട്ട് കേസുണ്ടായപ്പോൾ സഹായിച്ചത് നടനും എംഎൽഎയുമായ സുരേഷ് ഗോപിയാണെന്നാണ് സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തുന്നത്. സിനിമയുമായി കോടതി വരെയെത്തിയ ചില പ്രശ്നങ്ങളുണ്ടായി പേടിച്ച് നിൽക്കുന്ന സമയത്ത് സുരേഷ് ഗോപി ഇങ്ങോട്ട് വിളിച്ച് സഹായം നൽകിയെന്നാണ് ഒമർ ലുലു പറയുന്നത്.

താൻ ഹൈപ്പ് ഉണ്ടാക്കാൻ വേണ്ടി ചെയ്തതാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് സിനിമയെക്കുറിച്ച് ഈ വിവാദം ഈ സംഭവത്തോടെ നേരിടേണ്ടി വന്നതെന്നും ഒമർ ലുലു പറയുന്നു. ഹൈദരാബാദിലെ ഫലക് നുമ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ച് പോലീസ് അറസ്റ്റ് ചെയ്യാൻ കേരളത്തിലേക്ക് വരുമെന്ന് പറഞ്ഞിരുന്നുവെന്നും ഒമർ ലുലു ഓർക്കുന്നു. ഈ സാഹചര്യത്തിൽ ആദ്യം ഫോണിൽ വിളിച്ച് പിന്തുണ നൽകിയത് നടനും ബിജെപി എംഎൽഎയുമായ സുരേഷ് ഗോപിയായിരുന്നു.

ഈ വിവാദങ്ങൾ കത്തി നിൽക്കെ പിസി ജോർജ് വിളിച്ചതോടെയാണ് തനിക്ക് കൂടുതൽ ധൈര്യം ലഭിച്ചതെന്നും സംവിധായകൻ പറയുന്നു. 'എടാ നീ ധൈര്യായിട്ട് ഇരുന്നോടാ ആരും നിന്നെ ഇവിടെ വന്ന് കൊണ്ടുപോകില്ലെന്ന്' പറഞ്ഞ് പിസി ജോർജ് സാർ ധൈര്യം തന്നു. അദ്ദേഹത്തിന്റെ സംസാരം തനിക്ക് തന്നത് വലിയ ഊർജ്ജമാണെന്നും ഒമർ ഓർക്കുന്നുണ്ട്. സുപ്രീം കോടതിതിയിൽ അഡ്വക്കറ്റ് ഹാരിസ് ബീരാൻ വഴി സ്യൂട്ട് ഫയൽ ചെയ്താണ് അഡാറ് ലൗവുമായി ബന്ധപ്പെട്ട കേസ് കൈകാര്യം ചെയ്തത്. താൻ ആദ്യമായാണ് കോടതി കയറുന്നത്. അത് സുപ്രീം കോടതി ആയിരുന്നുവെന്നും സംവിധായകൻ ഓർക്കുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പിന്നാലെ ഹൈദരാബാഗിസും ഔറംഗബാദിലും പ്രതിഷേധം ശക്തമായിരുന്നു. ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗാബാദ് പോലീസ് സ്റ്റേഷനിലും സിനിമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്ന് കാണിച്ച് ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു, നിർമാതാവ് ജോസഫ് ഈപ്പൻ എന്നിവരും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേരളത്തിലെ ജനങ്ങൾ വർഷങ്ങളായി പാടി വരുന്ന പാട്ടാണ് ഇതെന്നാണ് ഇവർ ഹർജിയിൽ വ്യക്തമാക്കിയത്.

കേരളത്തിന് പുറത്തുള്ളവർ പാട്ടിന്റെ വരികളുടെ അർത്ഥം തെറ്റായി മനസ്സിലാക്കുകയായിരുന്നുവെന്നും ഇതാണ് പരാതി നൽകുന്നതിലേക്ക് നയിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പാട്ടിലെ വരികൾ പരിഭാഷപ്പെടുത്തിയതിൽ സംഭവിച്ച പിശകായിരുന്നു ഇതെന്നും നാൽപ്പത് വർഷത്തോളമായി പാടിവരുന്ന ഗാനത്തിനെതിരെയുള്ള ആരോപണങ്ങളിൽ അടിസ്ഥാനമില്ല. അതുകൊണ്ട് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികൾ റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിയിരുന്നു.
Recommended Video

അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിനെതിരെ കേസെടുത്തത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാണ് നടിയുടെ ആവശ്യം. സംഭവത്തിൽ കേസെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications