മോന്‍സന്റെ വീട്ടിലെ സുരക്ഷ അത്ഭുതപ്പെടുത്തുന്നത്, രണ്ട് സുരക്ഷ ജീവനക്കാര്‍ പുറകെ എത്തും: രാജസേനന്‍
തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്ത്. മോന്‍സണ്‍ ടി വി സംസ്‌കാരയ്ക്ക് പണം വാഗ്ദാനം ചെയ്തതായി സംവിധായകന്‍ രാജസേനന്‍ വെളിപ്പെടുത്തി. ചാനലിന്റെ ഭാഗമായി മോന്‍സണ്‍ മാവുങ്കലിനെ കണ്ടിട്ടുണ്ടെന്നും ടി വി സംസ്‌കാരയുമായി തനിക്ക് ഇപ്പോള്‍ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു രാജസേനന്റെ പ്രതികരണം .
തനിക്ക് ടി വി സംസ്‌കാരയില്‍ ക്രിയേറ്റീവ് ഹെഡിന്റെ ചുമതലയായിരുന്നു. ചാനലിന്റെ ഭാഗമായി മോന്‍സനെ വീട്ടില്‍ പോയി കണ്ടിരുന്നു. ചാനലിന്റെ ചെയര്‍മാനായി വരാനിരിക്കുന്ന ആളെന്ന നിലയിലാണ് മറ്റുള്ളവര്‍ക്കൊപ്പം മോന്‍സനുമായി കൂടിക്കാഴ്ച നടത്തിയത്. പത്ത് കോടി രൂപയാണ് ടി വി സംസ്‌കാരയില്‍ മോന്‍സണ്‍ വാഗ്ദാനം ചെയ്തത്. വേണെങ്കില്‍ കൂടുതല്‍ പണം തരാമെന്നും വേറെ നിക്ഷേപകരെ കണ്ടെത്തിത്തരാമെന്നും അദ്ദേഹം പറഞ്ഞതായി രാജസേനന്‍ പറയുന്നു. സത്യസന്ധമായ ചാനലായിരിക്കണമെന്ന നിബന്ധന മാത്രമാണ് മുന്നോട്ടുവച്ചത്. ചാനല്‍ ഗംഭീരമാക്കാമെന്നും ഉറപ്പുനല്‍കി - രാജസേനന്‍ പറഞ്ഞു .

അന്ന് മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ പുരാവസ്തുക്കള്‍ എല്ലാം കണ്ടിരുന്നു. മോശയുടെ അംശവടിയും കണ്ണന്‍ വെണ്ണ കുടിച്ച ഉറിയുമൊന്നും കണ്ടില്ല. എന്നാല്‍ പ്രവാചകന്‍ നിസ്‌കരിച്ച പായയും യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിന് ലഭിച്ച 30 വെള്ളിക്കാശില്‍ രണ്ടെണ്ണവും കാണിച്ചു. ഒരുപാട് വാച്ചുകളും കണ്ണാടിക്കൂട്ടില്‍ കണ്ടു. എന്നാല്‍ ഇതെല്ലാം സാങ്കേതികമായി എങ്ങനെ ശരിയാകുമെന്ന് അന്നുതന്നെ മോണ്‍സനോട് ചോദിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പായയെല്ലാം ചിതല് പോലും വരാതെ എങ്ങനെ സൂക്ഷിക്കുമെന്നും ചോദിച്ചു. അപ്പോള്‍ ചില സര്‍ട്ടിഫിക്കറ്റുകളാണ് മോണ്‍സന്‍ കാണിച്ചതെന്ന് രാജ സേനന്‍ വ്യക്തമാക്കി .
അത്ഭുതപ്പെടുത്തുന്ന വസ്തുക്കളാണ് മോന്‍സന്റെ വീട്ടില്‍ കണ്ടത്. നന്തിയുടെ വിഗ്രഹമെല്ലാം അതില്‍ ഉള്‍പ്പെടും. നൂറോളം കാറുകളുണ്ടെന്നാണ് മോണ്‍സന്‍ പറഞ്ഞിരുന്നത്. അതില്‍ 90 എണ്ണം പഴക്കമേറിയതാണെന്നും പത്ത് കാറുകള്‍ ഓടുന്നതാണെന്നും പറഞ്ഞെന്നും രാജസേന്‍ വ്യക്തമാക്കുന്നു. കൂടാതെ മോന്‍സന്റെ വീട്ടിലെ സുരക്ഷ സംവിദാനങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഏത് സാധനങ്ങള്‍ നോക്കിയാലും രണ്ട് സുരക്ഷ ജീവനക്കാര്‍ പുറകെ എത്തുമെന്നും രാജ സേനന്‍ പറയുന്നു .
വീട് മുഴുവന്‍ സിസിടിവി ക്യാമറകളാണ്. അതിസുരക്ഷാ സംവിധാനം. ക്ഷണിച്ചിട്ടാണ് പോയതെങ്കിലും 20 മിനിറ്റ് പുറത്തുനിന്നു. ക്യാമറയില്‍ കൂടെ തങ്ങളെ നിരീക്ഷിച്ചശേഷമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും രാജസേനന്‍ പറഞ്ഞു .
അതേസമയം, സിനിമ താരങ്ങള്‍ ഉള്‍പ്പടെയുള്ള ഉന്നതരുടെ ബന്ധം മുതലെടുത്താണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുളള രാഷ്ട്രീയ പ്രമുഖര്‍ക്കും നടന്‍ മോഹന്‍ലാല്‍ മുതല്‍ ടൊവിനോ തോമസ് വരെയുളള സെലിബ്രിറ്റികള്‍ക്ക് ഒപ്പവും ഉളള മോന്‍സണ്‍ മാവുങ്കലിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നു. കൂടാതെ നടന്‍ ബാല മോന്‍സന് വേണ്ടി ഇടപെട്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോടികള്‍ വിലമതിക്കുന്ന പുരാവസ്തു വില്‍പ്പനക്കാരനാണ് എന്നവകാശപ്പെട്ട് പലരില്‍ നിന്നുമായി മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത് .
Recommended Video
കൂടാതെ മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അടക്കമുളളവര്‍ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 2020 ല്‍ ആണ് മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ട് ഇ ഡിക്ക് ബെഹ്റ കത്ത് നല്‍കിയത്. മ്യൂസിയം സന്ദര്‍ശനത്തിന് ശേഷമായിരുന്നു ഇത്. എന്നാല്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് മോന്‍സണ്‍ മാവുങ്കലിന് എതിരെ നടപടിയുണ്ടാകുന്നത് .












Click it and Unblock the Notifications