തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം: അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
തൃശൂർ: തൃശൂർ പൂരത്തിനിടയിലെ പോലീസ് നടപടികളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എ ഡി ജി പി എം ആർ അജിത് കുമാർ ഡി ജി പിക്ക് സമർപ്പിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഡി ജി പി റിപ്പോർട്ട് അടുത്ത ദിവസങ്ങളിൽ തന്നെ മുഖ്യമന്ത്രിക്ക് കൈമാറും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിൽ ആണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. സീൽ ചെയ്ത കവറിൽ 600 പേജുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്.
റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിനെതിരെ സി പി ഐ ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു. തൃശൂർപൂരം അലങ്കോലപ്പെട്ടതിന് പിന്നിൽ ഗൂഢനീക്കം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പൂരവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിടണമെന്ന് തൃശൂരിലെ എൽ എഡി എഫ് സ സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽ കുമാറും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ചയിൽ അടക്കം ആരോപണ വിധേയനായ എ ഡി ജി പി എം ആർ അജിത് കുമാറിനായിരുന്നു അന്വേഷണം ചുമതല. സെപ്റ്റംബർ 24 നകം റിപ്പോർട്ട് സമർപ്പിർപ്പിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് എ ഡി ജി പി അജിത് കുമാർ റിപ്പോർട്ട് സമർപ്പിച്ചത്.
ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപ് നടന്ന പൂരം അലങ്കോലമായത് വലിയ ചർച്ചയായിരുന്നു, തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞതും പൂരത്തിന് എത്തിയ പൂര പ്രേമികളെ ലാത്തി വീശി ഓടിച്ചതും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചതും വലിയ വിവാദമായി. ഇതിന് പിന്നാലെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവെയ്ക്കാൻ ദേവസ്വം നിർബന്ധിതരായി.
രാത്രിപ്പൂരം കാണാൻ എത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു, പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട് 4 മണിക്കൂർ വൈകി പകൽ വെളിച്ചത്തിൽ നടത്തേണ്ടി വന്നു. തൃശൂർ ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ പൂരം അലങ്കോലപ്പെടുത്തിയത് ബി ജെ പിക്ക് വേണ്ടിയാണെന്ന ആരോപണം ഉയർന്നുവന്നു. ഇതിന് പിന്നാലെയാണ് സി പി ഐ അന്വേഷണം ആവശ്യപ്പെട്ടത്.












Click it and Unblock the Notifications