കെ റെയില്‍ സര്‍വേ: സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി;സര്‍ക്കാരിന് ആശ്വാസം
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. സില്‍വര്‍ ലൈനിനായുള്ള സര്‍വേ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് സ്റ്റേ വിധിച്ചിരുന്നു. ഇത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
തങ്ങളുടെ ഭൂമിയില്‍ നടക്കുന്ന സര്‍വേ നടപടികള്‍ക്കെതിരേ നാല് ഹര്‍ജികളിലായി പത്ത് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഇവരുടെ ഭൂമിയിലെ സര്‍വേ നടപടികളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് താത്കാലികമായി തടഞ്ഞിരുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് അനുവദിച്ച് കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇപ്പോഴത്തെ ഉത്തരവ്. സില്‍വര്‍ ലൈനിന്റെ സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

സിംഗിള്‍ ബെഞ്ച് തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കും എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഡി പി ആറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്. ഡി പി ആര്‍ സംബന്ധിച്ച് പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തില്‍ ഇത് സര്‍ക്കാരിന് ആശ്വാസമായി. ഇതോടെ, സില്‍വര്‍ ലൈന്‍ സര്‍വേ തുടരാനുള്ള സര്‍ക്കാരിന് മുന്നിലെ നിയമതടസം നീങ്ങുകയാണ്.

നേരത്തേ സാമൂഹികാഘാത സര്‍വേ നടത്തുന്നതിന് സര്‍ക്കാരിന് മുന്നില്‍ നിയമപരമായ തടസമൊന്നുമില്ലെന്ന് സര്‍ക്കാര്‍ അപ്പീലില്‍ വാദം കേള്‍ക്കവേ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സര്‍വേ ആന്റ് ബൗണ്ടറി ആക്ട് പ്രകാരം സര്‍വേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാല്‍ ഡി പി ആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയില്‍വേ സത്യവാങ്മൂലത്തില്‍ ഹൈക്കോടതിയെ അറിയിച്ചത്. സിംഗിള്‍ ബഞ്ച് ഉത്തരവ് സര്‍ക്കാര്‍ വാദങ്ങള്‍ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതി ചെലവ് കുത്തനെ കൂട്ടാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
Recommended Video


അതേസമയം പദ്ധതിയുടെ സാമ്പത്തിക കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. അതേസമയം സര്‍വേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ഇനി നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും സമരം തുടരുമെന്നും കെ റെയില്‍ വിരുദ്ധ സമര സമിതി അറിയിച്ചു. കഴിഞ്ഞ ജനുവരി 20 നാണ് സര്‍വേ തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്. അതേസമയം കെ റെയിലിനെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്.

സില്‍വര്‍ ലൈന്‍ സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിക്കും സംശയത്തിനും ഓണ്‍ലൈനിലൂടെ മറുപടി നല്‍കുന്നതിനുള്ള ട്രയല്‍ രണ്ടാഴ്ചയ്ക്കകം നടത്തും. ഫെബ്രുവരി അവസാനത്തോടെ ട്രയലും ആദ്യ സെഷനും പൂര്‍ത്തിയാക്കും. തുടര്‍ന്ന് മന്ത്രിമാരെ ഉള്‍പ്പെടുത്തി മറുപടി നല്‍കാനും ആലോചിക്കുന്നുണ്ട്. 'ജനസമക്ഷം സില്‍വര്‍ ലൈന്‍ ' കോഴിക്കോട്, കാസര്‍കോട് ഒഴികെ പാത കടന്നുപോകുന്ന മറ്റ് ജില്ലകളില്‍ നടത്തി കഴിഞ്ഞു. പദ്ധതിയുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ യോഗത്തിനായെന്നാണ് വിലയിരുത്തല്‍. കൊവിഡ് നിയന്ത്രണം മൂലമാണ് കാസര്‍കോട്ടും കോഴിക്കോട്ടും പരിപാടി നടത്താതിരുന്നത്.












Click it and Unblock the Notifications