ദിവ്യ ഉണ്ണിക്ക് ലഭിച്ചത് 5 ലക്ഷം; കൂടുതൽ കൊടുത്തോ? പൂട്ടാനുറച്ച് പോലീസ്, വിശദമായ അന്വേഷണം
കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ചുള്ള നൃത്ത പരിപാടിയെ സംബന്ധിച്ചുള്ള വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പരിപാടിക്കായി സ്റ്റേഡിയം വിട്ടുനിൽകിയതിലും നടി ദിവ്യ ഉണ്ണിക്ക് പ്രതിഫലം നൽകിയത് സംബന്ധിച്ചുമെല്ലാം വിവാദം കത്തുകയാണ്. ബ്ലാസ്റ്റേഴ്സുമായി കരാർ ഉള്ളതിനാൽ സ്റ്റേഡിയം വിട്ട് നൽകരുതെന്ന് ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം നിലപാടെടുത്തെങ്കിലും അവസാന നിമിഷം ഉന്നത ഇടപെടൽ ഉണ്ടായെന്നാണ് വിവരം.
2025 ഏപ്രിൽ വരെയാണ് സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന് നൽകിയത്. കളിക്കായി ടർഫ് അന്താരാഷ്ട്ര നിലവാരത്തിലാണ് സജ്ജമാക്കിയത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയിട്ടും
സ്റ്റേഡിയം വിട്ടുനിൽക്കാൻ തീരുമാനിച്ചതിൽ ദുരൂഹത ഉണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ ആണ് പരാതി നല്‍കിയത്. കായികേതര ആവശ്യത്തിന് സ്റ്റേഡിയം വിട്ടുനല്‍കിയത് വഴിവിട്ട നീക്കത്തിലൂടെയാണെന്നും ജി സി ഡി എ ചെയർമാനെതിരെ അന്വേഷണം വേണമെന്നും പരാതിയിൽ പറയുന്നു.

അതേസമയം സ്റ്റേഡിയം വിട്ടുനൽകിയതിനെതിരെ ബ്ലാസ്റ്റേഴ്സും നിയമനടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. അടുത്ത ഹോം മാച്ചിന് മുൻപ് സ്റ്റേഡിയത്തിലെ ടർഫ് പരിശോധിക്കും. ജി സി ഡി എ എൻജിനിയർമാരുടെ സാന്നിധ്യത്തിലായിരിക്കും സംയുക്ത പരിശോധന.ടർഫിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം ഈടാക്കിയേക്കും.
അതിനിടെ പരിപാടിയിൽ പങ്കെടുക്കുന്നതിന് നടി ദിവ്യ ഉണ്ണിക്ക് 5 ലക്ഷം രൂപയാണ് നൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ ലഭിച്ചത്. നടിക്ക് കൂടുതൽ പണം നൽകിയോ എന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. പരിപാടിയുമായി ബന്ധപ്പെട്ട് നടിയെ ചോദ്യം ചെയ്യാനിരുന്നെങ്കിലും അവർ കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് തിരിച്ചുപോയി. ഈ സാഹചര്യത്തിൽ ഓൺലൈനായിരിക്കും നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തുക.
അതേസമയം പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും എം എൽ എയെ ഒന്ന് സന്ദർശിക്കാനോ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാനോ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമർശനം ഉന്നയിക്കപ്പെടുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നടി ഗായത്രി വർഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് ഖേദം പ്രകടിപ്പിക്കാൻ നടി തയ്യാറാകാതിരുന്നതെന്നും ദിവ്യ ഉണ്ണി കച്ചവട മാധ്യമപ്രവർത്തനത്തിന്റെ ഇരയായെന്നും അവർ വിമർശിച്ചു.
മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയിൽ നിന്നും വീണ് ഉമ തോമസ് എം എൽ എക്ക് പരിക്കേറ്റത്. അവർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.












Click it and Unblock the Notifications