'ദിയ ഇനിയെങ്കിലും ശ്രദ്ധിക്കണം, ഒരു മോശപ്പെട്ട സ്വഭാവവും അദ്ദേഹത്തിനില്ല, അതവരുടെ വലിയ മനസ്'; ആലപ്പി അഷ്‌റഫ്
അടുത്തിടെ വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടിയ കേസുകളിൽ ഒന്നായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിനും മകൾ ദിയ കൃഷ്‌ണയ്ക്കും എതിരായ തട്ടിക്കൊണ്ട് പോകൽ പരാതി. ദിയ കൃഷ്‌ണയുടെ സ്ഥാപനമായ ഓ ബൈ ഓസിയിലെ ജീവനക്കാരാണ് ഇരുവർക്കും എതിരെ പോലീസിൽ പരാതി നൽകിയത്. എന്നാൽ പിന്നാലെ സംഭവികാസങ്ങൾ എല്ലാം മാറി മറിയുകയും ഇത് സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലേക്ക് വഴിമാറുകയുമായിരുന്നു.
ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയെന്നായിരുന്നു കൃഷ്‌ണകുമാറിന്റെ ആരോപണം. ഇതിൽ ഇപ്പോൾ പോലീസ് അന്വേഷണം നടക്കുകയാണ്. രണ്ട് പരാതികളിലും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്.

തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൃഷ്‌ണകുമാറിനെ തനിക്ക് പണ്ട് മുതലേ നേരിട്ടറിയാമെന്നും അദ്ദേഹം ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുമെന്ന് കരുതുന്നില്ലെന്നുമാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന എല്ലാവരും ഇനി മുതൽ സമാനമായ ക്യൂ ആർ കോഡുകൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെ ഭയക്കണമെന്നും ആലപ്പി അഷ്‌റഫ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
കൃഷ്‍ണകുമാറിന്റെ വിവാഹം കഴിയുന്നതിന് തൊട്ട് മുമ്പ് വരെ അദ്ദേഹവുമായി വളരെ നല്ല അടുപ്പം ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. ഒരാളെ നമ്മൾ വിലയിരുത്തുന്നത് സ്വഭാവം, പെരുമാറ്റം, സത്യസന്ധത, ആത്മാർത്ഥത, കൃത്യനിഷ്‌ഠ, സഹജീവി സ്നേഹം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്. എന്റെ അറിവ് വെച്ച് ഒരു മോശപ്പെട്ട സ്വഭാവവും കൃഷ്‍ണകുമാറിൽ കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.
സാധാരണ സിനിമാക്കാർ ഉൾപ്പെടാറുള്ള കുഴപ്പങ്ങളിലൊന്നും അദ്ദേഹം ഉൾപെട്ടിട്ടില്ല. മദ്യപാനം, മയക്കുമരുന്ന്, പീഡനം, കുത്തിതിരുപ്പ്, കുതികാൽവെട്ട് തുടങ്ങിയവയിലൊന്നും അദ്ദേഹം ഇതുവരെ ഉൾപ്പെടുകയും ചെയ്‌തിട്ടില്ല. നാല് പെൺമക്കളെയാണ് നല്ല രീതിയിൽ വളർത്തി സംസ്‌കാര സമ്പന്നരാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തിയുള്ളവരാക്കി അദ്ദേഹം മാറ്റിയത്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ട് തന്നെ പറയാം, ഇപ്പോഴുണ്ടായ വിവാദത്തിൽ സത്യവും നീതിയുമെല്ലാം കൃഷ്‌ണകുമാറിന്റെ പക്ഷത്താണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ മാത്രമല്ല ഭൂരിപക്ഷ പൊതുസമൂഹവും അങ്ങനെ വിശ്വസിക്കുന്ന ആളുകൾ ആയിരിക്കും. ഇപ്പോൾ ഇതേ വിഷയത്തിൽ പലരും കൃഷ്‌ണകുമാറിനെ ഇപ്പോൾ വിളിക്കാറുണ്ട്.വിശ്വാസ വഞ്ചനയാണ് ഇവർക്കൊക്കെ നേരിടേണ്ടി വന്നത്.
ദിയയ്ക്ക് ഇപ്പോഴെങ്കിലും എല്ലാം മനസ്സിലായിക്കാണും. 69 ലക്ഷം രൂപയും പിന്നെ ഓർണമെന്റ്സും തട്ടിയെടുത്തു എന്നാണ് കൃഷ്‌ണകുമാർ നൽകിയ പരാതി. എന്നാൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നാണ് അവർ തിരിച്ചു നൽകിയിരിക്കുന്നത് പരാതി. ഇതിൽ കൃഷ്‌ണകുമാറും ഭാര്യയും അടക്കം 6 പേർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ആദ്യമായാവും ലോക ചരിത്രത്തിൽ 15000 രൂപ ശമ്പളമുള്ള ജീവനക്കാരെ തട്ടികൊണ്ട് പോവുന്നതും അവർ പ്രശ്‌നം പരിഹരിക്കാൻ എട്ട് ലക്ഷം അപ്പോൾ തന്നെ നൽകുന്നതും. അവരുടെ ഈ നല്ല മനസ് കാണാതെ പോവരുതേ. ഞങ്ങളോട് അങ്ങനെ ചെയ്‌തുപോയി ക്ഷമിക്കണം എന്നാണ് അഹാന പുറത്തുവിട്ട വീഡിയോയിൽ അവർ പറയുന്നത്.
കൃഷ്‌ണകുമാർ വസ്ത്രത്തിൽ പിടിച്ചു മാനഭംഗപ്പെടുത്താൻ നോക്കി എന്നും പരാതിയിൽ പറയുന്നുണ്ട്. രക്ഷപ്പെടാനുള്ള അവസാനത്തെ മാർഗമായാവും അങ്ങനെ പറഞ്ഞത്. പക്ഷേ കൃഷ്‌ണകുമാറിനെ അറിയാവുന്ന ആരും അതൊരിക്കലും വിശ്വസിക്കില്ല. ക്യുആർ കോഡ് ഉപയോഗിച്ച് നടക്കാൻ സാധ്യതയുള്ള ഇത്തരം ചതികളെക്കുറിച്ച് ജാഗരൂകരായിരിക്കണമെന്ന് കൂടിയാണ് കൃഷ്‍ണകുമാറിനുണ്ടായ ഈ അനുഭവം ഓർമ്മിപ്പിക്കുന്നത്.












Click it and Unblock the Notifications