രാജയ്ക്കെതിരായ വിധിയിൽ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസും യുഡിഎഫും അംഗീകരിക്കുന്നുണ്ടോ?; ഐസക്
തിരുവനന്തപുരം: ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതിവിധിയിൽ നടത്തിയ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനേയും യുഡിഎഫിനേയും വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് എ രാജയ്ക്ക് അർഹതയില്ല എന്നാണ് കോടതി വിധി. അതു സ്ഥാപിക്കാൻ വിധിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ കോൺഗ്രസും യുഡിഎഫും അംഗീകരിക്കുന്നുണ്ടോയെന്ന് ഐസക് ചോദിച്ചു. ഇടുക്കിയിലെ തോട്ടം മേഖലയിലെ ജനങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന ഉത്തരമാണതെന്നും ഐസക് പറഞ്ഞു. ഐസകിന്റെ കുറിപ്പ് ഇങ്ങനെ

ദേവികുളം തെരഞ്ഞെടുപ്പ് അസാധുവാക്കിയ കോടതിവിധി വിശകലനം ചെയ്തുകൊണ്ട് പുതിയ ലക്കം ചിന്ത വാരികയിൽ ഒരു ലേഖനമുണ്ട്. അതു വായിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് അഭ്യർത്ഥിക്കുകയാണ്. പട്ടികജാതിക്കാരനല്ലാത്ത എ രാജയെ മത്സരിപ്പിക്കുക വഴി പട്ടികജാതിക്കാരുടെ അവസരം സിപിഎം നഷ്ടപ്പെടുത്തി എന്നാണല്ലോ വിധിയോട് അദ്ദേഹം പ്രതികരിച്ചത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഭരണഘടനാദത്തമായ അവകാശങ്ങൾക്ക് എ രാജയ്ക്ക് അർഹതയില്ല എന്നാണ് കോടതി വിധി. അതു സ്ഥാപിക്കാൻ വിധിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ കോൺഗ്രസും യുഡിഎഫും അംഗീകരിക്കുന്നുണ്ടോ? ഇടുക്കിയിലെ തോട്ടം മേഖലയിലെ ജനങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന ഉത്തരമാണത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എ രാജ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി എന്ന് കോടതിവിധിയിലെവിടെയും പറയുന്നില്ല. അങ്ങനെയൊരു സർട്ടിഫിക്കറ്റിന് രാജയ്ക്ക് അർഹതയില്ലെന്നാണ് കോടതി കണ്ടെത്തിയത്. കാരണമോ, 1950 നു മുമ്പ് കുടിയേറിയിട്ടും സ്വന്തമായി ഭൂമിയും വിലാസവുമൊന്നുമുണ്ടാക്കാൻ രാജയുടെ പൂർവപിതാക്കൾക്ക് കഴിഞ്ഞില്ല എന്നതും.
ഈ അയോഗ്യത ഇടുക്കിയിലെ പതിനായിരക്കണക്കിന് കുടിയേറ്റ കുടുംബങ്ങൾക്ക് ബാധകമാകുമോ? ഇക്കാരണം പറഞ്ഞ് അവരുടെ പട്ടികജാതി പദവിയും അവകാശവും റദ്ദു ചെയ്താലുണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കും. ആ ചോദ്യമാണ് ചിന്ത ലേഖനം മുന്നോട്ടു വെയ്ക്കുന്ന പ്രസക്തമായ ചോദ്യം. ആ ചോദ്യത്തോടാണ് കോൺഗ്രസും യുഡിഎഫും പ്രതികരിക്കേണ്ടത്.
രണ്ടാമത്തെ പ്രശ്നം എ രാജ ക്രിസ്തീയ വിശ്വാസമനുസരിച്ചാണ് ജീവിച്ചു വരുന്നത് എന്ന കോടതിയുടെ കണ്ടെത്തലാണ്. അതു തീരുമാനിക്കാൻ കോടതി അവലംബമാക്കിയ വസ്തുതകളെയും ലേഖനം ചോദ്യം ചെയ്യുന്നു. എ രാജയുടെ വാദങ്ങൾ അകാരണമായി നിരാകരിച്ചും വാദി ഹാജരാക്കിയ തെളിവുകൾ മാത്രം ആസ്പദമാക്കിയുമാണ് വിധിയെന്നാണ് ലേഖനം കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടുന്നത്. കോടതിയുടെ ഈ രീതിശാസ്ത്രത്തോടും നിയമവിദഗ്ധനായ പ്രതിപക്ഷ നേതാവിന്റെ പ്രതികരണമറിയാൻ കൗതുകമുണ്ട്.












Click it and Unblock the Notifications