പേവിഷ ബാധയേറ്റാല്‍ മരണമൊഴിവാക്കാന്‍ എന്ത് ചെയ്യണം? ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
കോഴിക്കോട്: പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ പേവിഷ ബാധക്കുള്ള വാക്‌സിനെടുത്തിട്ടും മരിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഈ വര്‍ഷം മാത്രം ഇതിനോടകം പേവിഷ ബാധയേറ്റ് 18 മരണങ്ങള്‍ ഉണ്ടായി എന്നാണ് ഐഡിഎസ്പി റിപ്പോര്‍ട്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ പേവിഷ ബാധ. പേവിഷ ബാ ധയേറ്റാല്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? പരിശോധിക്കാം
ലോകത്തിലെ ഏറ്റവും മാരകമായ രോഗങ്ങളുടെ കൂട്ടത്തിലാണ് പേവിഷ ബാധ. അപ്പോള്‍ അതിനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ എത്രത്തോളം ആവശ്യമാണ് എന്നതും വ്യക്തമാണല്ലോ. പേവിഷബാധയ്ക്ക് കാരണമാകുന്നത് റാബ്ഡോ വൈറസ് കുടുംബത്തില്‍പ്പെട്ട ലിസ്സ റാബീസ് എന്നയിനം ആര്‍ എന്‍ എ വൈറസുകളാണ്.

വൈറസ് ബാധിച്ച മൃഗങ്ങളുടെ കടിയോ മാന്തോ അല്ലെങ്കില്‍ അവയുടെ ഉമിനീര്‍ മുറിവുകളില്‍ പുരളുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ നമ്മുടെ ശരീരത്തിലേക്കും ഈ വൈറസ് പ്രവേശിക്കും. അതേസമയം അടിയന്തരചികിത്സയിലൂടെയും കൃത്യമായ ഇടവേളകളില്‍ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും റാബിസ് വൈറസിനെ നൂറുശതമാനം ഫലപ്രദമായി പ്രതിരോധിക്കാനും സാധിക്കും.

എന്നാല്‍ വൈറസ് നാഡീവ്യൂഹത്തെയും മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ മരണം നൂറുശതമാനം ഉറപ്പാണ്. രാജ്യത്ത് പേവിഷ ബാധയേല്‍ക്കുന്നവരില്‍ 97 ശതമാനത്തിനും രോഗബാധയേല്‍ക്കുന്നത് വൈറസ് ബാധിച്ച നായ്ക്കളുടെ കടിയില്‍ നിന്നുമാണ്. ബാക്കി രണ്ട് ശതമാനം ആളുകള്‍ക്ക് പൂച്ചകളില്‍ നിന്നുമാണ് വൈറസ് ബാധയേല്‍ക്കുന്നത്.

പേവിഷബാധയേറ്റ ആട്, പശു, മറ്റ് സസ്തനികള്‍ മുറിവുകളില്‍ നക്കിയാലും വൈറസ് മനുഷ്യരില്‍ എത്തും. വൈറസ് ബാധയേറ്റാല്‍ നാഡികളിലൂടെ പടര്‍ന്ന് മസ്തിഷ്‌കത്തിലെത്താന്‍ മണിക്കൂറില്‍ 3 മില്ലിമീറ്റര്‍ ദൂരം എന്ന ചെറിയ വേഗത മാത്രമേ വൈറസിനുള്ളൂ. അതിനാല്‍ കടിയേറ്റ ശരീരഭാഗവും സുഷുമ്നാനാഡിയും മസ്തിഷ്‌കവും തമ്മിലുള്ള അകലം, കടിയുടെ തീവ്രത എന്നിവയെയെല്ലാം അനുസരിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് വ്യത്യാസപ്പെടും.

രോഗലക്ഷണങ്ങള്‍
തലവേദന, തൊണ്ടവേദന, മൂന്ന് നാല് ദിവസം നീണ്ടുനില്‍ക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് പേവിഷബാധയുടെ പ്രാഥമിക ലക്ഷണങ്ങള്‍. നാഡീവ്യൂഹത്തെ ബാധിച്ചു കഴിഞ്ഞാല്‍ ശ്വാസതടസ്സം, ഉറക്കമില്ലായ്മ, വെള്ളം തൊണ്ടയിലൂടെ ഇറക്കാനുള്ള ബുദ്ധിമുട്ട്, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യം മൂലമുള്ള അസ്വസ്ഥത, മാനസിക വിഭ്രാന്തി, മരണഭയം എന്നിവയും പ്രകടമാകും. മസ്തിഷ്‌കത്തെ ബാധിച്ചാല്‍ മസ്തിഷ്‌ക വീക്കം ഉണ്ടാക്കുന്നു. അതോടെ അപസ്മാരം, പക്ഷാഘാതം, മസ്തിഷ്‌ക മരണം എന്നിവ സംഭവിക്കാം.

എങ്ങനെ നേരിടാം?
മൃഗങ്ങളില്‍ നിന്നും കടിയോ പോറലോ ഏല്‍ക്കുകയോ ഉമിനീര്‍ മുറിവില്‍ പുരളുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ മുറിവേറ്റ ഭാഗം ഒഴുകുന്ന ടാപ്പ് വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക എന്നതാണ്. 10 മുതല്‍ 15 മിനിറ്റ് വരെ കഴുകുന്നതാണ് അഭികാമ്യം. മുറിവില്‍ സോപ്പ് പതപ്പിച്ച് രണ്ടാമതും കഴുകണം. കൈ നേരിട്ട് മുറിവില്‍ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഉടന്‍ വൈദ്യസഹായം തേടുക. കടിയേറ്റ മുറിവുകളില്‍ തണുപ്പോ ചൂടോ ഏല്‍പ്പിക്കുക, മണ്ണോ ഉപ്പോ മഞ്ഞളോ മറ്റോ പുരട്ടുക എന്നിവയെല്ലാം ഒഴിവാക്കണം.

പ്രതിരോധമരുന്നുകള്‍ എന്തൊക്കെ?
മുറിവിന്റെ സ്വഭാവമനുസരിച്ചാണ് പേവിഷ ബാധ ചികിത്സ തീരുമാനിക്കുന്നത്. ആന്റിറാബീസ് വാക്സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവയാണ് പ്രധാനമായി പേവിഷ പ്രതിരോധ ചികിത്സയ്ക്ക് ഉപയോഗിച്ച് വരുന്നത്. കാറ്റഗറി ഒന്നില്‍ പെട്ട കേസുകളില്‍ പ്രതിരോധ മരുന്നുകളുടെ ആവശ്യമില്ല. പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളെ തൊടുക, അവക്ക് ഭക്ഷണം കൊടുക്കുക, മുറിവുകള്‍ ഇല്ലാത്ത തൊലിപ്പുറത്തു മൃഗങ്ങള്‍ നക്കുക തുടങ്ങിയ സാഹചര്യങ്ങളില്‍ വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത ഇല്ല. അതിനാല്‍ ഇവ കാറ്റഗറി 1 ല്‍ പെടുന്നു. ഈ സാഹചര്യത്തില്‍ സ്പര്‍ശിച്ച ഭാഗം നന്നായി ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് കഴുകിയാല്‍ മതി.
വന്നു... കണ്ടു.. കീഴടക്കി..; കിടിലന്‍ ലുക്കില്‍ അന്‍സിബ, വൈറല്‍ ചിത്രങ്ങള്‍

കാറ്റഗറി 2 ല്‍ തൊലിപ്പുറത്തുള്ള മാന്തല്‍, രക്തം വരാത്ത ചെറിയ പോറലുകള്‍ എന്നിവ ഉള്‍പ്പെടും. ഇതിന് പ്രതിരോധ കുത്തിവെയ്പ്പ് വേണം. ഇവിടേയും മുകളില്‍ പറഞ്ഞതിന് സമാനമായി കഴുകല്‍ വേണം. കാറ്റഗറി 3 ല്‍ രക്തം വരുന്ന മുറിവുകള്‍, മുറിവുള്ള തൊലിപ്പുറത്ത് നക്കല്‍, ചുണ്ടിലോ വായിലോ നാക്കിലോ കണ്ണിലോ നക്കുക, കാട്ടുപൂച്ച, കടുവ, കരടി, പുലി, ചെന്നായ, തുടങ്ങി വിവിധ വന്യമൃഗങ്ങളുടെ ആക്രമണം എന്നിവ ഉള്‍പ്പെടും.

ആന്റിറാബീസ് കുത്തിവെപ്പിനോടൊപ്പം തന്നെ ഹ്യൂമന്‍ റാബീസ് ഇമ്മ്യൂണോഗ്ലോബുലിന്‍ കൂടി ഇത്തരം കേസുകളില്‍ നല്‍കേണ്ടി വരും. മൃഗങ്ങളുടെ കടിയേറ്റുണ്ടാവുന്ന മുറിവുകള്‍ പരമാവധി സ്റ്റിച്ച് ചെയ്യാറില്ല. എന്നാല്‍ സ്റ്റിച്ച് ചെയ്യേണ്ടി വരുന്ന അടിയന്തിര സാഹചര്യങ്ങളില്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കാറുണ്ട്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, നവജാതശിശുക്കള്‍, പ്രായമായവര്‍, ഗുരുതര രോഗം ബാധിച്ചവര്‍ ഉള്‍പ്പെടെ ആര്‍ക്ക് കടിയേറ്റാലും വാക്സിന്‍ എടുക്കണം.

കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ ആണെങ്കില്‍ കൂടിയും പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ നിര്‍ദേശിക്കപ്പെട്ട ക്രമത്തില്‍ ഒരു മുടക്കവും കൂടാതെ എടുക്കണം എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എല്ലാം സൗജന്യമായി ലഭിക്കും.

വാക്‌സിനേഷന്‍ പിരീഡ് എങ്ങനെ?
പോസ്റ്റ് എക്പോഷര്‍ വാക്സിനേഷന്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി തുരുന്നത്. 0.1 മില്ലി വീതമുള്ള ഓരോ ഡോസ് വാക്സിന്‍ കൈ ആരംഭിക്കുന്നതിന് താഴെ തൊലിക്കടിയില്‍ രണ്ട് സ്ഥലങ്ങളിലായി 0, 3, 7, 28 ദിവസങ്ങളിലായി നല്‍കും. 0,3,7, 14, 28 ദിവസങ്ങളില്‍ പേശികളില്‍ നല്‍കുന്ന രീതിയും ചില ആശുപത്രികളിലുണ്ട്.

ആദ്യ കുത്തിവെയ്പ് എടുക്കുന്ന ദിവസമാണ് 0 കുത്തിവെയ്പ് എന്ന നിലയില്‍ പരിഗണിക്കുന്നത്. ഒരിക്കല്‍ കടിയേറ്റതിന് ശേഷമുള്ള മുഴുവന്‍ കുത്തിവയ്പുകളോ പൂര്‍ണ്ണമായ മുന്‍കൂര്‍ പ്രതിരോധകുത്തിവെയ്പുകളോ എടുത്ത ഒരാള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ വീണ്ടും കടിയോ, മാന്തോ കിട്ടിയാല്‍ മുറിവുകളുടെ പരിചരണം മാത്രം മതി.

മൂന്ന് മാസത്തിന് ശേഷമാണ് കടിയേല്‍ക്കുന്നതെങ്കില്‍ വാക്സിന്‍ രണ്ട് തവണകളായി 0, 3 ദിവസങ്ങളില്‍ എടുക്കണം. മുറിവ് എത്ര തീവ്രമായായലും ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആവശ്യമില്ല. മാന്ത്/ കടി ഏറ്റ ശേഷം 24 മണിക്കൂറിനകം തന്നെ ആദ്യ ഡോസ് വാക്സിന്‍ എടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഏതെങ്കിലും കാരണവശാല്‍ സമയബന്ധിതമായി പ്രതിരോധ കുത്തിവെയ്പ് എടുക്കാന്‍ വിട്ടുപോയിട്ടുണ്ടങ്കില്‍ വൈകിയാണങ്കിലും വാക്സിന്‍ എടുക്കണം.

മുന്‍കൂര്‍ വാക്സിനേഷന്‍ എടുക്കാമോ?
പട്ടി, പൂച്ച ഇവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവര്‍, പെറ്റ് ഷോപ്പുകളിലെയും മൃഗശാലയിലേയും ജീവനക്കാര്‍, വനം വകുപ്പ് ജീവനക്കാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങിയവര്‍ റാബീസ് വൈറസുമായി സമ്പര്‍ക്കം ഉണ്ടാവാന്‍ ഇടയുള്ള ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇവര്‍ മുന്‍കൂര്‍ വാക്‌സിന്‍ എടുക്കണം.












Click it and Unblock the Notifications