
ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ തിരിച്ചുവിളിച്ച് സപ്ലൈകോ; വിതരണ കമ്പനിക്കെതിരേയും നടപടി, കാരണം ഇത്
കൊച്ചി: ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മായം കണ്ടെത്തി. സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഇതോടെ ആ ബാച്ചില്‍ പെട്ട ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണ ഡിപ്പോകളില്‍ നിന്നും എല്ലാ വില്പന ശാലകളില്‍ നിന്നും തിരിച്ചെടുക്കണം എന്ന് സപ്ലൈകോ നിര്‍ദേശം നല്‍കി.
വെളിച്ചെണ്ണ സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സി എഫ് ആര്‍ ഡി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിധ്യം ഉള്ളതായി കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് നവംബര്‍ 25 ന് ആണ് ലഭിക്കുന്നത്. വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെ സാന്നിധ്യം ഉണ്ടാകാന്‍ പാടില്ല.

അതിനാലാണ് അടിയന്തരമായി ഈ വെളിച്ചെണ്ണ തിരിച്ചെടുത്ത്, സപ്ലൈയര്‍ക്ക് തിരികെ നല്‍കാന്‍ സപ്ലൈകോ നിര്‍ദേശം നല്‍കിയത്. കൂടാതെ വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസും സപ്ലൈകോ നല്‍കി. മാത്രമല്ല റോയല്‍ എഡിബിള്‍ കമ്പനിക്ക് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ അനുസരിച്ചുള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമോ എന്ന് കാരണം കാണിക്കല്‍ നോട്ടീസിന് വിതരണക്കാരന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. ഇത് സംബന്ധിച്ച തുടര്‍നടപടികള്‍ അടിയന്തരമായി സ്വീകരിക്കും എന്ന് സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്ജോഷി അറിയിച്ചു.

സപ്ലൈകോ ഡിപ്പോകളില്‍ എന്‍ എ ബി എല്‍ അംഗീകൃത ലബോറട്ടറിയില്‍ നിന്നും ലഭ്യമായ ഗുണനിലവാര പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയുടെ സ്റ്റോക്ക് സ്വീകരിച്ചത്. മായം കണ്ടെത്തിയ സാഹചര്യത്തില്‍ സ്റ്റോക്കില്‍ അവശേഷിക്കുന്ന എല്ലാ ബാച്ചിലും പെട്ട സാമ്പിളുകള്‍ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വെളിച്ചെണ്ണയിലെ മായം തടയുന്നതിനും സ്‌പെഷ്യല്‍ ഡ്രൈവ് നടത്തുന്നത്.