'നിരപരാധികളെ ഉപദ്രവിക്കരുത്':കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഡോക്ടർ ആത്മഹത്യ ചെയ്തു
ജയ്പൂർ: കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട രാജസ്ഥാനിൽ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തത് സംഭവത്തില്‍ സംസ്ഥാനത്തുടനീളം ഡോക്ടർമാരുടെ നേതൃത്വത്തില്‍ നടന്നത് ശക്തമായ പ്രതിഷേധം. ദേശീയ തലസ്ഥാനമായ ദില്ലിയും വിവിധ സംഘടനകളുടേയും കൂട്ടായ്മകളുടേയും പേരില്‍ പ്രതിഷേധ യോഗങ്ങള്‍ നടന്നു. സ്വന്തം ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ മരിച്ച രോഗിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അർച്ചന ശർമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സംസ്ഥാന പോലീസിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഡോക്ടർമാർ തെരുവിലിറങ്ങയത്.
രാജസ്ഥാനിലെ ദൗസയിലാണ് ഡോക്ടർ അർച്ചനയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ആശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ പ്രസവത്തിന് എത്തിയ ഒരു യുവതി പ്രസവത്തിന് തൊട്ടുപിന്നാലെ രക്തസ്രാവത്തെ തുടർന്ന് മരിക്കുകയായിരുന്നു. ചികിത്സാപ്പിഴവാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച കൂടുംബം പിന്നീട്, യുവതിയുെ കുടുംബം ആശുപത്രിക്ക് പുറത്ത് പ്രകടനം നടത്തികയും ഡോക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അർച്ചന ശർമ്മയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമായിരുന്നു ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യുവതിയുടെ കുടുംബം പിരിഞ്ഞ് പോയത്.

എന്നാല്‍ പൊലീസ് നടപടിക്ക് പിന്നാലെ വീട്ടിലെത്തിയ ഡോക്ടർ ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിക്ക് മുന്നില്‍ നടന്ന പ്രകടനങ്ങളും ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് സമർപ്പിച്ചതും അർച്ചന ശർമ്മയെ മാനസികമായി തളർത്തിയിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവളെ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും പ്രസവാനന്തര രക്തസ്രാവം മൂലം രോഗി മരിക്കുകയായിരുന്നുവെന്നും മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നുമുള്ള അർച്ചനയുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരപരാധികളായ ഡോക്ടർമാരെ ഉപദ്രവിക്കരുത്. തന്റെ മരണം തന്റെ നിരപരാധിത്വം തെളിയിക്കുമെന്നും അവർ ആത്മഹത്യക്കുറിപ്പില്‍ കൂട്ടിച്ചേർത്തിരുന്നു.
തന്റെ മരണശേഷം ഭർത്താവിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും പീഡിപ്പിക്കരുതെന്നും കുറിപ്പില്‍ ഡോക്ടർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി അർച്ചനയുടെ ഭർത്താവ് രംഗത്ത് എത്തി. "പോലീസിനെതിരെ നടപടിയുണ്ടാകണം. അവർ എങ്ങനെയാണ് അവർക്കെതിരെ സെക്ഷൻ 302 (കൊലപാതകം) കേസെടുത്തത്? ഡോക്ടർമാരെ ഉപദ്രവിക്കുന്നതും അവരില്‍ നിന്ന് പണം ആവശ്യപ്പെടുന്നതും തടയാൻ നിയമം ഉണ്ടാകണം. എന്റെ ഭാര്യ മരിച്ചു, എന്നാൽ മറ്റ് നിരപരാധികളായ ഡോക്ടർമാരുടെ കാര്യമോ?"- ഡോക്ടർ അർച്ചന ശർമ്മയുടെ ഭർത്താവ് ഡോക്ടർ സുനിൽ ഉപാധ്യായ ദേശീയ മാധ്യമമായ എന്‍ ഡി ടിവി മുഖേന ചോദിച്ചു.












Click it and Unblock the Notifications