കേരള രാഷ്ട്രീയം ഞെട്ടിയ കോലീബി സഖ്യം! ബേപ്പൂരിലെ 'വിവാദ സ്ഥാനാർത്ഥി' കെ മാധവൻകുട്ടിയ്ക്ക് വിട...
കോഴിക്കോട് ചിന്താവളപ്പിലെ പൂന്താനം വസതിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിവാദമായ കോലീബി സഖ്യത്തിന്റെ സ്ഥാനാർത്ഥിയും, ആദ്യകാല വൈദ്യശാസ്ത്ര അധ്യാപകനുമായ ഡോക്ടർ കെ മാധവൻകുട്ടി(93) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിലെ പൂന്താനം വസതിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച രാവിലെ പുതിയപാലം പൊതുശ്മശാനത്തിൽ.
സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പലായി സേവനമനുഷ്ടിച്ച മാധവൻകുട്ടി, സാഹിത്യകാരനും അക്ഷരശ്ലോക പണ്ഡിതനുമായിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് ഒറ്റപ്പാലത്ത് ജനിച്ച മാധവൻകുട്ടി ആറാം വയസിലാണ് കോഴിക്കോട് നഗരത്തിൽ എത്തുന്നത്. സാമൂതിരി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. ഇതിനുശേഷം അതേ കോളേജിൽ തന്നെ അധ്യാപകനായി ജോലിയിൽ കയറി.

അദ്ധ്യാപകൻ....
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് സ്ഥാപിച്ചപ്പോൾ അവിടുത്തെ ആദ്യ പ്രൊഫസർമാരിൽ ഒരാളായിരുന്നു മാധവൻ കുട്ടി. പിന്നീട് തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ പ്രിൻസിപ്പലായി ജോലി ചെയ്തു. എന്നാൽ വൈദ്യശാസ്ത്ര രംഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. ഇംഗ്ലീഷിലും മലയാളത്തിലുമായി എൺപതോളം പുസ്തകങ്ങൾ രചിച്ചു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം അറിയപ്പെടുന്ന അക്ഷരശ്ലോക പണ്ഡിതനുമായിരുന്നു. എന്നാൽ ഇതിനെക്കാളേറെ 1991ലെ നിയമസഭ തിരഞ്ഞെടുപ്പും ബേപ്പൂരിലെ കോലീബി സഖ്യവുമാണ് മാധവൻകുട്ടിയെ പ്രശസ്തനാക്കിയത്. കേരള രാഷ്ട്രീയത്തിൽ ഇന്നും ചർച്ച ചെയ്യുന്ന കോലീബി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

1991ൽ...
മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി വിരമിച്ച മാധവൻകുട്ടി 1984ൽ പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് ആദ്യം മത്സരിക്കുന്നത്. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു മത്സരം. ഇതിനുശേഷം 1991ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ചു. അന്നാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടംനേടിയ കോലീബി സഖ്യം ഉടലെടുക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ മാധവൻകുട്ടിയ്ക്ക് കോൺഗ്രസും മുസ്ലീം ലീഗും ബിജെപിയും പരസ്യ പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ എംപി ഗംഗാധരനും, മുസ്ലീം ലീഗിന്റെ കെ ആലിക്കോയയും ബിജെപിയുടെ അഹല്യാശങ്കറും മാധവൻകുട്ടിയ്ക്ക് വേണ്ടി പത്രിക പിൻവലിച്ചു. സമാനരീതിയിൽ വടകരയിൽ ബിജെപി അനുഭാവിയായ രത്നസിങിന് വേണ്ടിയും കോലീബി സഖ്യം ഉടലെടുത്തു.

ഒന്നിച്ചു....
എൽഡിഎഫ് സ്ഥാനാർത്ഥിയായ ടികെ ഹംസയെ പരാജയപ്പെടുത്താൻ വേണ്ടിയാണ് കോൺഗ്രസും ലീഗും ബിജെപിയും ബേപ്പൂരിൽ ഒന്നിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളടക്കമുള്ള നേതാക്കൾ മാധവൻകുട്ടിയ്ക്ക് വേണ്ടി ബേപ്പൂരിൽ പ്രചാരണത്തിനെത്തി. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 6000 വോട്ടിന് ടികെ ഹംസ വിജയിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ പരീക്ഷണമായ കോലീബി സഖ്യത്തെ ജനങ്ങൾ പുച്ഛിച്ചുതള്ളി. എന്നാൽ ബേപ്പൂരിലെ സഖ്യം ഒരു നല്ല പരീക്ഷണമായിരുന്നെന്നായിരുന്നു മാധവൻകുട്ടിയുടെ അഭിപ്രായം. കോൺഗ്രസ് വാഗ്ദാനം ലംഘിച്ചെന്നും, പറഞ്ഞ വോട്ടുകൾ നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുസ്ലീം ലീഗ് നേരത്തെ പറഞ്ഞതു പോലെ കൃത്യം വോട്ട് നൽകിയതായും, കോലിബീ സഖ്യത്തിന്റെ പേരിൽ ബിജെപി നേതാവ് പിപി മുകുന്ദനെതിരെ നടപടി സ്വീകരിച്ചത് ശരിയായില്ലെന്നും മാധവൻകുട്ടി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications