'ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെ', ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ലെന്ന് സന്ദീപ്
തിരുവനന്തപുരം: ഡോ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസിക ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് ജയിലില്‍ എത്തി പ്രതിയെ പരിശോധിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും ഡോക്ടര്‍മാരും ചേര്‍ന്ന് ഉപദ്രവിക്കാന്‍ നോക്കിയപ്പോഴാണ് ആക്രമിക്കാന്‍ തീരുമാനിച്ചതെന്ന് ലക്ഷ്യം വച്ചത് പുരുഷ ഡോക്ടറെയാണെന്നും സന്ദീപ് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞു.
ആശുപത്രിയില്‍ പരിശോധിക്കാന്‍ എത്തിയവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല. അവരും തന്നെ ഉപദ്രവിക്കും എന്നു തോന്നിയതോടെയാണ് കത്തിയെടുത്തത്. ആദ്യം പുരുഷ ഡോക്ടറെ ഉപദ്രവിക്കാനായിരുന്നു ശ്രമിച്ചത്. ഡോ വന്ദനയെ ലക്ഷ്യം വച്ചില്ലെന്നുമാണ് പ്രതി പറയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ കയ്യില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങിയെന്ന് സമ്മതിച്ച് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണോ ഈ മൊഴിയെന്ന് ജയില്‍ വകുപ്പ് സംശയിക്കുന്നുണ്ട്.

കൊലപാതകം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം സന്ദീപ് സാധാരണ നിലയിലായിരുന്നു. പരസ്പര വിരുദ്ധ സംസാരവും വിഭ്രാന്തിയുമില്ല. ഇതോടെയാണ് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി പരിശോധിടച്ചത്. മാനസിക ആരോഗ്യ പ്രശ്‌നങ്ങളോ ജയിലില്‍ നിന്നോ ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമോ ഇല്ലായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതുകൊണ്ട് സന്ദീപ് പ്രകടിപ്പിച്ച വിഭ്രാന്തി ലഹരിയുടെ അമിത് ഉപയോഗം കൊണ്ടാണെന്ന നിഗമനത്തിലാണ് ജയില്‍ ഉദ്യോഗസ്ഥര്‍. സന്ദീപ് സാധാരണ നിലയിലായതോടെ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കാര്യങ്ങല്‍ ചോദിച്ചറിയുകയായിരുന്നു. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് സന്ദീപ് കാര്യങ്ങള്‍ വിശദീകരിച്ചത്.
നാട്ടുകാരില്‍ ചിലര്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കാനെത്തുന്ന തോന്നലായിരുന്നു തനിക്ക്. അതിനാലാണ് പൊലീസിനെ വിളിച്ചത്. ആദ്യം പൊലീസ് എത്തിയപ്പോള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരുന്നു. അവര്‍ പോയ ശേഷം വീണ്ടും വിളിച്ചുവരുത്തുകയായിരുന്നെന്നും സന്ദീപ് പറഞ്ഞു. അതേസമയം, ആശുപത്രിയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ആരോഗ്യമന്ത്രിക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അനാവശ്യ ആക്ഷേപങ്ങള്‍ ആണ് മന്ത്രി വീണാ ജോര്‍ജിനെതിരെ ഉന്നയിക്കുന്നത്. അതില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.
മുന്‍ മന്ത്രിമാര്‍ ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ദാരുണമായ ഒരു സംഭവത്തെ അപലപിക്കുകയല്ല ഇവരുടെ ലക്ഷ്യം. മറിച്ച് ആ സംഭവത്തെ ഇടതുപക്ഷത്തെ എതിര്‍ക്കാനുള്ള കാരണം ആക്കുകയാണ് പ്രതിപക്ഷം. ഏറ്റവും ദുഃഖകരമായ അന്തരീക്ഷത്തെ പോലും ആരോപണങ്ങളുടെ അന്തരീക്ഷം ആക്കി മാറ്റുന്ന ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തിയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications