അരക്ഷിതമായ ചുറ്റുപാടിലാണ് ജോലി, രാത്രി ആരുമില്ല; ചിലര്‍ മദ്യപിച്ചെത്തും, സുരക്ഷയില്ലെന്ന് ഡോ. ജാനകി
തൃശൂര്‍: ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ കേരളം ആകെ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ്. ഡോക്ടര്‍മാര്‍ക്കുള്ള സുരക്ഷ ഇതോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. നിരവധി പേര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ റാസ്പുടിന്‍ ഡാന്‍സിലൂടെ പ്രശസ്തയായ ഡോ ജാനകി ഓംകുമാര്‍.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍ കൂടിയാണ് ഇവര്‍. ആശുപത്രികളിലെ സുരക്ഷാ സാഹചര്യം അത്ര മെച്ചപ്പെട്ട നിലയില്‍ അല്ല എന്നാണ് ഇവര്‍ പറയുന്നത്. രാത്രിയിലൊക്കെ വളരെ ഭയത്തോടെയാണ് ജോലിയെടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

image credit: janaki omkumar instagram
എന്നെ പോലെ ജൂനിയറായിട്ടുള്ള ഡോക്ടര്‍ വന്ദന ദാസാണ് ഇന്നലെ കൊട്ടാരക്കര താലുക്കാശുപത്രിയില്‍ വെച്ച് കൊല്ലപ്പെടുത്തി. ചികിത്സാ ഉപകരണങ്ങളായിരുന്നു അതിനായി അയാള്‍ ഉപയോഗിച്ചത്. ഞങ്ങള്‍ ഡോക്ടര്‍മാര്‍ എത്രത്തോളം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന് എല്ലാവരും മനസ്സിലാക്കണം.
നൈറ്റ് ഡ്യൂട്ടികളിലെല്ലാം പലയിടത്തും ഡോക്ടര്‍മാര്‍ ഒറ്റയ്ക്കായിരിക്കും. വനിതാ ആരോഗ്യ പ്രവര്‍ത്തകരും ഒറ്റയ്ക്കായിരിക്കും. ഈ സമയത്ത് ഒന്ന് ഉച്ചത്തില്‍ അലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ ആരുമുണ്ടാവാല്ല. നഴ്‌സിംഗ് സ്റ്റാഫോ, അറ്റന്‍ഡറോ, സെക്യൂരിറ്റി സ്റ്റാഫോ ആ സമയം വരാറില്ലെന്നും ജാനകി പറയുന്നു. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്ക് പോകുന്നത്, അവിടെ വരുന്ന രോഗികള്‍ക്ക് ഞങ്ങള്‍ ഉണ്ടാവണമെന്ന നിര്‍ബന്ധമുള്ളത് കൊണ്ടാണെന്നും ജാനകി പറഞ്ഞു.
നൈറ്റ് ഷിഫ്റ്റുകളിലൊക്കെ ആരെങ്കിലും കയറി വന്ന്, എന്തെങ്കിലും ചെയ്താല്‍, നമുക്കൊന്നും ചെയ്യാന്‍ പോലും പറ്റില്ല. രാത്രി തിരക്കൊഴിയുന്ന സമയം വരാറുണ്ട്. പക്ഷേ ടേബിളില്‍ തലവെച്ച് കിടക്കാന്‍ പോലും ഭയമാണ്. എന്തെങ്കിലും സംഭവിച്ചാല്‍ ആരും അവിടെയുണ്ടാവില്ല. വനിതാ ഡോക്ടര്‍മാര്‍ രാത്രി വലിയ പ്രതിസന്ധികളാണ് നേരിടുന്നത്.
നിരവധി രോഗികള്‍ രാത്രി മദ്യപിച്ച് എത്താറുണ്ട്. അത്തരത്തില്‍ പലരീതിയിലുള്ള അനുഭവങ്ങളാണ് ഉണ്ടാവുന്നത്. രോഗികളുടെ ആരോഗ്യ അത്രത്തോളം പ്രധാനപ്പെട്ടായത് കൊണ്ടാണ് ഞങ്ങളെല്ലാം ഇത്ര ഭയപ്പെട്ടിട്ടും ജോലിയെടുക്കുന്നതെന്നും ജാനകി വ്യക്തമാക്കി. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട അടിസ്ഥാനപരമായ കാര്യമാണെന്നും അവര്‍ പറയുന്നു.
ഭയന്ന് ജോലിക്ക് പോകുന്ന അവസ്ഥയൊന്ന് ആലോചിച്ച് നോക്കൂ. സ്‌കൂളിലെ ഒരു അധ്യാപകനാണ് നിങ്ങളെന്ന് കരുതുക. അവിടേക്ക് നിങ്ങള്‍ പോകുമ്പോള്‍ കുട്ടികള്‍ നിങ്ങളെ അടിക്കുന്നുവെന്ന് കരുതുക. അവരെ പേടിച്ച് ജോലിക്ക് പോകുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ച് നോക്കൂ. അതേ അവസ്ഥ തന്നെയാണ് ഡോക്ടര്‍മാരും നേരിടുന്നത്.
ചികിത്സയ്ക്കായി വരുന്ന രോഗി മദ്യപിച്ചതാണോ, പ്രതിയാണോ, മാനസിക പ്രശ്‌നങ്ങള്‍ ഉള്ളയാളാണോ എന്നൊന്നും നോക്കാറില്ല. അവരെല്ലാം ഞങ്ങള്‍ക്ക് രോഗികളാണ്. അവരെ ചികിത്സിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെലക്ഷ്യം. ഇതിനിടയിലാണ് അടിയേല്‍ക്കുന്നതും, ചീത്തവിളി കേള്‍ക്കുന്നതുമെന്നും ജാനകി പറയുന്നു.
സാധാരണ മനുഷ്യരാണ് ഞങ്ങള്‍. അടിയേറ്റാല്‍ വേദനിക്കും. ഞങ്ങള്‍ക്കും വീട്ടില്‍ അച്ഛനും അമ്മയുമെല്ലാം കാത്തിരിക്കുന്നുണ്ട്. ഞാന്‍ ഒറ്റമകളാണ്. എന്നെ പോലെ തന്നെയാണ് വന്ദനയും. രാത്രി ഡ്യൂട്ടിക്ക് പോവുകയാണെന്ന് വന്ദന വീട്ടില്‍ വിളിച്ച് പറഞ്ഞു കാണും. എന്നാല്‍ രാവിലെ വെള്ളത്തുണിയില്‍ പൊതിഞ്ഞുകെട്ടി വീട്ടിലെത്തുന്ന അവസ്ഥ എല്ലാവരും ഒന്ന് ആലോചിച്ച് നോക്കണം.
നിങ്ങളെ ശുശ്രൂഷിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ജീവനും ആരോഗ്യവും ബാക്കിയുണ്ടാവണം. ഇക്കാര്യത്തില്‍ എല്ലാവരും കൂടെയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും ജാനകി പറഞ്ഞു.












Click it and Unblock the Notifications