'പരാതിക്കാരി പ്രതിരോധത്തിലാകും, പലരുടെയും മുഖങ്ങള്‍ വികൃതമാകും'; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു സി സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ ഡബ്ല്യു സി സിയും രംഗത്തെത്തി. മന്ത്രി പി രാജീവിന്റെ പ്രതികരണം അപ്രതീക്ഷിതവും തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും ഡബ്ല്യു സി സി അംഗം ദീദി ദാമോദരന്‍ പറഞ്ഞു.

മന്ത്രി പരാമര്‍ശത്തിന് പിന്നാലെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ പ്രതിരോധത്തിലാകുന്നത് പരാതിക്കാരി തന്നെയായിരിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ല്യു സി സി അംഗങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് മന്ത്രിയോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതേ ഡബ്ല്യു സി സി തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പലരുടെയും മുഖങ്ങള്‍ വികൃതമാകുമെങ്കിലും സമൂഹത്തിന്റെ മനോഭാവം അനുസരിച്ച് അത് താല്‍ക്കാലികം മാത്രമാണ്. ആണ്‍ അല്ലെങ്കില്‍ സൂപ്പര്‍ ഹീറോ എന്ന് പറയുന്ന എല്ലാവരെയും കാലക്രമേണ ഒരു സിനിമയോ കഥാപാത്രമോ കണ്ടാല്‍ മറക്കുന്ന സമൂഹമാണ് ഇവിടെയെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

അതേസമയം, മന്ത്രി രാജീവിന്റെ പ്രസ്താവന ഡബ്ല്യു സി സിയെ വെട്ടിലാക്കുന്നതായിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി വിശദീകരണം അറിയിച്ചത് കുറിപ്പ് ഇങ്ങനെ, കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പോയപ്പോള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

ഒരു മണിക്കൂറിലധികം നീണ്ട ഗൗരവമായ ആശയസംവാദമായിരുന്നു അത്. ഇന്നത്തെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ഒരു മുഴു പേജില്‍ അത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരാനുള്ള സാധ്യതകള്‍ വിശദീകരിക്കാനാണ് ശ്രമിച്ചത്. ചിലതെല്ലാം പുതിയ കാര്യങ്ങളാണ്. എന്നാല്‍, ഭൂരിപക്ഷം മലയാള ചാനലുകളും അത് കണ്ടതേയില്ല.

പകരം ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരം വിവാദമാക്കാന്‍ ശ്രമിച്ചു. ഇത് ജനുവരി 21 ന് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയായിരുന്നു. അന്ന് അത് നല്‍കിയവര്‍ തന്നെ പുതിയ കാര്യമെന്ന മട്ടില്‍ വാര്‍ത്തകള്‍ നല്‍കാന്‍ തുടങ്ങി. മലയാള സിനിമയുമായി ബന്ധപ്പെട്ട രണ്ടു ചോദ്യങ്ങളും മറുപടിയും ഇതോടൊപ്പം നല്‍കുന്നു.

ഡബ്ല്യു സി സി ജനുവരിയില്‍ നല്‍കിയ കത്തിന്റെ കോപ്പി ഇപ്പോള്‍ അവരുടെ ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് അതിലും റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സംക്ഷിപ്ത രൂപത്തോടൊപ്പം ശുപാര്‍ശകള്‍ പ്രസിദ്ധപ്പെടുത്തി നടപടികള്‍ ആരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അന്ന് അവര്‍ തന്നെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും വ്യക്തമാണ്. വിവാദങ്ങള്‍ക്ക് അപ്പുറത്ത് അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് അവരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്. കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസ്‌കാരിക മന്ത്രി തന്നെ നിയമസഭയില്‍ വ്യകതമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്.

എല്ലാ സ്റ്റേക്ക് ഹോള്‍ഡേഴ്‌സുമായി ചര്‍ച്ച ചെയ്യണമെന്ന ഡബ്ല്യു സി സി യുടെ ആവശ്യം കൂടി പരിഗണിച്ച് മെയ് 4ന് മന്ത്രി ചര്‍ച്ചയും നടത്തുന്നുണ്ട്. ഇതിനൊന്നും പരിഹാരം ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമായിരിക്കും വിവാദങ്ങള്‍ ആഗ്രഹിക്കുന്നത് ഈ മറുപടിയില്‍ വ്യക്തമാക്കുന്നത് പോലെ ശക്തമായ നടപടികളാണ് ഇത്തരം പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ദിലീപ് വിഷയത്തിന് മുന്നേ പ്രശ്‌നങ്ങള്‍, തുറന്ന് പറഞ്ഞാല്‍ തെറിവിളി;സിനിമ സുരക്ഷിതമല്ലെന്ന് സാന്ദ്ര