ദുല്‍ഖർ സല്‍മാനെക്കുറിച്ച് അന്ന് തിലകന്‍ പറഞ്ഞ ആ കാര്യം; ഓർമ്മപ്പെടുത്തലുമായി ഷോബി തിലകന്‍
ഹേമ കമ്മിറ്റി റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന മറ്റ് വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ അന്തരിച്ച പ്രമുഖ നടന്‍ തിലകന്‍ പറഞ്ഞ പല വാക്കുകളും ഒരിക്കല്‍ കൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമ ലോകത്ത് നിലനില്‍ക്കുന്ന പ്രശനങ്ങളെക്കുറിച്ചാണ് പ്രധാനമായും തിലകന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം തന്നെ ചില നടന്മാരെക്കുറിച്ച് അദ്ദേഹം പറഞ്ഞ നല്ല വാക്കുകളും ഇത്തരത്തില്‍ വീണ്ടും ഉയർന്ന് വരുന്നുണ്ട്.
ദുല്‍ഖർ സല്‍മാന്‍ മലയാള സിനിമയിലെ നല്ലൊരു നടനായി തീരുമെന്ന് അന്ന് തന്നെ തിലകന്‍ പറഞ്ഞ് വെച്ചിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ മകനും നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷോബി തിലകനും സംസാരിക്കുകയാണ് ഇപ്പോള്‍. ജിഞ്ചർ മീഡിയ എന്റർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നടനെക്കുറിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു കലാകാരനെക്കുറിച്ചോ കൊള്ളാമെന്നോ ഇല്ലെന്നോ പറയുന്ന ഒരു സ്വഭാവം അച്ഛന് കുറവാണ്. എന്റെ കാര്യം തന്നെ പറയുകയാണെങ്കില്‍, എനിക്ക് ആദ്യം അവാർഡ് ലഭിക്കുന്നത് പഴശ്ശിരാജ എന്ന ചിത്രത്തിനാണ്. അതേ സിനിമയില്‍ തന്നെ അച്ഛനും അഭിനയിച്ചിട്ടുണ്ട്. ഒരു മകന് അവാർഡ് കിട്ടിയാല്‍ ആ കുടുംബത്തിലെ പ്രതികരണം എന്തായിരിക്കും. അവർ അത് വന്‍ ആഘോഷമാക്കി മാറ്റും.
എന്നാല്‍ എന്റെ കാര്യത്തില്‍ എനിക്ക് അവാർഡ് ലഭിച്ച കാര്യം ഞാന്‍ അങ്ങോട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. "ആ" എന്നൊരു മറുപടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാധാരണ അച്ഛന്മാരെപ്പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ മറുപടി. പക്ഷെ എനിക്ക് ആ മറുപടി മതിയായിരുന്നു. അച്ഛന്‍ ഒരിക്കലും മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് നമ്മളെ അഭിനന്ദിച്ച് പറയില്ല. ഞാന്‍ അഹങ്കരിച്ച് പോയാലോ എന്നതാണ് അതിന്റെ കാരണം. പക്ഷെ ഞാനില്ലാത്ത സ്ഥലത്താണെങ്കില്‍ എന്നെക്കുറിച്ച് പറയും.
പഴശ്ശിരാജ എന്ന സിനിമയില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തിന് എന്നെ കൊണ്ട് ഡബ്ബ് ചെയ്യിക്കാനായി ഹരിഹരന്‍ സാറിന് ഒരു ഉറപ്പ് കൊടുത്തത് അച്ഛനാണ്. മങ്കൊമ്പ് ഗോപാലകൃഷ്ണ സാറാണ് എന്നെ സജസ്റ്റ് ചെയ്യുന്നതെങ്കിലും ഹരിഹരന്‍ സാറിന് ഒരു സംശയം ബാക്കിയുണ്ടായിരുന്നു. അപ്പോഴാണ് അച്ഛന്റെ ഡബ്ബിങ്ങിന് എത്തുന്നത്.
ഷോബിയെ കൊണ്ട് ശരത് കുമാറിന് ഡബ്ബ് ചെയ്യിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത് ഹരിഹരന്‍ സാറിനോട് പറഞ്ഞപ്പോള്‍ 'അവന്‍ അത് ചെയ്യും, കറക്ടായിരിക്കും' എന്നായിരുന്നു അച്ഛന്റെ മറുപടി. ആ മറുപടിയിലൂടെയാണ് എനിക്ക് അവസരവും തുടർന്ന് അവാർഡും ലഭിക്കുന്നത്. ആ സാഹചര്യത്തില്‍ അച്ഛന്‍ ആ എന്ന് മൂളുകയും വേണ്ടതില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും ഷോബി തിലകന്‍ പറയുന്നത്.
ഒരു ആളെക്കുറിച്ച് പറയാന്‍ മടിയുള്ള കൂട്ടത്തിലാണ് അച്ഛന്‍ എന്നാണ് പറഞ്ഞ് വരുന്നത്. ഉസ്താദ് ഹോട്ടലിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഞാനും അച്ഛനും കൂടെ റിയാദില്‍ ഒരു പരിപാടിക്ക് വേണ്ടി പോകുന്നത്. വിമാനത്തില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ചുമ്മാ അച്ഛനോട് ദുല്‍ഖർ എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. " ആ അവന്‍ കുഴപ്പമില്ല. അവന്റെ പ്രായം വെച്ച് നോക്കുമ്പോള്‍, അവന്‍ നന്നായിട്ട് ചെയ്യുന്നുണ്ട്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അച്ഛന്റെ ഭാഗത്ത് നിന്നും അത്തരമൊരു മറപുടി വരണമെങ്കില്‍ കുറച്ച് പാടാണ്. അത്രമാത്രം എക്സ്ട്രാ ഓർഡിനറി പെർഫോം ചെയ്ത ആളുടെ കാര്യത്തിലെ. അദ്ദേഹം അങ്ങനെ ഒരു കാര്യം പറയുകയുള്ളു. അതായത് പുള്ളിക്ക് അദ്ദേഹത്തില്‍ അത്രമാത്രം വിശ്വാസം ഉണ്ടായിരിക്കണം. ദുല്‍ഖർ അദ്ദേഹത്തെ ഉപ്പൂപ്പാ എന്ന് വിളിക്കുന്നതിലൊക്കെ വലിയ ഇന്റിമസി ഫീല്‍ ചെയ്യുന്നുണ്ട്. അതാണ് അതിന്റെ ഏറ്റവും വലിയ വിജയം.
അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹത്തെ ആ വേഷത്തിലേക്ക് ഇട്ടതെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ തിലകന്റെ മകനാണല്ലോ, അപ്പോള്‍ നമുക്ക് തന്നെ അസൂയ തോന്നിപ്പോകും. അത്രയ്ക്ക് നന്നായി അവർ ഇഴുകി ചേർന്ന് അഭിനയിച്ചിട്ടുണ്ട്. ആ ഒരു കെമിസ്ട്രി വർക്കൌട്ട് ആകുക എന്ന് പറയുന്നത് വലിയ കാര്യമാണ്. എല്ലാവരോടുമായും അത് സാധ്യമായി എന്ന് വരില്ലെന്നും ഷോബി തിലകന്‍ പറയുന്നു.












Click it and Unblock the Notifications