സ്വാതന്ത്ര്യസമര ചരിത്രം വളച്ചൊടിക്കാൻ കേന്ദ്ര സർക്കാർ ശ്രമം, വിമർശനം ഉയർത്തി ഡിവൈഎഫ്ഐ
തിരുവനന്തപുരം: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളള മലബാർ കലാപത്തിലെ നേതാക്കളെ സ്വാതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് ഒഴിവാക്കുന്നതിന് എതിരെ യുവജന സംഘടനകൾ രംഗത്ത്. ഡിവൈഎഫ്ഐയും എഐവൈഎഫുമാണ് വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മലബാര്‍ സമര നേതാക്കളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ എന്നിവരുള്‍പ്പെടെ 387 പോരാളികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് നീക്കംചെയ്യാനുള്ള ശുപാര്‍ശ ചരിത്രത്തോടുള്ള അനീതിയാണ് എന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
സ്വാതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് 1921 ലെ മലബാർ സമരവുമായി ബന്ധപ്പെട്ട പോരാളികളുടെ പേരുകൾ നീക്കം ചെയ്യാനുള്ള ശ്രമം അപലപനീയമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസർച്ചിനെ ഉപയോഗിച്ച് സ്വാതന്ത്ര്യസമര ചരിത്രം വളച്ചൊടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
''ബ്രിട്ടീഷ് ആധിപത്യവും ജാതി-ജന്മിത്ത ചൂഷണവും ഇല്ലാതാക്കി സ്വതന്ത്രജീവിതം സാധ്യമാക്കുകയായിരുന്നു 1921ലെ മലബാര്‍ സമരത്തിന്റെ ലക്ഷ്യം. അതിന് നേതൃത്വം നല്‍കിയ മനുഷ്യസ്നേഹിയായിരുന്നു വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന ഐസിഎച്ച്ആര്‍ മൂന്നംഗസമിതിയുടെ നിരീക്ഷണവും മതപരിവര്‍ത്തനമായിരുന്നു ലക്ഷ്യമെന്നും ദേശീയത ഉള്ളടക്കമല്ലായിരുന്നുവെന്ന റിപ്പോർട്ടിലെ പ്രഖ്യാപനവും ചരിത്രത്തെ ഒറ്റുകൊടുക്കലാണ്. ബ്രിട്ടീഷുകാരോട് മാപ്പ് പറയാൻ വിസമ്മതിക്കുകയും രക്തസാക്ഷിത്വം തിരഞ്ഞെടുക്കുകയും ചെയ്ത യോദ്ധാവാണ് ഹാജി''.

''സമരകാലത്ത് അറസ്റ്റിലായവരുടെ മേല്‍ ചുമത്തിയ കുറ്റം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നതാണ്. ഇതിന് ബ്രിട്ടീഷ് അധികാരികളുടെതന്നെ രേഖകള്‍ തെളിവാണ്. പ്രത്യേക കോടതികള്‍ സ്ഥാപിച്ച് വിചാരണയ്ക്കുശേഷമാണ് സമര നേതാക്കളെ അറസ്റ്റ് ചെയ്തതും വധശിക്ഷ നടപ്പാക്കിയതും. അത് മാനിക്കാതെ സാമുദായിക കലാപം മാത്രമാക്കി മലബാര്‍ സമരത്തെ ചിത്രീകരിക്കുന്നത് ചരിത്രത്തെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്''. മോദി സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണെന്നും ചരിത്രം തിരുത്താനും മലബാർ കലാപത്തിലെ രക്തസാക്ഷികളെ ചരിത്ര പുസ്തകത്തിൽ നിന്നും ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കവും പ്രതിഷേധാർഹമാണെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി കേരളത്തിൽ നടന്ന പ്രക്ഷോഭങ്ങളിൽ പ്രധാനപ്പെട്ടതാണ് മലബാർ കലാപം. ബ്രിട്ടീഷുകാർ സമരത്തെ അടിച്ചമർത്താൻ പല വഴികളും സ്വീകരിച്ചിരുന്നു. വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷക്ക് വിധിച്ചവരാണ്. അവർ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികൾ തന്നെയാണ്. ഇവരുൾപ്പടെ 387 പേരെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഐ സി എച്ച് ആർ നീക്കം സംഘ പരിവാറിന്റെ രാഷ്ട്രീയതാൽപര്യം മുൻനിറുത്തിയാണ്. ഇത് ചരിത്ര നിഷേധവും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലുമാണ്.
അച്ഛനൊപ്പം നിറഞ്ഞ് ചിരിച്ച് മീനാക്ഷി, ഒപ്പം അനിയത്തിയും കാവ്യയും, ദിലീപിന്റെ കുടുംബചിത്രം വൈറൽ
ബ്രിട്ടീഷുകാർക്കെതിരായ സമരം ചില ഘട്ടങ്ങളിൽ വഴി മാറിയിട്ടുണ്ടാകാം. എന്നാൽ ആത്യന്തികമായി പ്രക്ഷോഭകാരികളുടെ ലക്ഷ്യം ബ്രിട്ടീഷ് മേൽക്കോയ്മ അവസാനിപ്പിക്കുകയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും ആയിരുന്നു. ഈ ചരിത്ര യാഥാർത്ഥ്യങ്ങളെ തമസ്ക്കരിച്ച് ചരിത്രത്തെ സംഘ പരിവാറിന് അനുകൂലമായി വളച്ചൊടിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ആർഎസ് എസിന്റെ ചരിത്രത്തെ വെള്ളപൂശാനുള്ളശ്രമം നാട് തിരിച്ചറിയും. സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.












Click it and Unblock the Notifications