'അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇഡി എഴുതി നല്‍കി; പുറത്തുവന്നത് ആര്‍എസ്എസ് തിരക്കഥ'
കോഴിക്കോട്: ആര്‍എസ്എസിനും ബിജെപിക്കും വേണ്ടി ഇഡി പ്രവര്‍ത്തിക്കുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. സംഘടനാ പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റെയ്ഡ് നടത്തി തിരിച്ചുപോകുമ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല എന്ന് രേഖാമൂലം എഴുതി തന്നെ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് വാര്‍ത്താക്കുറിപ്പില്‍ തെറ്റായ കാര്യങ്ങളാണ് പുറത്തുവിട്ടതെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും പടച്ചുവിടുന്ന നുണകള്‍ ഔദ്യോഗികമായി പറയുന്ന ഏജന്‍സിയായി ഇഡി മാറി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷ്റഫിന്റെയും മറ്റു രണ്ടു പ്രവര്‍ത്തകരുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇല്ലാത്ത കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് 2018 മുതല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോപുലര്‍ ഫ്രണ്ടിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ, കുറ്റകൃത്യങ്ങളോ കണ്ടെത്താന്‍ ഇഡിക്ക് സാധിച്ചിട്ടില്ല.

അതേസമയം ആര്‍എസ്എസും ബിജെപിയും നയിക്കുന്ന ഭരണകൂടത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി ഇഡി നിരന്തരം സംഘടനയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം നടന്ന റെയ്ഡിലും ഇഡിക്ക് സംഘടനയ്‌ക്കെതിരായ എന്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിലുള്ള ജാള്യത മറച്ചുവയ്ക്കാനാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. റെയ്ഡ് നടത്തിയ ശേഷം ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അവിടെനിന്നും കണ്ടെത്തിയ കാര്യങ്ങളെ സംബന്ധിച്ച് രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായതോ ഏതെങ്കിലും നിലക്കുള്ള ക്രമക്കേടുകളോ കണ്ടെത്താനായില്ല എന്ന് അവര്‍ തന്നെ നല്‍കിയ രേഖയില്‍ പറയുന്നു. എന്നാല്‍ പരിശോധന കഴിഞ്ഞ് നാലാം ദിവസം ഇഡിയുടേതായി വന്ന വാര്‍ത്താക്കുറിപ്പ് കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.
പോപുലര്‍ ഫ്രണ്ട് ബാര്‍ ഹോട്ടല്‍ നടത്തുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു, വിദേശപണം കൈകാര്യം ചെയ്യുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഇഡി പറയുന്നത്. ഈ ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ഇഡിക്ക് ബാധ്യതയുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക അന്വേഷണ ഏജന്‍സി എന്ന നിലക്ക് ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ സാമാന്യ മര്യാദ പുലര്‍ത്തണം. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നിരന്തരം തടസ്സപ്പെടുത്തുക എന്ന ഫാഷിസ്റ്റ്-ഭരണകൂട അജണ്ടയാണ് ഇതിന് പിന്നില്‍. ഈ നടപടി സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. സര്‍ക്കാര്‍ ഏജന്‍സികളിലുള്ള പൗരന്‍മാരുടെ വിശ്വാസം തകര്‍ക്കാന്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാരണമാവും.
സംഘടനയ്ക്കെതിരേ ഏതാനും വര്‍ഷങ്ങളായി ഇഡി നടത്തുന്ന നിയമവിരുദ്ധ നടപടികളെയും പകപോക്കലിനെയും പോപുലര്‍ ഫ്രണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കോടതി കേസ് പരിഗണിച്ചപ്പോള്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇഡി നാലാഴ്ചത്തെ സമയം തേടി. ഇതിനു പിന്നാലെയാണ് ഇഡിയുടെ റെയ്ഡ് അരങ്ങേറിയത്. മുസ്ലിം ബിസിനസുകാരെ വേട്ടയാടാന്‍ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ബിസിനസുകള്‍ക്ക് പിന്നാലെ പോകുന്നത്.
അടിസ്ഥാന മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയത്. പ്രായമായ കുടുംബാംഗങ്ങളെ അത് പ്രയാസത്തിലും ഭീതിയിലുമാഴ്ത്തി. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം കയറിയത്. ഈഡിയുടെ ഈ നിയമ ലംഘനങ്ങള്‍ മറച്ചുവെക്കാനാണ് ഇപ്പോള്‍ നിരപരാധികള്‍ക്കെതിരെ കള്ളപ്പണത്തിന്റെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണ്. ഇഡിയുടെയും മറ്റ് ഏജന്‍സികളുടെയും നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങള്‍ തുടരുമെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications